വിക്കറ്റിനു പിന്നിലെ ‘ധോണിയിങ് ’: മിന്നൽ വേഗത്തിൽ 43കാരന്റെ സ്റ്റംപിങ്, ഔട്ടല്ലെന്ന ആത്മവിശ്വാസത്തിൽ സോൾട്ട്, പക്ഷേ... വിഡിയോ

Mail This Article
ചെന്നൈ∙ ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കറെ ഔട്ടാക്കാൻ ബോളർ പ്രയോഗിക്കുന്നതാണ് ‘മങ്കാദിങ്’ എങ്കിൽ ക്രീസിൽ നിന്നു കാലെടുക്കുന്ന ബാറ്ററെ മിന്നൽ വേഗത്തിൽ സ്റ്റംപ് ചെയ്യുന്നതിനെ ‘ധോണിയിങ്’ എന്നു തന്നെ വിളിക്കണം! കണ്ണടച്ചു തുറക്കുന്നതിനെക്കാൾ വേഗത്തിൽ ചലിക്കുന്ന ധോണിയുടെ കൈകൾ ഐപിഎലിൽ ഇന്നലെയും അദ്ഭുതം പ്രവർത്തിച്ചു.
ബെംഗളൂരു ഇന്നിങ്സിന്റെ 4–ാം ഓവറിൽ നൂർ അഹമ്മദിന്റെ അവസാന പന്ത് കളിക്കാൻ മുന്നോട്ടാഞ്ഞ ഫിൽ സോൾട്ടിന്റെ കാലുകൾ ക്രീസിൽ നിലത്തു തിരിച്ചെത്തും മുൻപേ പന്ത് പിടിച്ചെടുത്ത് ധോണി ബെയ്ൽസ് ഇളക്കി. മുംബൈയ്ക്കെതിരെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിനെ പുറത്താക്കിയതും സമാനമായൊരു മിന്നൽ സ്റ്റംപിങ്ങിലൂടെയായിരുന്നു. അതും അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ പന്തിൽ തന്നെ.
ഇന്നലെ ഫീൽഡ് അംപയർ തീരുമാനം തേഡ് അംപയർക്കു കൈമാറിയപ്പോഴും, താൻ ഔട്ട് അല്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു ഇംഗ്ലണ്ട് താരം സോൾട്ട്. എന്നാൽ റീപ്ലേയിൽ സോൾട്ടിന്റെ ഉയർന്നു പൊങ്ങിയ കാൽ ക്രീസിൽ തൊടുംമുൻപേ ധോണി സ്റ്റംപ് ഇളക്കിയെന്നു വ്യക്തമായതോടെ ചെപ്പോക്കിലെ ഗാലറിയിൽ ആരവം. സഹതാരങ്ങൾ അഭിനന്ദനം കൊണ്ടു മൂടിയപ്പോഴും നാൽപത്തിമൂന്നുകാരൻ ധോണി നിർവികാരനായി നിന്നു– ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ!