'പിറന്നാൾ ദിനത്തിൽ കൊച്ചുമകന് അപ്പൂപ്പൻ സമ്മാനിച്ച അമൂല്യസമ്മാനം'; വിഡിയോ പങ്കുവെച്ച് ദിവ്യ എസ്. അയ്യർ

Mail This Article
കുട്ടിക്കാലത്ത് പ്രിയപ്പെട്ട ഒരുപാട് വസ്തുക്കൾ നമുക്ക് ഉണ്ടായിരിക്കും. അതൊക്കെ ഒരു ബാഗിലോ കവറിലോ ആക്കി സൂക്ഷിച്ചു വെച്ചിട്ടുമുണ്ടായിരിക്കും. എന്നാൽ, നമുക്ക് അത്രയേറെ പ്രിയപ്പെട്ട വസ്തുക്കൾ അതിലേറെ പ്രിയപ്പെട്ടൊരാൾ സൂക്ഷിച്ചു വെച്ചാലോ. അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദിവ്യ എസ് അയ്യർ ഐഎഎസ്. കുട്ടിക്കാലത്ത് ദിവ്യ ഉപയോഗിച്ചിരുന്ന പെൻസിൽ ബോക്സ് സൂക്ഷിച്ചു വെച്ച് അത് ദിവ്യയുടെ മകൻ മൽഹാറിന് പിറന്നാൾ സമ്മാനമായി നൽകിയിരിക്കുകയാണ് ദിവ്യയുടെ അച്ഛൻ.
മനോഹരമായ ഒരു കുറിപ്പോടു കൂടിയാണ് താൻ കുട്ടിക്കാലത്ത് ഉപയോഗിച്ച പെൻസിൽ ബോക്സ് മകന്റെ കൈയിൽ ഇരിക്കുന്ന വിഡിയോ ദിവ്യ പങ്കുവെച്ചത്. 'ഇക്കൊല്ലം വാവയ്ക്ക് ജന്മദിനാശിസ്സുകൾ നേർന്നുകൊണ്ട് എന്റെ അപ്പാ അവനു ഒരു അമൂല്യ സമ്മാനം നൽകി. ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഒരു പെൻസിൽ ബോക്സ്. ആ പഴയ പെൻസിൽ ബോക്സ് അപ്പാ ഇത്രയും കാലം സൂക്ഷിച്ചു വെച്ചു, എന്റെ കുഞ്ഞിനു കൈമാറിയപ്പോൾ ഉണ്ടായ ആനന്ദത്തിനു അളവില്ല.
താത്താ പെരുത്തിഷ്ടം' - എന്നാണ് ദിവ്യ കുറിച്ചത്. കുട്ടിക്കാലത്ത് ബോക്സിനു മുകളിൽ പേര് എഴുതാനുള്ള സ്ഥലത്ത് ദിവ്യ. എസ് എന്ന് എഴുതിയിട്ടുണ്ട്. ഒരു ഭാഗത്തെ നെയിം സ്ലിപ്പിൽ അഞ്ച് എ എന്നും മറുഭാഗത്തെ നെയിം സ്ലിപ്പിൽ എട്ട് ബി എന്നുമാണ് കുറിച്ചിരിക്കുന്നത്. സ്കൂൾ കാലഘട്ടത്തിൽ വളരെ സൂക്ഷ്മതയോടെ ആയിരുന്നു ഈ ബോക്സ് സൂക്ഷിച്ചിരുന്നത് എന്നത് അത് കാണുമ്പോൾ വ്യക്തമാകും.
മനോഹരമായ കമന്റെുകൾ ആണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ഇത്രയും കാലം മാമിന്റെ അപ്പാ അത് ഇങ്ങനെ നിധിപോലെ സൂക്ഷിക്കണം എങ്കിൽ മാമിനെ പോലെ മാമിന്റെ അപ്പാക്ക് അത് അത് എന്ത് മാത്രം അമൂല്യമാകും' എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. 'തന്റെ പൊന്നുമോൾ ഉപയോഗിച്ച ബോക്സ് ഇത്ര വര്ഷങ്ങൾക്ക് ശേഷം ഇത് പോലെ സൂക്ഷിക്കണമെങ്കിൽ ആ മനസ്സിലെ പൊന്നുമോളോടുള്ള വാത്സല്യം അതിനു അളവില്ല്യ. അപ്പയുടെ മനസ്സിൽ മോൾ എപ്പോഴും ഒരു കുഞ്ഞുവാവയാണ്. ന്റെ കണ്ണ് നിറഞ്ഞുട്ടോ' എന്നിങ്ങനെ പോകുന്നു കമന്റെുകൾ.