മതം മാറാൻ കൂടുതൽ നിർബന്ധിച്ചത് അഫ്രീദി, പലരും ഭക്ഷണത്തിനു പോലും ഒപ്പമിരുത്തില്ല: വൻ വിവേചനമെന്ന് മുൻ പാക്ക് താരം

Mail This Article
വാഷിങ്ടൻ∙ ഇസ്‍ലാം മതവിശ്വാസം സ്വീകരിക്കാൻ തന്നെ ഏറ്റവും കൂടുതൽ നിർബന്ധിച്ചിരുന്നത് പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ഷാഹിദ് അഫ്രീദിയാണെന്ന് മുൻ പാക്ക് താരം ഡാനിഷ് കനേറിയ. ഇസ്‍ലാം മതത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് അഫ്രീദി ഒട്ടേറെത്തവണ തന്നെ നിർബന്ധിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 10 വർഷത്തോളം നീണ്ട കരിയറിൽ പാക്കിസ്ഥാനായി 61 ടെസ്റ്റുകൾ കളിച്ചിട്ടുള്ള 44കാരനായ കനേറിയ, അക്കാലത്ത് പാക്കിസ്ഥാൻ ടീമിലെ ഏക ഹിന്ദുമത വിശ്വാസിയായിരുന്നു. അനിൽ ദൽപട്ടിനു ശേഷം പാക്കിസ്ഥാൻ ടീമിൽ കളിക്കുന്ന ഹിന്ദുമത വിശ്വാസി കൂടിയാണ് കനേറിയ.
‘‘നമ്മളെല്ലാവരും ഇവിടെ ഒരുമിച്ചു കൂടുകയും പാക്കിസ്ഥാനിൽ നാം എങ്ങനെയാണ് ജീവിച്ചത് എന്ന് പങ്കുവയ്ക്കുകയും ചെയ്തു. നാം പലതവണ വിവേചനം അനുഭവിച്ചു. ഇന്ന് അതിനെതിരെ നാം ശബ്ദമുയർത്തുന്നു’ – കനേറിയ പറഞ്ഞു.
‘‘ഞാനും പാക്കിസ്ഥാനിൽ ഒട്ടേറെ വിവേചനങ്ങൾ നേരിട്ടിട്ടുണ്ട്. എന്റെ കരിയർ പോലും അതിന്റെ പേരിൽ തകർത്തുകളഞ്ഞു. ഞാൻ അർഹിച്ചിരുന്ന സ്ഥാനം ഒരുകാലത്തും പാക്കിസ്ഥാനിൽവച്ച് ലഭിച്ചിട്ടില്ല. ആ വിവേചനം കാരണമാണ് ഞാൻ ഇന്ന് യുഎസിൽ ആയിരിക്കുന്നത്. അവിടെ നമ്മൾ അനുഭവിച്ച വിഷമങ്ങൾ പരസ്യമായി പങ്കുവച്ച് നടപടികൾ സ്വീകരിക്കാനാകുമോ എന്ന് ചിന്തിക്കുന്നു’ – ഡാനിഷ് കനേറിയ പറഞ്ഞു.
‘‘കരിയറിൽ മികച്ച രീതിയിൽ മുന്നോട്ടുപോയ ഞാൻ, കൗണ്ടി ക്രിക്കറ്റിലും കളിച്ചിരുന്നു. അക്കാലത്ത് ക്യാപ്റ്റനായിരുന്ന ഇൻസമാം ഉൾ ഹഖ് എന്നെ വളരെയധികം പിന്തുണച്ചിരുന്നു. എന്നെ പിന്തുണച്ച ഏക ക്യാപ്റ്റനും ഇൻസമാം ആയിരുന്നു. പിന്തുണച്ച മറ്റൊരു താരം ശുഐബ് അക്തറാണ്.’ – കനേറിയ പറഞ്ഞു.
‘‘ഷാഹിദ് അഫ്രീദി ഉൾപ്പെടെയുള്ള ഒട്ടേറെ താരങ്ങൾ എന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. എന്നോടൊപ്പം ഭക്ഷണം കഴിക്കാൻ പോലും അവർ തയാറായില്ല. ഇസ്‍ലാം മതവിശ്വാസം സ്വീകരിക്കാൻ എന്നെ ഏറ്റവുമധികം നിർബന്ധിച്ചിരുന്നത് അഫ്രീദിയാണ്. ഇതിനായി അദ്ദേഹം ഒട്ടേറെത്തവണ എന്റെ അടുത്തുവന്നു. പക്ഷേ, ഇൻസമാം ഉൾ ഹഖ് ഒരിക്കൽപ്പോലും ആ രീതിയിൽ എന്നോട് സംസാരിച്ചിട്ടില്ല’ – കനേറിയ പറഞ്ഞു.