പരിമിത വെടിനിർത്തൽ: സെലെൻസ്കിയുമായും ട്രംപിന്റെ ഫോൺചർച്ച

Mail This Article
കീവ് ∙ യുക്രെയ്നിന്റെ ഊർജനിലയങ്ങൾ ആക്രമിക്കുന്നതു തൽക്കാലത്തേക്കു നിർത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ ചർച്ചയിൽ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സമ്മതിച്ചതിനുപിന്നാലെ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും ട്രംപ് ഫോണിൽ സംസാരിച്ചു. പുട്ടിൻ വാഗ്ദാനം ചെയ്ത നടപടികളാണു ചർച്ച ചെയ്തത്. സംഭാഷണം ഒരു മണിക്കൂറോളം നീണ്ടു.
കഴിഞ്ഞദിവസം യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽപദ്ധതി അംഗീകരിക്കാൻ പുട്ടിൻ തയാറായില്ല. പകരം പരിമിത വെടിനിർത്തലിനു സമ്മതിച്ചു. ഇത് സമാധാനപാതയിലെ ആദ്യചുവടായി യുഎസ് വിലയിരുത്തുന്നു. എന്നാൽ, ഇന്നലെയും ഇരുരാജ്യങ്ങളും പരസ്പരം ഡ്രോൺ ആക്രമണം തുടർന്നു. പുട്ടിൻ പറഞ്ഞതു നടപ്പിലാക്കുന്നുണ്ടോയെന്നു യുഎസ് നിരീക്ഷിക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു.ചർച്ചയ്ക്കു ശേഷവും റഷ്യ യുക്രെയ്നിന്റെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ടെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയുടെ 145 ഡ്രോണുകളിൽ 72 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഊർജനിലയങ്ങൾ ആക്രമിക്കുന്നതു നിർത്തിവച്ചതായി റഷ്യ പ്രതികരിച്ചു.
വെടിനിർത്തലുമായി ബന്ധപ്പെട്ടു വരുംദിവസങ്ങളിൽ റഷ്യ–യുഎസ് ഉദ്യോഗസ്ഥതല ചർച്ച റിയാദിൽ നടക്കും. അതിനിടെ, യുക്രെയ്ൻ 175 യുദ്ധത്തടവുകാരെ റഷ്യയ്ക്കു കൈമാറി. റഷ്യ 22 യുക്രെയ്ൻ തടവുകാരെയും വിട്ടയച്ചു. ക്രൈമിയയ്ക്കു പുറമേ റഷ്യ പിടിച്ചെടുത്ത യുക്രെയ്നിലെ 4 മേഖലകളും റഷ്യയുടേതായി യുഎസ് ഔദ്യോഗികമായി അംഗീകരിക്കണമെന്ന് പുട്ടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രദേശങ്ങളാണു റഷ്യ പിടിച്ചത്.