'ഇന്ത്യക്കാർക്ക് ഗോമൂത്രവും ചാണകവും; മാംസം കയറ്റുമതിക്കും'; പ്രചാരണത്തിന്റെ വാസ്തവം | Fact Check
.jpg?w=1120&h=583)
Mail This Article
ബീഫ് കയറ്റുമതിയിൽ ഇന്ത്യ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന അവകാശവാദത്തോടെ ഏതാനും പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യക്കാർ പശുവിന്റെ വിസർജ്യങ്ങൾ ഭക്ഷിച്ച് മാംസം വിദേശത്തുള്ളവർക്ക് നൽകുന്നുവെന്ന് പരിഹാസരൂപേണയാണ് പ്രചാരണം. വിദേശനാടുകളിൽ ബീഫ് കൗണ്ടറുകള്‍ തുടങ്ങി എന്നും ഇതിൽ പറയുന്നു. വാസ്തവമറിയാം.
∙ അന്വേഷണം
'ബീഫ് കയറ്റുമതിയിൽ വൻമുന്നേറ്റം നടത്തി ഇന്ത്യ. വിദേശനാടുകളിൽ ബീഫ് കൗണ്ടറുകൾ' എന്ന എഴുത്തിനൊപ്പം ജനം ടിവിയുടെ ഒരു ലോഗോ ചേർത്ത ഒരു ചിത്രമാണ് അവകാശവാദത്തോടൊപ്പം പ്രചരിക്കുന്നത്. പരിശോധിച്ചപ്പോൾ ജനം ടിവി ഇത്തരത്തിലൊരു വാർത്ത നൽകിയതായി കണ്ടെത്തിയില്ല. രാജ്യം നേരിട്ടോ അല്ലാതെയോ പ്രത്യേകം ബീഫ് കൗണ്ടറുകൾ എവിടെയും തുടങ്ങിയതായും റിപ്പോർട്ടുകള്‍ കണ്ടെത്തിയില്ല. മുൻ വർഷങ്ങളിലും സമാന പ്രചാരണങ്ങൾ നടന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന്, ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതിയെ കുറിച്ചാണ് പരിശോധിച്ചത്. ഏതാനും വർഷങ്ങളായി, ലോകത്ത് ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ തന്നെ ഇന്ത്യയുൾപ്പെടുന്നുണ്ട്. നല്ല വരുമാനവും രാജ്യത്തിനുണ്ട്. 2024 ഒക്റ്റോബറിൽ മനോരമ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നതു പ്രകാരം, ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) പോത്തിറച്ചി കയറ്റുമതിയിലൂടെ 374.05 കോടി ഡോളറിന്റെ (ഏകദേശം 31,010 കോടി രൂപ) വരുമാനം നേടിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (അപെഡ) റിപ്പോർട്ട്. ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ ബ്രസീലും, ഓസ്‌ട്രേലിയയും അമേരിക്കയും മുന്നിലുണ്ട്.
.jpeg)
കോവിഡ്–19നെ തുടർന്ന് 2020, 2021, 2022 വർഷങ്ങളിൽ താരതമ്യേന ചെറിയ ഇടിവുണ്ടായിരുന്നെങ്കിലും 2023 മുതൽ ബീഫ് കയറ്റുമതി രാജ്യത്ത് ഉയർന്നിട്ടുണ്ട്. 2025ല്‍ ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതി വലിയ മാറ്റമില്ലാതെ തുടരുകയും, രാജ്യത്തെ ഉപയോഗം വർധിക്കുകയും ചെയ്യുമെന്നാണ് പ്രവചനം.
.png)
ഗോ സംരക്ഷണത്തെക്കുറിച്ച് പറയുമ്പോഴും പശുവിനെ കൊന്ന്, മാംസം കയറ്റുമതി ചെയ്യുന്നു എന്നും പ്രചാരണമുണ്ട്. മാട്ടിറച്ചി അഥവ ബീഫ് എന്ന് പറയുമ്പോൾ കാള, പശു, പോത്ത്, എരുമ എന്നിവയിൽ ഏതിന്റെ മാംസം വേണമെങ്കിലുമാകാം. പരിശോധിച്ചപ്പോൾ, പശുവിന്റെ മാംസമല്ല, മറിച്ച് പോത്തിറച്ചിയാണ് ഇന്ത്യയിൽ നിന്ന് വൻ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നത്.
.png)
∙ വാസ്തവം
ബീഫ് (പോത്തിറച്ചി) കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റമുണ്ടെന്നത് ശരിയാണ്. എന്നാൽ, ബീഫ് കൗണ്ടറുകൾ ആരംഭിച്ചത് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയില്ല.