നീണ്ട ബഹിരാകാശവാസത്തിന് ശേഷം 45 ദിവസത്തെ പുനരധിവാസ ചികിത്സ; എന്തൊക്കെയെന്ന് അറിയാം

Mail This Article
നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) താമസിച്ചതിന് ശേഷം ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ 45 ദിവസത്തെ പുനരധിവാസ പരിപാടി ആരംഭിച്ചു. സ്‌പെയ്സ് എക്‌സിന്റെ ക്രൂ-9 ദൗത്യത്തിൽ ബുധനാഴ്ച (ഇന്ത്യൻ സമയം 3യ40ന്) പുലർച്ചെ ഫ്ലോറിഡ തീരത്ത് ഇരുവരും ഇറങ്ങി.
നാസയുടെ ആസ്ട്രോനോട്ട് സ്ട്രെങ്ത്, കണ്ടീഷനിങ്, ആൻഡ് റീഹാബിലിറ്റേഷൻ (എഎസ്‌സിആർ) വിദഗ്ധർ രൂപകൽപ്പന ചെയ്ത പുനരധിവാസ പരിപാടിയിൽ ദിനേനയുള്ള മെഡിക്കൽ ടെസ്റ്റുകളും പേശികളുടെ ശക്തിപ്പെടുത്തലുകളും രണ്ട് മണിക്കൂർ ദൈനംദിന സെഷനുകൾ ഉൾപ്പെടുന്നു.
ദീർഘകാല ഭാരമില്ലായ്മയുടെ ഫലങ്ങളായ പേശികളുടെ ശോഷണം, ദ്രാവക മാറ്റങ്ങൾ, എല്ലുകളുടെ സാന്ദ്രത കുറയൽ എന്നിവ പരിഹരിക്കാനും ശരീരത്തിന് ശക്തിയും സന്തുലിതാവസ്ഥയും വീണ്ടെടുക്കാൻ സഹായിക്കുക എന്നിവ പരിഹരിക്കുന്ന മൂന്ന് ഘട്ടങ്ങളിലായാണ് ഈ പ്രക്രിയ നടക്കുന്നത്.

സർട്ടിഫൈഡ് പ്രഫഷണലുകൾ, അത്‌ലറ്റിക് പരിശീലകർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങുന്ന സംഘം ബഹിരാകാശയാത്രികരുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ പരിശീലനം നൽകുന്നു.
ദൗത്യവും പ്രവർത്തനങ്ങളും:
ബഹിരാകാശയാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ എന്നിവ ഉറപ്പുവരുത്തുകയാണ് എഎസ്‌സിആർ ടീമിന്റെ പ്രധാന ദൗത്യം. ബഹിരാകാശയാത്രയ്ക്ക് മുൻപും യാത്രയ്ക്കിടയിലും യാത്രയ്ക്ക് ശേഷവും ബഹിരാകാശയാത്രികരുടെ ശാരീരിക-മാനസിക ആരോഗ്യത്തിനുള്ള പിന്തുണ നൽകുന്നു.
നാസ ഫ്ലൈറ്റ് സർജൻസ്, ബിഹേവിയറൽ ഹെൽത്ത് ആൻഡ് പെർഫോമൻസ്, ന്യൂട്രീഷൻ, ബയോമെഡിക്കൽ റിസർച്ച് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.