ADVERTISEMENT

ലണ്ടൻ ∙ എൻഎച്ച്എസ് ഇഗ്ലണ്ടിനെ പിരിച്ചുവിട്ട് ട്രസ്റ്റുകളുടെ പ്രവർത്തന നിയന്ത്രണം ആരോഗ്യമന്ത്രാലയത്തിനു കീഴിലാക്കും. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കുന്ന ഈ തീരുമാനം പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെറാണ് ഇന്നലെ പ്രഖ്യാപിച്ചത്.

സിവിൽ സർവീസ് കഴിഞ്ഞാൽ സർക്കാരിൽനിന്നും നേരിട്ട് ഫണ്ട് ലഭിച്ച് പ്രവർത്തിച്ചിരുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര ഭരണസംവിധാനമായിരുന്നു എൻഎച്ച്എസ് ഇംഗ്ലണ്ട്. ആശുപത്രികളുടെയും ജിപികളുടെയും കമ്യൂണിറ്റി ഹെൽത്ത് സർവീസിന്റെയുമെല്ലാം ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് എൻഎച്ച്എസ് ഇംഗ്ലണ്ടാണ്. ഇനി മുതൽ ഇവയുടെയെല്ലാം പ്രവർത്തനം ആരോഗ്യ- സാമൂഹ്യക്ഷേമ മന്ത്രാലയം (ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മിനിസ്ട്രി) നേരിട്ടാകും നിയന്ത്രിക്കുക.

14,400 പേർ ജോലി ചെയ്തിരുന്ന എൻഎച്ച്എസ് ഇംഗ്ലണ്ട് എന്ന ഭരണസംവിധാനം ഇല്ലാതാകുന്നതോടെ ആരോഗ്യഭരണരംഗത്തെ ചുവപ്പുനാട അപ്പാടെ ഇല്ലാതാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പ്രതിവർഷം 500 മില്യൻ പൗണ്ടാണ് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവർത്തനചെലവായി മാത്രം വകയിരുത്തിയിരുന്നത്. ഇത് ഒഴിവാകുക മാത്രമല്ല, ആരോഗ്യമേഖലയുടെ പ്രവർത്തനം ജനാധിപത്യപരമായ ആധികാരകേന്ദ്രത്തിനു കീഴിലാകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഹെൽത്ത് എജ്യുക്കേഷൻ, സ്റ്റാഫ് ട്രെയിനിങ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നിവയെല്ലാം ഇതോടൊപ്പം ആരോഗ്യമന്ത്രാലയത്തിനു കീഴിലായി മാറും.

ആരോഗ്യമന്ത്രാലയത്തിനു കീഴിൽ ആകെ 3,500 പേർ മാത്രം ജോലി ചെയ്യുമ്പോഴാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് എന്ന വെള്ളാനയുടെ മറവിൽ 14,400 പേർ ജോലി ചെയ്തിരുന്നത്. രണ്ടുവർഷംകൊണ്ട് ഈ സംവിധാനം ഇല്ലാതാകുന്നതോടെ ഇതിൽ 9,000 പേർക്കും ജോലി നഷ്ടമാകും. സാങ്കേതികമായി പറഞ്ഞാൽ ആരോഗ്യമേഖലയിലാണ് ഇവരെല്ലാം ജോലി ചെയ്യുന്നതെങ്കിലും ഇവരാരും ഫ്രണ്ട് ലൈൻ സ്റ്റാഫിന്റെ ഗണത്തിൽ വരുന്നവരല്ല.

2012ലെ കൺസർവേറ്റീവ് സർക്കാരാണ് ട്രസറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കാനായി സമ്പൂർണ അധികാരങ്ങളോടെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് എന്ന സ്വതന്ത്ര സംവിധാനത്തിന് രൂപം നൽകിയത്. ആരോഗ്യമേഖലയിലെ രാഷ്ട്രീയ ഇടപെടൽ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ.  എന്നാൽ ചുരുങ്ങിയ കാലകൊണ്ട് ഇതൊരു സമാന്തര ഉദ്യോഗസ്ഥ ഭരണസംവിധാനമായി മാറുന്ന കാഴ്ചയാണ് കണ്ടത്. മാത്രമല്ല, ബ്യൂറോക്രസിയുടെ അതിപ്രസരം ട്രസ്റ്റുകളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുകയും ചെയ്തു.

അത്യാഹിത വിഭാഗത്തിലെ മണിക്കൂറുകൾ നീളുന്ന  കാത്തിരിപ്പു സമയം കുറയ്ക്കാനോ, സർജറികൾ ഉൾപ്പെടെയുള്ള ചികിൽസകൾക്കായുള്ള ദീർഘനാളത്തെ കാത്തിരിപ്പിന് അറുതി വരുത്താനോ എൻഎച്ച്എസ് ഇംഗ്ലണ്ടിന് ഫലപ്രദമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സംവിധാനത്തിന്റെ നിലനിൽപിനുവേണ്ടിയായിരുന്നു ഇക്കാലമത്രയും എൻഎച്ച്എസ് ഇംഗ്ലണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന വിമർശനവുമുണ്ടായി. ഇതെല്ലാമാണ് ചരിത്രപരമായ ഒരു തീരുമാനത്തിലേക്ക് തിടുക്കത്തിലെത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്. മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. 

English Summary:

NHS England to be Dissolved, with Control Transferred to government control

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com