വേണാടും വള്ളുവനാടും ഏറനാടും അറക്കലും... എയർ ഇന്ത്യയുടെ ഇന്നവേഷൻ കേന്ദ്രത്തിന് കേരളീയ രാജവംശങ്ങളുടെ പേര്

Mail This Article
കൊച്ചി∙ നിർമിത ബുദ്ധി ഉപയോഗിച്ച് യാത്രക്കാർക്ക് ലോകോത്തര സേവനം നൽകാൻ എയർ ഇന്ത്യയ്ക്കു കഴിയണമെന്ന് ടാറ്റാ ഗ്രൂപ്പിന്റെയും എയർ ഇന്ത്യയുടെയും ചെയർമാൻ എൻ.ചന്ദ്രശേഖരൻ. കമ്പനിയുടെ ഇനിയുള്ള പ്രവർത്തനങ്ങളിൽ എഐ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ സേവനങ്ങൾക്കു രൂപം നൽകാനുള്ള കോഡ് ഐ കേന്ദ്രം (സെന്റർ ഓഫ് ഡിജിറ്റൽ ഇന്നവേഷൻ) ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിലെ കാസ്പിയൻ ടെക് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടാറ്റാ ഗ്രൂപ്പ് ചെയർമാൻ.
എയർ ഇന്ത്യ ഉപയോക്താക്കളുടെ ഏത് ആവശ്യവും നിർവഹിക്കാൻ കഴിയുംവിധം കോഡ് ഐ സേവനങ്ങൾ എഐ സഹായത്തോടെ രൂപകൽപന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാസ്പിയൻ ടവറിൽ 9 നിലകളിലായാണ് കോഡ് ഐ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഓരോ നിലയ്ക്കും പേര് കേരളത്തിലെ ഓരോ രാജവംശങ്ങളെ ആധാരമാക്കിയാണ്. വേണാട്, തിരുവിതാംകൂർ, കൊച്ചി, വള്ളുവനാട്, ഏറനാട്, കോഴിക്കോട്, അറക്കൽ, കോട്ടയം, ചിറക്കൽ എന്നിങ്ങനെയാണു പേരുകൾ. എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംപെൽ വിൽസൻ, ചീഫ് ഡിജിറ്റൽ ഓഫിസർ സത്യ രാമസ്വാമി, ഗവേണൻസ് മേധാവി പി.ബാലാജി തുടങ്ങിയവർ പങ്കെടുത്തു