ഐഒസി പ്രസിഡന്റ് സ്ഥാനത്തേക്ക് പോരാട്ടം കടുക്കും; മത്സരരംഗത്തുള്ളത് 7 പേർ, വോട്ടെടുപ്പ് വ്യാഴാഴ്ച

Mail This Article
ആതൻസ് ∙ ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) അധ്യക്ഷ സ്ഥാനത്തേക്ക് ആവേശപ്പോരാട്ടം. കഴിഞ്ഞ 12 വർഷക്കാലം ഐഒസി അധ്യക്ഷനായിരുന്ന തോമസ് ബാക്കിന്റെ പിൻഗാമിയാകാൻ മത്സരരംഗത്തുള്ളത് 7 പേർ. ഗ്രീസിൽ ഇന്നാരംഭിക്കുന്ന ഐഒസി സെഷന്റെ ഭാഗമായി വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. പുതിയ പ്രസിഡന്റ് ഒളിംപിക് ദിനമായ ജൂൺ 23ന് ചുമതലയേറ്റെടുക്കും.
ലോക അത്‍ലറ്റിക്സ് സംഘടനയുടെ പ്രസിഡന്റ് സെബാസ്റ്റ്യൻ കോ (ബ്രിട്ടൻ), ഐഒസി എക്സ്ക്യുട്ടീവ് ബോർഡ് അംഗങ്ങളായ കിർസ്റ്റി കവൻട്രി (സിംബാബ്‍വെ), പ്രിൻസ് ഫൈസൽ അൽ ഹുസൈൻ (ജോർദാൻ), രാജ്യാന്തര സ്കീ, സ്നോബോർഡ് ഫെഡറേഷൻ പ്രസിഡന്റ് യാഹോൻ എലായഷ് (സ്വീഡൻ), രാജ്യാന്തര സൈക്ലിങ് യൂണിയൻ പ്രസിഡന്റ് ഡേവിഡ് ലബാട്ടിയ (ഫ്രാൻസ്), ഐഒസി വൈസ് പ്രസിഡന്റ് യുവാൻ അന്റോണിയോ സമരാഞ്ച് ജൂനിയർ (സ്പെയിൻ), ജിംനാസ്റ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് മൊറിനാരി വാത്തനേബ (ജപ്പാൻ) എന്നിവരാണ് മത്സരരംഗത്തുള്ളത്.
ആർക്കും വ്യക്തമായ മുൻതൂക്കമില്ലെങ്കിലും നിലവിലെ പ്രസിഡന്റ് തോമസ് ബാക്കിന്റെ പിന്തുണ സെബാസ്റ്റ്യൻ കോ, കിർസ്റ്റി കവൻട്രി, സമരാഞ്ച് ജൂനിയർ എന്നിവർക്കു നേരിയ ആനുകൂല്യം നൽകും. മുൻ പ്രസിഡന്റ് അന്റോണിയോ സമരാഞ്ചിന്റെ മകനാണ് സമരാഞ്ച് ജൂനിയർ. ഐഒസി അംഗങ്ങളായ 109 പേർ രഹസ്യ ബാലറ്റിലൂടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.
8 വർഷമാണ് കാലാവധി. ഇതിനുശേഷം 4 വർഷം കൂടി കാലാവധി നീട്ടിനൽകാനും ഐഒസി ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. 2036 ഒളിംപിക്സിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്കും പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിർണായകമാണ്.