ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ് പരിരക്ഷ 15 ലക്ഷമാകും : ആര്‍ക്ക്, എങ്ങനെ കിട്ടും?

Mail This Article
ബാങ്ക് നിക്ഷേപങ്ങൾക്ക് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം ആണ്. ഇത് 15 ലക്ഷമായി ഉയർത്താൻ അടുത്തിടെ ധാരണയായിട്ടുണ്ട്.
ഇൻഷുറൻസ് ആര് നൽകും?
പാർലമെന്റ് പാസ്സാക്കിയ നിയമമനുസരിച്ച് റിസർവ് ബാങ്കിന്റെ സബ്സിഡിയറി ആയി പ്രവർത്തിക്കുന്ന ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ (DICGC) ആണ് ഇന്ത്യയിൽ ബാങ്ക് നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ സ്ഥാപനമാണിത്.
എല്ലാ നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് ഉണ്ടോ?
എല്ലാ വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങൾക്കും ഈ പരിരക്ഷ ലഭിക്കും. അതുകൊണ്ട് എല്ലാ പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും മാത്രമല്ല, ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകള്‍, ലോക്കൽ ഏരിയ ബാങ്കുകള്‍, സ്മോൾ ഫിനാൻസ് ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, റീജിയണൽ റൂറൽ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എല്ലാം ഇതിന്റെ കീഴിൽ വരും.
എന്നാൽ സഹകരണ ബാങ്കുകളിൽ സ്റ്റേറ്റ് സഹകരണ ബാങ്കുകളും, ജില്ല സഹകരണ ബാങ്കുകളും, അർബൻ സഹകരണ ബാങ്കുകളും മാത്രമേ ഇൻഷുറൻസിന്റെ പരിരക്ഷയിൽ വരുന്നുള്ളൂ. പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ല. ചില പ്രാഥമിക സഹകരണ സംഘങ്ങൾ പേരിനോടൊപ്പം ബാങ്ക് എന്ന് വയ്ക്കുന്നുണ്ടെങ്കിലും അവ റിസർവ് ബാങ്കിന്റെ നിർവചനത്തിൽ വരുന്ന ബാങ്കുകളല്ല. അതിനാൽ അത്തരം സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ല.

സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപം, റെക്കറിങ് നിക്ഷേപം എന്നിവയെല്ലാം ഇൻഷുറൻസിന്റെ പരിധിയിൽ വരും. വിദേശ സർക്കാരുകളുടെ നിക്ഷേപവും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിക്ഷേപവും ഒരു ബാങ്കിൽ മറ്റൊരു ബാങ്ക് വയ്ക്കുന്ന നിക്ഷേപവും ഈ ഇൻഷുറൻസ് പരിരക്ഷയിൽ വരില്ല.
പ്രീമിയം ആരു നൽകും?
നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുവാൻ പ്രീമിയം നൽകണം. ഇത് നിക്ഷേപകർ നൽകേണ്ടതില്ല. അതാത് ബാങ്കുകളാണ് പ്രീമിയം അടയ്ക്കുന്നത്.
ഇൻഷുറൻസ് പരിരക്ഷ എങ്ങനെയാണ് നിശ്ചയിക്കുക?
തുടക്കത്തിൽ ഒരു നിക്ഷേപകന് ഒരു ബാങ്കിലെ നിക്ഷേപത്തിന് നൽകിയിരുന്ന ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷം രൂപ വരെയായിരുന്നു. പിന്നീട് അത് അഞ്ചു ലക്ഷം രൂപയായി ഉയർത്തി. ഇപ്പോൾ അത് 15 ലക്ഷം രൂപയായി ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഒരാളുടെ പേരിൽ ഒരു ബാങ്കിലെ പല ശാഖകളിൽ നിക്ഷേപം ഉണ്ടെങ്കിൽ അതെല്ലാം ചേർത്താണ് പരമാവധി ഇൻഷുറൻസ് 15 ലക്ഷം എന്ന് പറയുന്നത്. ഓരോ ശാഖയിലെയും നിക്ഷേപങ്ങൾക്ക് പ്രത്യേകം പ്രത്യേകം 15 ലക്ഷം ഇൻഷുറൻസ് ലഭിക്കില്ല. എന്നാൽ വേറെ ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള നിക്ഷേപമാണെങ്കിൽ ഓരോ ബാങ്കിലും 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കും. മുതലും പലിശയും ചേർത്താണ് ഈ 15 ലക്ഷം നിശ്ചയിക്കുന്നത്.
ചുരുക്കി പറഞ്ഞാൽ ഒരു ബാങ്കിൽ ഒരാളുടെ പേരിൽ 15 ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമുണ്ടെങ്കിലും പരമാവധി ഇൻഷുറൻസ് തുക ലഭിക്കുക 15 ലക്ഷം രൂപയായിരിക്കും. അതുപോലെ, ഒരാളുടെ പേരിൽ ഒരേ ഉത്തരവാദിത്തത്തിൽ ഉള്ള നിക്ഷേപം ആണ് ഒരുമിച്ച് കണക്കാക്കുക. പാർട്ണർഷിപ് അക്കൗണ്ടിലെ പാർട്ണർ എന്ന നിലയിലുള്ള നിക്ഷേപം സ്വന്തം പേരിലുള്ള മറ്റൊരു നിക്ഷേപത്തിന്റെ കൂടെ കൂട്ടില്ല എന്നർത്ഥം.
രണ്ട് പേരുടെ പേരിലുള്ള നിക്ഷേപമാണെങ്കിൽ, ആദ്യത്തെ പേരാണ് കണക്കാക്കുക. ഒരാളുടെ പേര് ഒരു അക്കൗണ്ടിൽ ഒന്നാമതും രണ്ടാമത്തെ അക്കൗണ്ടിൽ രണ്ടാമതും ആണെങ്കിൽ ഈ രണ്ട് അക്കൗണ്ടുകളും രണ്ടായി കണക്കാക്കും. ബാങ്കിൽ ഇടപാടുകാരന് നിക്ഷേപകൻ എന്ന നിലയിൽ തന്നെ വായ്പയുണ്ടെങ്കിൽ, ഇൻഷുറൻസ് തുകയിൽ നിന്ന് വായ്പ തുക കിഴിച്ച് ബാക്കി തുക മാത്രമേ ലഭിക്കുകയുള്ളൂ.
എപ്പോഴാണ് ഇൻഷുറൻസ് തുക ലഭിക്കുക?
ഏതെങ്കിലും കാരണത്താൽ ബാങ്കിന്റെ പ്രവർത്തനം നിലച്ചു പോകുന്ന സമയത്താണ് (bank failure) ഇൻഷുറൻസ് പരിരക്ഷ നൽകുക. ഇതിനു ഇടപാടുകാർ പ്രത്യേകം അപേക്ഷയൊന്നും നൽകേണ്ടതില്ല. പ്രവർത്തനം നിലച്ചു പോയ ബാങ്കിന്റെ തുടർ നടപടികൾ ചെയ്യുവാൻ ഉത്തരവാദിത്ത ഉദ്യോഗസ്ഥർ (liquidator) അക്കാര്യത്തിൽ വേണ്ടത് ചെയ്തുകൊള്ളും. ഇൻഷുറൻസ് തുകക്ക് ക്ലെയിം നൽകി രണ്ടു മാസത്തിനുള്ളിൽ ഇൻഷുറൻസ് കോർപറേഷൻ തുക നൽകും.
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്
kallarakkalbabu@gmail.com