നിഖാബ് ധരിച്ച് വാഹനം ഓടിച്ചാൽ 50 ദിനാർ പിഴ; 1984ലെ മന്ത്രിസഭാ തീരുമാനം ഇപ്പോഴും ബാധകമോ?, വ്യക്തത വരുത്തി കുവൈത്ത്

Mail This Article
കുവൈത്ത് സിറ്റി ∙ വനിതകൾ വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നത് നിരോധിച്ചതായി സമൂഹമാധ്യമത്തിൽ നടക്കുന്ന പ്രചാരണത്തിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. നിഖാബ് ധരിച്ച് വാഹനം ഓടിച്ചാൽ 50 ദിനാർ വരെ പിഴ ഈടാക്കുമെന്ന തരത്തിലായിരുന്നു പ്രചാരണം.
ഈ പ്രചാരണം മന്ത്രാലയം നിഷേധിച്ചു. പിഴ സംബന്ധിച്ച വാർത്ത 1984ലെ മന്ത്രിസഭാ തീരുമാനത്തെ അടിസ്ഥാനമാക്കി സുരക്ഷാ കാരണങ്ങളാൽ കൊണ്ടുവന്നതാണെന്ന് മന്ത്രാലയം വിശദീകരിച്ചു. അക്കാലത്ത്, പൊതുറോഡുകളിൽ വാഹനമോടിക്കുന്ന ചില സ്ത്രീകൾ ബുർഖയോ നിഖാബോ ധരിച്ചിരുന്നു. ഇത് മുഖസവിശേഷതകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാക്കി. വനിതാ ഡ്രൈവർമാരുടെ ഐഡന്റിറ്റി പരിശോധിക്കുമ്പോൾ ഇത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു.
പ്രത്യേകിച്ച്, ഡ്രൈവിങ് ലൈസൻസിൽ ഫോട്ടോ ഉണ്ടായിരുന്നിട്ടും ഡ്രൈവർമാർ മുഖം വെളിപ്പെടുത്താൻ വിസമ്മതിച്ച കേസുകളിൽ. ഇന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തോടെ, വനിതാ ഡ്രൈവർമാരുടെ ഐഡന്റിറ്റി പരിശോധിക്കുന്ന പ്രക്രിയ വളരെ ലളിതവും കൂടുതൽ കാര്യക്ഷമവുമാണ്. അതിനാൽ, നിലവിൽ ഈ നിയമം പ്രസക്തമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.