ചൂട് സഹിക്കാനാവുന്നില്ലേ? ആയുർവേദത്തിൽ പരിഹാരമുണ്ട്, കഴിക്കേണ്ട ഭക്ഷണവും ചികിത്സയും

Mail This Article
വേനൽച്ചൂട് ഏറിവരികയാണ്. മാർച്ച് ആയപ്പോഴേക്കും ഏപ്രിൽ, മേയ് മാസങ്ങൾക്കു സമാനമായ ചൂടാണ് അനുഭവപ്പെടുന്നതെന്നാണു പറയുന്നത്. അതേസമയം, മഞ്ഞുവീഴ്ചയുള്ളതിനാൽ പുലർച്ചെ തണുപ്പുമുണ്ട്. കൂടാതെ, ഇടയ്ക്കിടെ കനത്ത വേനൽമഴയും ലഭിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പകർച്ചപ്പനി, മഞ്ഞപ്പിത്തം, ചർദി, അതിസാരം, ന്യൂമോണിയ തുടങ്ങിയവയ്ക്കു ഇടയാക്കുന്നുണ്ട്.
ഈ ഘട്ടത്തെ ആയുർവേദ ചികിത്സാവിധിയിലൂടെ എങ്ങനെ മറികടക്കാമെന്നു നോക്കാം:
വേനൽ ശരീരബലം കുറയുന്ന സമയമാണെന്നു ആയുർവേദം പറയുന്നു. നിലവിലുള്ള കാലാവസ്ഥയിൽ നിന്നു മറ്റൊരു അവസ്ഥയിലേക്കു പ്രവേശിക്കുന്ന ഋതുസന്ധിയുടെ കാലമാണിത്. ഈ വേളയിൽ രോഗപ്രതിരോധത്തിലൂന്നിയ ജീവിതശൈലി പിന്തുടരുക എന്നതാണു പരമപ്രധാനമായ കാര്യം. ഔഷധങ്ങൾ വീട്ടിൽ സൂക്ഷിച്ച്, രോഗം വരുമ്പോൾ എടുത്തുകഴിക്കുന്നതിനു നീതീകരണമില്ല. അതേസമയം, ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ കഴിക്കാം. പ്രതിരോധശേഷി വർധിപ്പിക്കുന്ന ച്യവനപ്രാശം, അഗസ്ത്യരസായനം, ബ്രാഹ്‌മരസായനം എന്നിവ സേവിക്കുന്നതു അത്യുത്തമമാണ്. അതോടൊപ്പം, ഇന്ദുകാന്തം കഷായം, സിറപ് എന്നിവ കഴിക്കുന്നതു പനി ശമിക്കുന്നതിനും നല്ലതാണ്. കുട്ടികൾക്കു ഗോപീചന്ദനാദി ഗുളിക, വാശാരിഷ്ടം, അമൃതാരിഷ്ടം, ശീതജ്വരാദി ഗുളിക, അഗ്നികുമാര രസം മുതലായവ കൊടുക്കാം.
ചൂട് വർധിച്ചതിനാൽ കണ്ണുകളിലുണ്ടാകുന്ന എരിച്ചിലിനും പുകച്ചിലിനും നേത്രാമൃതം ഉപയോഗിക്കാവുന്നതാണ്. പകൽസമയത്ത് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുട ചൂടുകയും കണ്ണട ധരിക്കുകയും വേണം. പൊടി മൂലമുള്ള അലർജിയിൽ നിന്നു രക്ഷനേടാൻ മാസ്ക് ഉപയോഗിക്കുന്നതു നല്ലതാണ്. മഞ്ഞപ്പിത്തവും അതിസാരവും മറ്റും വ്യാപകമായ സാഹചര്യത്തിൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ആയുർവേദ വിധിപ്രകാരം വേനൽക്കാലത്ത് ശരീരബലം കുറയും. ഈ സമയത്ത് കട്ടിയാഹാരം ഒഴിവാക്കുന്നതാണു ഉത്തമം. പെട്ടെന്നു ദഹിക്കുന്ന തരത്തിലുള്ള ലഘുഭക്ഷണങ്ങൾ, തിളപ്പിച്ചാറിയ പാനീയങ്ങൾ എന്നിവയാണ് അഭികാമ്യം.
∙സൂര്യാതപവും അതുവഴിയുള്ള മരണവും സാധാരണ സംഭവമായി മാറിയ സാഹചര്യത്തിൽ വെള്ള തുടങ്ങിയ ഇളംനിറത്തിലുള്ളതോ കട്ടി കുറഞ്ഞതോ ആയ വസ്ത്രങ്ങൾ വേണം ധരിക്കാൻ. രാവിലെയും വൈകിട്ടും കുളിക്കണം. ശരീരം വിയർത്തയുടൻ കുളിക്കുകയുമരുത്. ദിവസേന 2 നേരം (പ്രഭാതത്തിലും വൈകിട്ടും) ഭക്ഷണം കഴിക്കണമെന്നാണു ആയുർവേദം നിഷ്ക്കർഷിക്കുന്നത്. എന്നാൽ, 3 നേരം ഭക്ഷിക്കുന്നതാണു നമ്മുടെ നടപ്പുരീതി. എളുപ്പം ദഹിക്കുന്ന കഞ്ഞി പോലെയുള്ള ഭക്ഷണം വേനലിൽ കഴിക്കുന്നതാണു ഉത്തമം. മാംസാഹാരം ഒഴിവാക്കുന്നതാണു നല്ലത്. നാരുകളും ജലാംശവും കൂടുതലായി അടങ്ങിയ കുമ്പളം, മത്തൻ, വെള്ളരി തുടങ്ങിയ പച്ചക്കറി ഇനങ്ങളും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ പോലുള്ള പഴവർഗങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പുളി, എരിവ്, ഉപ്പ് തുടങ്ങിയ രസങ്ങൾ പരമാവധി ഒഴിവാക്കണം.

∙റമസാൻ നോമ്പുകാലം ഉപവാസത്തിന്റെ സമയം കൂടിയാണ്. ഇക്കാലത്ത് ശരീരബലത്തിനൊപ്പം മാനസികബലവും വർധിക്കും. അതോടൊപ്പം, ആത്മവിശ്വാസവും ഇച്ഛാശക്തിയും കൂടും. പുലർച്ചെ 5 മണിക്കു ഭക്ഷണം (അത്താഴം) കഴിക്കുന്നതും പകൽ ഒന്നും കഴിക്കാതിരിക്കുന്നതും ദഹനപ്രക്രിയ ശക്തമാക്കാനും കൃത്യമാക്കാനും സഹായിക്കും. എരിവ്, ചൂട്, ഉപ്പ്, പുളി, മസാലക്കൂട്ട് തുടങ്ങിയവ അത്താഴത്തിൽ നിന്നു പൂർണമായി ഒഴിവാക്കണം. രാത്രി ഭക്ഷണത്തിൽ ഇവ ആവശ്യത്തിനുമാത്രം ഉൾപ്പെടുത്താം. വൈകിട്ട് നോമ്പുതുറക്കുമ്പോൾ പഴവർഗങ്ങളും പച്ചക്കറികളും അടങ്ങിയ ലഘുഭക്ഷണം തന്നെയാണു അഭികാമ്യം.
(വിവരങ്ങൾ : ഡോ.പി.വിജേഷ് (പ്രൊഡക്ഷൻ മാനേജർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല)