ADVERTISEMENT

2011ൽ മഹേന്ദ്ര സിങ് ധോണി തന്റെ രണ്ടാം ഐപിഎൽ കിരീടം നേടുമ്പോൾ 2 മാസം മാത്രമായിരുന്നു ബിഹാർ സ്വദേശി വൈഭവ് സൂര്യവംശിയുടെ പ്രായം. 14 വർഷത്തിനുശേഷം വൈഭവ് ആദ്യമായി ഐപിഎലിന്റെ ക്രീസിൽ ഇടംപിടിക്കുമ്പോൾ മറു ക്രീസിൽ അതേ ധോണിയുമുണ്ട്. കൂടെ ഓടിയിരുന്നവർ പലരും ഓട്ടം നിർത്തി ‘സ്റ്റാൻഡിൽ’ കയറിയപ്പോഴും പ്രായം വെറുമൊരു സംഖ്യയാണെന്നും വയസ്സ് കൂടുന്തോറും പ്രതിഭയുടെ തിളക്കം കൂടുമെന്നും തെളിയിച്ച് ഐപിഎൽ ക്രിക്കറ്റിലെ നിത്യഹരിത നായകൻ കളത്തിൽ തുടരുന്നു.

2008ൽ ആരംഭിച്ച ഐപിഎൽ ക്രിക്കറ്റ് 18–ാം സീസണിലേക്കു കടക്കുമ്പോഴും, ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ വിക്കറ്റ് കീപ്പറായ നാൽപ്പത്തിമൂന്നുകാരൻ ധോണിയാണ്. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച് 5 വർഷം പിന്നിടുന്ന ധോണി ഐപിഎലിലെ പുതിയ നിയമാവലി പ്രകാരം ഇക്കുറി ആഭ്യന്തര താരങ്ങളുടെ (അൺ ക്യാപ്ഡ്) കൂട്ടത്തിലാണ്. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ, പ്രതിഫലവും താരത്തിളക്കവും കുറച്ചെത്തുന്ന ധോണി പുതിയ സീസണിൽ ആരാധകർക്കായി കരുതിവയ്ക്കുന്ന സ‍‍ർപ്രൈസുകൾക്കായി കാത്തിരിക്കുകയാണ് ലോകം. 

∙ ചെന്നൈയുടെ തല

സച്ചിനും ദ്രാവിഡും ഗാംഗുലിയും ഇല്ലാത്ത ടീം ഇന്ത്യയെ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടത്തിലേക്കു നയിച്ച ധോണി തന്നെയായിരുന്നു 2008ലെ പ്രഥമ ഐപിഎൽ ലേലത്തിലും സൂപ്പർസ്റ്റാർ. അന്നു മുംബൈ ഇന്ത്യൻസുമായുള്ള വാശിയേറിയ വടംവലിക്കൊടുവിൽ 6 കോടി രൂപയ്ക്കു ധോണിയെ ടീമിലെത്തിച്ചപ്പോൾ തുടങ്ങിയതാണ് ചെന്നൈ സൂപ്പർ കിങ്സും എം.എസ്.ധോണിയും തമ്മിലുള്ള കൂട്ടുകെട്ട്.

പ്രഥമ സീസണിൽ ടീമിനെ റണ്ണറപ്പാക്കിയ ക്യാപ്റ്റൻ കൂൾ 2010, 2011 സീസണുകളിലെ തുടർച്ചയായ കിരീടനേട്ടത്തോടെ ചെന്നൈ ടീമിന്റെ തലൈവരായി. ഐപിഎലിൽ ചെന്നൈ ടീം വിലക്കു നേരിട്ട 2016, 2017 വർഷങ്ങളിലൊഴികെ 15 സീസണുകളിലും ധോണി ചെന്നൈയ്ക്കൊപ്പമായിരുന്നു. 12 തവണ പ്ലേഓഫ്, 10 ഫൈനലുകൾ, 5 കിരീടം എന്നിങ്ങനെ ധോണിയുടെ ക്യാപ്റ്റൻസിയിൽ ചെന്നൈ കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.പ്രതിഫലം 12 കോടിയിൽനിന്ന് 4 കോടിയായി കുറച്ച്, അൺ ക്യാപ്ഡ് പ്ലെയറായി ധോണി ഇത്തവണ ചെന്നൈയിൽ തുടരാൻ കാരണവും ഈ ടീമുമായി അദ്ദേഹത്തിനുള്ള വൈകാരിക അടുപ്പമാണ്.

∙ ഫിനിഷിങ് ടച്ച് !

226 മത്സരങ്ങളിൽ 133 വിജയങ്ങൾ നേടിയിട്ടുള്ള ധോണിയാണ് ഇപ്പോഴും ഐപിഎലിലെ ഏറ്റവും മികച്ച വിജയശതമാനമുള്ള ക്യാപ്റ്റൻ (58.84). ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ച താരവും ധോണി തന്നെ.ഐപിഎലിൽ വൺഡൗൺ മുതൽ ഒൻപതാം നമ്പറിൽവരെ ബാറ്റു ചെയ്തിട്ടുള്ള ധോണി ഈ സ്ഥാനചലനം താൻ സ്വയം തിരഞ്ഞെടുത്തതല്ലെന്നും ടീമിന്റെ ആവശ്യമനുസരിച്ചുള്ളതാണെന്നും മുൻപു പറഞ്ഞിട്ടുണ്ട്.

ടോപ് ഓർഡറിലെ വെടിക്കെട്ട് ബാറ്റർ എന്നതിൽനിന്ന് സമ്മർദം നിറഞ്ഞ ഫിനിഷറുടെ റോളിലേക്കുള്ള ധോണിയുടെ മാറ്റം നേട്ടമായത് ചെന്നൈ ടീമിനാണ്. കൈവിട്ട കളികൾ തിരിച്ചുപിടിച്ച് ധോണി ടീമിന് ഒട്ടേറെ അവിശ്വസനീയ വിജയങ്ങൾ സമ്മാനിച്ചു. ഐപിഎൽ ബാറ്റിങ്ങിൽ ഇതുവരെ ഒരു ഇന്നിങ്സിലും 50 പന്തുകളിലധികം നേരിടാൻ ധോണിക്കായിട്ടില്ല. എന്നിട്ടും ലീഗിലെ ഏറ്റവും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ആറാമതായി ധോണിയുണ്ട് (5243 റൺസ്). 

∙ ധോണി വിരമിക്കുമോ?

ജീവിതം കൊണ്ട് ധോണി പഠിച്ചതും ക്രിക്കറ്റ് കൊണ്ട് കാണിച്ചു തന്നതുമായ ഒരു കാര്യമുണ്ട്– അപ്രതീക്ഷിത തീരുമാനങ്ങളാണ് തന്നിൽ നിന്നു പ്രതീക്ഷിക്കേണ്ടതെന്ന്. എന്നിട്ടും തനിക്കു ചുറ്റും വട്ടമിട്ടുപറക്കുന്ന വിരമിക്കൽ അഭ്യൂഹങ്ങൾക്കു നടുവിൽനിന്നാണ് ചെന്നൈ സൂപ്പർതാരം കഴിഞ്ഞ 4 വർഷക്കാലം ഐപിഎൽ കളിച്ചത്.

2020ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചതുമുതൽ ധോണിയുടെ ഐപിഎൽ വിടവാങ്ങലിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതാണ്. 2023 സീസണിൽ ചെന്നൈയ്ക്ക് അഞ്ചാം ഐപിഎൽ കിരീടം നേടിക്കൊടുത്തതിനു പിന്നാലെ ധോണിയുടെ വിടവാങ്ങൽ പ്രസംഗത്തിനായി ആരാധകർ കാതോർത്തിരുന്നു. ജൂലൈയിൽ 44 തികയുന്ന ധോണിയുടെ അവസാന ഐപിഎലാകും ഇത്തവണയെന്നു പലരും പറയുമ്പോൾ അതുകേട്ട് ധോണി ചിരിക്കുന്നുണ്ടാകും; ഇവരൊക്കെ എന്ത് അറിയുന്നു എന്ന ഭാവത്തിൽ !

English Summary:

Dhoni's IPL Comeback: MS Dhoni, the evergreen captain, returns to the IPL as an uncapped player with a reduced salary, proving age is just a number and captivating fans worldwide. His continued presence in the 18th IPL season is a testament to his enduring brilliance.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com