കഴിവില്ലെങ്കിലും, കാശുണ്ടെങ്കിൽ അമേരിക്കൻ പൗരത്വം, ട്രംപിന്റെ 'ഗോൾഡ് കാർഡ്' കൈവിട്ട കളിയാകുമോ?

Mail This Article
കുടിയേറ്റക്കാർക്കായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച "ഗോൾഡ് കാർഡ്" കൈവിട്ട കളിയാകുമോ? 50 ലക്ഷം ഡോളറിന് വിൽക്കുന്ന ഈ കാർഡുകൾ അമേരിക്കയിലേക്ക് കുടിയേറി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് നൽകുമെന്നാണ് ട്രംപ് പറയുന്നത്.
യുഎസ് പ്രസിഡന്റിന്റെ അഭിപ്രായത്തിൽ ഗോൾഡ് കാർഡ്, ഗ്രീൻ കാർഡിന്റെ 'പ്രീമിയം പതിപ്പ്' ആയിരിക്കുമെന്നും കുടിയേറ്റക്കാർക്ക് പൗരത്വത്തിലേക്കുള്ള വഴി വാഗ്ദാനം ചെയ്യുമെന്നുമാണ്.

യുഎസ് ബിസിനസുകളിൽ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന വിദേശികൾക്ക് "ഗ്രീൻ കാർഡ്" അനുവദിക്കുന്ന "ഇബി -5" കുടിയേറ്റ നിക്ഷേപക വിസ പ്രോഗ്രാം മാറ്റാനാണ് ട്രംപ് ഒരുങ്ങുന്നത്. "ഗോൾഡ് കാർഡ് വഴി എത്തുന്നവർ ധാരാളം പണം ചെലവഴിക്കുകയും, കൂടുതൽ നികുതികൾ നൽകുകയും, കൂടുതൽ ആളുകളെ ജോലിക്കെടുക്കുകയും ചെയ്യുന്നത് വിജയകരമാകുമെന്ന് ഞങ്ങൾ കരുതുന്നു" വെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യക്കാർക്ക് തിരിച്ചടി
സമ്പന്നരായ കുടിയേറ്റക്കാർക്കായി ഗോൾഡ് കാർഡ് നിക്ഷേപക വിസ പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ഈ പ്രഖ്യാപനം, ഇബി-5 വിസ റൂട്ട് വഴി യുഎസ് ഗ്രീൻ കാർഡുകൾക്കോ സ്ഥിര താമസത്തിനോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന നിരവധി ഇന്ത്യക്കാരെ ബാധിക്കാനിടയുണ്ട്.
-
Also Read
പ്രവാസിയായ ഞാൻ എങ്ങനെ ലക്ഷ്യങ്ങൾ നേടും?
സിലിക്കൺ വാലി ആസ്ഥാനമായുള്ള ഡെമോക്രാറ്റും കുടിയേറ്റ പരിഷ്കരണ അഭിഭാഷകനുമായ അജയ് ഭൂട്ടോറിയ, പ്രസിഡന്റ് ട്രംപിന്റെ പുതിയ 'ഗോൾഡ് കാർഡ്' നിർദ്ദേശത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. "ഗ്രീൻ കാർഡ് ലഭിക്കാൻ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് വിദഗ്ദ്ധരായ വ്യക്തികൾക്ക് അവസരമൊരുക്കുന്ന കുടിയേറ്റ പരിഷ്കാരങ്ങൾക്ക് പകരം ഇത്തരമൊരു ഗോൾഡ് കാർഡ് കൊണ്ടുവരുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
"എഞ്ചിനീയർമാർ, ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ എന്നിങ്ങനെ ദശലക്ഷക്കണക്കിന് വിദഗ്ധ തൊഴിലാളികൾ വർഷങ്ങളായി ഗ്രീൻ കാർഡിനായി കാത്തു നിൽക്കുമ്പോൾ 5 ദശലക്ഷം ഡോളറിന് ഗ്രീൻ കാർഡും പൗരത്വവും വാങ്ങാം എന്ന ആശയം മുഖത്തേറ്റ അടിയാണ്. നികുതി അടയ്ക്കുക, നൂതനാശയങ്ങൾ സൃഷ്ടിക്കുക, ജീവിതം കെട്ടിപ്പടുക്കുക എന്നിവയിലൂടെ ഇതിനകം തന്നെ തങ്ങളുടെ മൂല്യം തെളിയിച്ച വ്യക്തികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്," ഭൂട്ടോറിയ പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ചട്ടക്കൂടെങ്കിലും ഉണ്ടായിരുന്ന ഇബി -5 പ്രോഗ്രാമിന് പകരം 'ട്രംപ് ഗോൾഡ് കാർഡ്' ഉപയോഗിക്കുന്നത് ഒരുപടി പിന്നോട്ട് പോകുന്നതുപോലെ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.