ബുച്ച് ‘വിൽ’പവർ!; ‘നാസാ’രന്ധ്രങ്ങളിൽ ജീവശ്വാസമായ് പറക്കലും ഫുട്ബോളും

Mail This Article
യുഎസിലെ ടെനിസി സാങ്കേതിക സർവകലാശാലയുടെ ഭിത്തിയിൽ ബുച്ച് വിൽമോറിന്റെ ചിത്രം പതിച്ചിരിക്കുന്നത് ബഹിരാകാശയാത്രികനായല്ല; ഫുട്ബോളറായാണ്. സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്ന നിലയിൽ ലഭിച്ച ‘ഹാൾ ഓഫ് ഫെയിം’ അംഗീകാരം. 1982 ൽ യൂണിവേഴ്സിറ്റി ടീമിന്റെ പ്രതിരോധനിരയിൽ. പിറ്റേവർഷം കാൽമുട്ടിനു പരുക്കേറ്റ് ഗാലറിവാസം. തൊട്ടടുത്തവർഷം ഗംഭീരതിരിച്ചുവരവിൽ ക്യാപ്റ്റനായി കൈവരിച്ച നേട്ടം സർവകലാശാലയുടെ ചുമരിൽ എഴുതി വച്ചിരിക്കുന്നു. മിന്നുന്ന ‘മടങ്ങിവരവ്’ ബുച്ച് വിൽമോറിന്റെ സ്വഭാവമാണ്; അത് ഫുട്ബോളിലായാലും ബഹിരാകാശത്തുനിന്നായാലും.
-
Also Read
സുനിതയുടെ പരിശീലനം 3 ഘട്ടങ്ങളിലായി
9 മാസം നാസയുടെ ബഹിരാകാശനിലയത്തിൽ കഴിഞ്ഞശേഷം ഇന്നലെ സുനിത വില്യംസിനൊപ്പം ഭൂമിയിൽ തിരിച്ചിറങ്ങിയ ബുച്ച് വിൽമോറിന്റെ ജീവിതം സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള പാഠപുസ്തകം. ടെനിസിയിലാണ് ബാരി യൂജിൻ ബുച്ച് വിൽമോറിന്റെ (62) ജനനം. ശാസ്ത്രത്തിൽ ബിരുദവും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദവും നേടിയശേഷം യുഎസ് നാവികസേനയുടെ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ പഠനം. അങ്ങനെ, ഫുട്ബോൾ പ്രതിരോധനിരയിൽനിന്ന് അമേരിക്കൻ പ്രതിരോധസേനയിലേക്കു കുതിച്ച വിൽമോർ യുദ്ധവിമാനം പറത്തിയത് 8000 മണിക്കൂർ, 663 തവണ വിമാനവാഹിനിക്കപ്പലിൽ പോർവിമാനമിറക്കി.
2000 ഓഗസ്റ്റിലാണു ബുച്ച് വിൽമോറിനെ ബഹിരാകാശയാത്രയ്ക്കു നാസ തിരഞ്ഞെടുത്തത്. 2009ൽ എസ്ടിഎസ് ഫ്ലൈറ്റ് 129 ദൗത്യത്തിന്റെ ഭാഗമായി ആദ്യ ബഹിരാകാശ യാത്ര. 2014ൽ രണ്ടാംയാത്രയിൽ നിലയത്തിന്റെ കമാൻഡറായി. 2024 ജൂൺ അഞ്ചിനു മൂന്നാം യാത്ര സുനിത വില്യംസിനൊപ്പം. ഇന്നലെ തിരിച്ചെത്തുമ്പോൾ ആകെ 464 ദിവസം ബഹിരാകാശജീവിതം നയിച്ചതിന്റെ അനുഭവസമ്പത്ത്. ഹെലൻവുഡിൽനിന്നുള്ള ഡിയന്ന ന്യൂപോർട്ട് ആണ് ഭാര്യ. ഡാരിൻ, ലോഗൻ എന്നിവർ മക്കൾ.