‘മരിക്കും മുൻപ് മറഡോണ അനുഭവിച്ചത് കഠിനവേദന’: പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മൊഴിയുമായി കോടതിയിൽ

Mail This Article
ബ്യൂനസ് ഐറിസ് ∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ മരിക്കുന്നതിന് 12 മണിക്കൂർ മുൻപു മുതൽ കഠിനവേദന അനുഭവിച്ചിരുന്നെന്ന് പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോക്ടർമാരിൽ ഒരാൾ കോടതിയിൽ വെളിപ്പെടുത്തി. ഹൃദയഘാതമായിരുന്നു മരണകാരണം. എന്നാൽ, ദിവസങ്ങൾക്കു മുൻപേ ഇതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ മറഡോണ പ്രകടിപ്പിച്ചിരുന്നുവെന്ന് ഉറപ്പുള്ളതായും മരിക്കുന്നതിന് 12 മണിക്കൂർ മുൻപു തൊട്ടെങ്കിലും കഠിന വേദന അനുഭവിച്ചിരുന്നതായും ബ്യൂനസ് ഐറിസ് സയന്റഫിക് പൊലീസ് സൂപ്രണ്ടൻസിയിലെ ഫൊറൻസിക് മെഡിസിൻ ഡയറക്ടർ കാർലോസ് കാസിനെല്ലി പറഞ്ഞു.
2020 നവംബർ 20നായിരുന്നു അറുപതുകാരൻ മറഡോണയുടെ അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം വീട്ടിൽ വിശ്രമിക്കവേയാണ് ഹൃദയാഘാതമുണ്ടായത്.
മറഡോണയെ പരിചരിച്ച വൈദ്യസംഘത്തിന്റെ പിഴവാണ് മരണകാരണമെന്ന കേസിൽ നടക്കുന്ന വിചാരണയിലാണ് കാസിനെല്ലിയുടെ മൊഴി രേഖപ്പെടുത്തിയത്. ‘ഹൃദയത്തിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. അതിൽനിറയെ രക്തത്തുള്ളികളുമുണ്ടായിരുന്നു. അദ്ദേഹം കഠിനവേദനയിലൂടെയാണ് കടന്നുപോയത് എന്നതിന്റെ തെളിവാണിത്’– കാസിനല്ലി പറഞ്ഞു.
ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും മറഡോണയ്ക്കു മതിയായ ചികിത്സയും കരുതലും നൽകിയില്ലെന്ന കുറ്റം ചുമത്തി വൈദ്യസംഘത്തിലെ 7 പേർക്കെതിരെയാണു കേസ് നടക്കുന്നത്.