സുനിതയുടെ പരിശീലനം 3 ഘട്ടങ്ങളിലായി

Mail This Article
ന്യൂയോർക്ക് ∙ ഹൂസ്റ്റണിലെ നാസയുടെ ബഹിരാകാശകേന്ദ്രത്തിലെ കരുതൽവാസത്തിൽ സുനിത വില്യംസിനു ലഭിക്കുന്നതു പ്രത്യേക പരിശീലനമാണ്. തിരികെയെത്തുന്ന എല്ലാ യാത്രികർക്കും ഇതു നൽകാറുണ്ട്. 3 ഘട്ടങ്ങളായാണു പരിശീലനം. പ്രത്യേക വൈദഗ്ധ്യം നേടിയ ആസ്ട്രനോട്ട് സ്ട്രെങ്ത്, കണ്ടിഷനിങ് ആൻഡ് റീഹാബിലിറ്റേഷൻ (എസിസിആർ) പ്രഫഷനലുകളാണ് ഈ പരിശീലനം നയിക്കുന്നത്. ആദ്യഘട്ടത്തിൽ സുഗമമായി നടക്കാനുള്ള പരിശീലനം, പേശീബലവും ശരീരത്തിന്റെ വഴക്കവും കൂട്ടാനുള്ള വ്യായാമമുറകൾ എന്നിവയുണ്ടാകും.
രണ്ടാംഘട്ടത്തിൽ ശരീരത്തിന്റെ ബാലൻസ് വീണ്ടെടുക്കൽ, ഹൃദയപേശികളുടെ സൗഖ്യം എന്നിവ ലക്ഷ്യമിട്ടുള്ള പരിശീലനമാണ്. മൂന്നാംഘട്ടമാണ് ഏറ്റവും ദൈർഘ്യമുള്ളത്. ഓരോ യാത്രികർക്കും അനുസരിച്ചാണ് ഈ പരിശീലനം ചിട്ടപ്പെടുത്തുന്നത്. യാത്രികർക്കു താൽപര്യമുള്ള കായികവിനോദങ്ങൾ തുടങ്ങിയവ ഈ ഘട്ടത്തിലുണ്ടാകും.
ബഹിരാകാശയാത്ര പുറപ്പെടുന്നതിനു മുൻപുള്ള ശാരീരിക, മാനസിക ആരോഗ്യനിലയിലേക്കു യാത്രികരെ എത്തിക്കുകയാണു ലക്ഷ്യം. ഇതിനുശേഷം ഡോക്ടറുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാം, വീട്ടിലേക്കു തിരിച്ചുപോകാം.