മെഗാസ്റ്റാർ വാർണർ ഇത്തവണ വേറെ വൈബിൽ; ഓസീസ് താരം അഭിനയിക്കുന്ന തെലുങ്കുചിത്രത്തിന്റെ റിലീസ് 28ന്

Mail This Article
ഐപിഎൽ പൂരം 22നു കൊടിയേറുമ്പോൾ മുൻ കാലങ്ങളിലെ ‘തിടമ്പേറ്റിയ കൊമ്പൻമാരിൽ’ ഒരാളായിരുന്ന ഡേവിഡ് വാർണർ വേറെ വൈബിലാണ്. ഓസ്ട്രേലിയൻ താരം വാർണർ കാമിയോ റോളിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം റോബിൻഹുഡ് 28നു റീലീസ് ചെയ്യും. വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിതിനും ശ്രീലീലയുമാണ് പ്രധാന വേഷങ്ങളിൽ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞ ദിവസം വാർണർ തന്നെയാണു റിലീസ് ചെയ്തത്.
ഐപിഎലിലെ ഇതിഹാസ താരങ്ങളിലൊരാളായ വാർണർ, ഇത്തവണ ലേലത്തിൽ ആവശ്യക്കാരില്ലാതായതോടെയാണ് കളത്തിനു പുറത്തായത്. 2014 മുതൽ 2021 വരെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർതാരമായിരുന്ന വാർണർ, ഹൈദരാബാദുകരുടെ കണ്ണിലുണ്ണിയായിരുന്നു.
തെലുങ്ക് സിനിമാഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വാർണറുടെ റീലുകൾ ആരാധക മനസ്സുകളിൽ ഇടംനേടിയിരുന്നു. 2016ൽ ഹൈദരാബാദ് കിരീടം നേടുമ്പോൾ ടോപ് സ്കോറർ വാർണറായിരുന്നു.