വീടുകളിലെ കിണറുകൾക്കും ഇനി നികുതിയോ? | Fact Check

Mail This Article
യഥേഷ്ടം വെള്ളമുള്ള വറ്റാത്ത കിണറുകളുള്ള നാടാണ് കേരളം. പല വീടുകളുടെയും ജലസ്രോതസ്സായ കിണറുകൾക്ക് സംസ്ഥാന സർക്കാർ നികുതി ഈടാക്കുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.
അന്വേഷണം
നമ്മുടെ വീട്ടുമുറ്റത്തുള്ള കിണറിന് പോലും കിണർ നികുതി ഏർപ്പെടുത്താൻ പോകുന്ന നാണംകെട്ട ഭരണകൂടം എന്നു തുടങ്ങുന്ന ഒരു കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

ആദ്യം തന്നെ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ ഇത്തരത്തിലൊരു വാർത്തയോ റിപ്പോർട്ടോ എവിടെയും പ്രസിദ്ധീകരിച്ചതായി കണ്ടെത്താൻ സാധിച്ചില്ല. പല വൈറൽ പോസ്റ്റുകളിലും റിപ്പോർട്ടർ ചാനലിന്റെ പേരിലുള്ള സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടു.
റിപ്പോർട്ടർ ചാനലിന്റെ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ നടത്തിയ തിരച്ചിലിൽ ചാനലിന്റെ പേരിൽ ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റർ റിപ്പോർട്ടർ വെബ്സൈറ്റ് പുറത്തിറക്കിയിട്ടുള്ളതായി കണ്ടെത്തി.
ഇത്തരമൊരു ഉത്തരവ് വന്നിട്ടുണ്ടോ എന്ന വ്യക്തതയ്ക്കായി ഞങ്ങൾ തദ്ദേശ സ്ഥാപന പ്രതിനിധിയുമായും പബ്ലിക് റിലേഷൻസ് വിഭാഗവുമായും ബന്ധപ്പെട്ടു.എന്നാൽ ഇത്തരമൊരു ഉത്തരവോ അറിയിപ്പോ സർക്കാർ നൽകിയിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി. ഇതിൽ നിന്ന് കിണറുകൾക്ക് സംസ്ഥാന സർക്കാർ നികുതി ഈടാക്കുമെന്നത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
∙ വാസ്തവം
കിണറുകൾക്ക് സംസ്ഥാന സർക്കാർ നികുതി ഈടാക്കുമെന്ന അവകാശവാദം തെറ്റാണ്