അപ്രതീക്ഷിത വിഡിയോ കോള്‍, ഈ പ്രശ്നം വാട്സാപ് ഉടൻ പരിഹരിച്ചേക്കും

Mail This Article
അപ്രതീക്ഷിത വിഡിയോ കോള്‍ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം വാട്സാപ് ഉടന്‍ പരിഹരിച്ചേക്കും ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തത്സമയ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ്പ് കോളുകള്‍ക്കും വിഡിയോകോളുകള്ക്കും പ്രയോജനപ്പെടുത്തുന്നവര്‍ ധാരാളമാണ്. എന്നാല്‍, മറ്റുള്ളവര്‍ക്കൊപ്പം നില്ക്കുന്ന സമയത്ത് ഒരു വിഡിയോകോള്‍ വരുന്നത് ചിലപ്പോഴെങ്കിലും അസൗകര്യം സൃഷ്ടിച്ചേക്കാം. അതുമാത്രമോ, തട്ടിപ്പുകാരും വാട്സാപ്പിന്റെ വിഡിയോകോള്‍ ഫീച്ചര്‍ വ്യാപകമായി ദുരുപയോഗം ചെയ്യാറുണ്ട്.
വിഡിയോ കോള്‍ വരുമ്പോള്‍ തന്നെ വാട്സാപ് ഫോണിന്റെ ക്യാമറയും തുറന്നു നല്‍കും. തട്ടിപ്പുകാരില്‍ നിന്നു വരുന്ന കോളുകളാണെങ്കില്‍ അവര്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയോ, സ്ക്രീന്‍ റെക്കോഡ് നടത്തുകയോ ചെയ്തേക്കാം താനും. ഇത് ബ്ലാക്മെയിലിങിനും ഭീഷണികള്‍ക്കും വഴിവയ്ക്കുകയും ചെയ്യാം. പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന ഭീഷണി അടക്കം ലഭിച്ചേക്കാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ കോള്‍ ലഭിക്കുന്ന ആള് ആഗ്രഹിക്കുന്നത് ക്യാമറാ തുറക്കാതെ കോള്‍ എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാകാം. അങ്ങനെ ഒരു ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തില്‍ ഉണ്ടെന്നാണ് ആന്‍ഡ്രോയിഡ് ഒതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാട്സാപ്പിന്റെ ബീറ്റ പതിപ്പില്‍ തങ്ങള്‍ ഇതു കണ്ടു എന്നാണ് റിപ്പോര്‍ട്ട്. ഐഓഎസില് അടക്കം ഈ ഫീച്ചര്‍ വരും അപ്ഡേറ്റുകളില് ലഭിച്ചേക്കാം.
പ്രവര്‍ത്തനസജ്ജമായാല്‍ വിഡിയോ കോള്‍ വരുമ്പോള്‍ 'ടേണ്‍ ഓഫ് യുവര്‍ വിഡിയോ' എന്നൊരു വെര്‍ച്വല്‍ ബട്ടണ്‍ വാട്സാപ്പില്‍ കാണാന്‍ സാധിക്കുക. അതില്‍ സ്പര്‍ശിച്ചു കഴിഞ്ഞാല്‍ കോള്‍ വിഡിയോ ഇല്ലാതെ വോയിസ് മാത്രമായി ലഭിക്കും. 'അക്സപ്റ്റ് വിതൗട്ട് വിഡിയോ' എന്നൊരു ബട്ടണും ഉണ്ടാകാമെന്നും പറയുന്നു.
ഈ പുതിയ ഫീച്ചര്‍ സാധാരണ ഗതിയില്‍ എല്ലാവര്ക്കും ആവശ്യമുള്ളതല്ല. എന്നാല്‍, തട്ടിപ്പുകാരില്‍ നിന്നും മറ്റും രക്ഷപെടാന്‍ ഗുണകരമായേക്കാം താനും. ഇത് എന്നാണ് പരീക്ഷണഘട്ടം കടന്ന് പ്രവര്‍ത്തനക്ഷമമാകുക എന്നും ഇപ്പോള്‍ വ്യക്തമല്ല.