‘ദിവസവും ഞാനവൾക്കുവേണ്ടി പാടും’, ആമിറിന്റെ മനംകവര്‍ന്ന ഗൗരി: 60–ാം ജന്മദിനത്തിൽ പുതിയ പങ്കാളിയെ പരിചയപ്പെടുത്തി താരം

Mail This Article
പ്രണയത്തിനുണ്ടോ പ്രായം, അതും ബോളിവുഡ് അനുരാഗത്തിന്റെ വിസ്മയം ആമിർ ഖാന്റെ കാര്യത്തിൽ! ഇന്നലെ 60–ാം ജന്മദിനാഘോഷ വേളയിൽ ആമിർ കാമുകിയുടെ പേര് വെളിപ്പെടുത്തി: ഗൗരി സ്പ്രാറ്റ്. ബെംഗളൂരുകാരി.
കാൽ നൂറ്റാണ്ടായി അറിയാമെങ്കിലും ഒന്നരക്കൊല്ലം മുൻപാണ് ഗൗരി ആമിറിന്റെ ഹൃദയം കവർന്നത്. ഇപ്പോൾ ഒപ്പം താമസിക്കുന്നു. പ്രൊഡക്‌ഷൻ മേഖലയിലാണ് ഗൗരി ജോലിചെയ്യുന്നത്. ‘എല്ലാദിവസവും ഞാനവൾക്കുവേണ്ടി പാടും’. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടു വിളിച്ച മാധ്യമസമ്മേളനത്തിൽ ആമിർ പറഞ്ഞു. ‘കഭി കഭി മേരേ ദിൽ മേം’ പാട്ടിന്റെ വരികളും പാടി. തന്റെ കുട്ടികൾ വളരെ സന്തുഷ്ടരാണെന്നും മുൻ ഭാര്യമാരുമായി മികച്ച സൗഹൃദം സൂക്ഷിക്കാൻ കഴിഞ്ഞതു ഭാഗ്യമാണെന്നും ആമിർ പറഞ്ഞിരുന്നു.
ബുധനാഴ്ച വൈകിട്ട് ഷാറുഖ് ഖാനും സൽമാൻ ഖാനും വേണ്ടി മുംബൈയിലെ വീട്ടിൽ ആമിർ അത്താഴവിരുന്നൊരുക്കിയിരുന്നു. രണ്ടു ഖാൻമാർക്കും ഗൗരിയെ പരിചയപ്പെടുത്തി.
കുറേക്കാലമായി ശാസ്ത്രീയ സംഗീതം പഠിക്കുന്ന കാര്യവും മാധ്യമസമ്മേളനത്തിൽ ആമിർ പറഞ്ഞു. ചലച്ചിത്ര നിർമാതാവ് റീന ദത്തയാണ് ആമിറിന്റെ ആദ്യഭാര്യ. ജുനൈദും ഇറയും ഈ ബന്ധത്തിലെ മക്കളാണ്. 2005–ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. 2021ലാണ് കിരണുമായി പിരിഞ്ഞത്. ഈ ബന്ധത്തിൽ ആസാദ് എന്ന മകനുണ്ട്. ഗൗരിയുടെ അമ്മ തമിഴ്നാട്ടുകാരിയും അച്ഛൻ അയർലൻഡുകാരനുമാണ്. മുൻബന്ധത്തിൽ 6 വയസ്സുള്ള മകനുണ്ട്.