മുംബൈ സിറ്റിയെ ഗോൾ മഴയിൽ മുക്കി, അഞ്ചടിച്ച് ബെംഗളൂരു എഫ്സി ഐഎസ്എൽ സെമി ഫൈനലിൽ

Mail This Article
ബെംഗളൂരു∙ ഇന്ത്യന്‍ സൂപ്പർ ലീഗിന്റെ ആദ്യ പ്ലേ ഓഫിൽ മുംബൈ സിറ്റി എഫ്സിയെ ഗോൾമഴയിൽ മുക്കി ബെംഗളൂരു എഫ്സി. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് മുംബൈ സിറ്റിയെ തകർത്താണ് ബെംഗളൂരു സെമി ഫൈനലിൽ കടന്നത്. പന്തടക്കത്തിലും പാസുകളിലും മുംബൈ മുന്നിൽനിന്നെങ്കിലും ഗോളടിക്കാൻ പോന്ന ആരും മുംബൈ നിരയിൽ ഇല്ലായിരുന്നു. മറുവശത്ത് ഒൻപതാം മിനിറ്റിൽ തുടങ്ങി ഗോൾവേട്ട ബെംഗളൂരു അവസാനിപ്പിച്ചത് 83–ാം മിനിറ്റില്‍ ഹോർഹെ പെരേര ഡസിന്റെ ഗോളോടെയാണ്.
ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്കു മുന്നിലെത്തിയ ബെംഗളൂരു രണ്ടാം പകുതിയിൽ മൂന്നു തവണ കൂടി ലക്ഷ്യം കാണുകയായിരുന്നു. സുരേഷ് സിങ് വാങ്ജം (9), എഡ്ഗർ മെൻഡസ് (42, പെനാൽറ്റി), റയാൻ വില്യംസ് (62), സുനിൽ ഛേത്രി (76), ഹോർഹെ പെരേര ഡയസ് (83) എന്നിവരാണ് ബെംഗളൂരുവിന്റെ ഗോൾ സ്കോറർമാർ. ബുധനാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലിൽ എഫ്സി ഗോവയാണ് ബെംഗളൂരുവിന്റെ എതിരാളികൾ. മുംബൈ സിറ്റി ടൂർണമെന്റിൽനിന്ന് പുറത്തായി. സെമി ഫൈനലിൽ രണ്ടു പാദങ്ങളിലായാണു മത്സരങ്ങൾ നടക്കുക. ഞായറാഴ്ച നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്– ജാംഷഡ്പൂർ മത്സരത്തിലെ വിജയികളും സെമിയിൽ കടക്കും.