റൺവേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിൽ മുംബൈ താരങ്ങൾ, നേർക്കുനേരെത്തിയ 2 തവണയും ജയിച്ചത് ഡൽഹി; ഇന്ന് കലാശപ്പോര്

Mail This Article
മുംബൈ ∙ ധൈര്യമുണ്ടെങ്കിൽ ഓരോരുത്തരായി വാ!– മുംബൈ ഇന്ത്യൻസ് ഇങ്ങനെ പറഞ്ഞാൽ ഡൽഹി ക്യാപിറ്റൽസ് ഒന്നു പേടിക്കേണ്ടതാണ്. വ്യക്തിഗത മികവിൽ മുംബൈ താരങ്ങളുടെ അടുത്തെങ്ങുമില്ല ഈ വനിതാ പ്രിമിയർ ലീഗ് സീസണിൽ ഡൽഹിയുടെ താരങ്ങൾ. റൺനേട്ടത്തിലും (നാറ്റ് സിവർ ബ്രന്റ്– 493) വിക്കറ്റ് വേട്ടയിലും (ഹെയ്‌ലി മാത്യൂസ്–17) ഒന്നാമതുണ്ട് മുംബൈയുടെ താരങ്ങൾ. പക്ഷേ, ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും ജയിച്ചത് ഡൽഹി തന്നെ!
ഇന്നു ഫൈനലിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ മുംബൈയുടെ വ്യക്തിഗത മികവിനു തങ്ങളുടെ ‘ടീം ഗെയിം’ ആണ് ഡൽഹിയുടെ മറുപടി. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി നേരിട്ടു ഫൈനൽ കളിക്കുന്നതിന്റെ ആത്മവിശ്വാസവും ഡൽഹിക്കുണ്ട്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം. മുംബൈ രണ്ടാം ട്രോഫി ലക്ഷ്യമിടുമ്പോൾ കന്നിക്കിരീടമാണ് ഡൽഹിയുടെ സ്വപ്നം.
∙ ഓൾറൗണ്ട് മുംബൈ, പവർപ്ലേ ഡൽഹി
ഓൾറൗണ്ടർമാരുടെ ‘ഓൾസ്റ്റാർ ടീം’ ആണ് മുംബൈ. റൺനേട്ടത്തിൽ ഒന്നാമതുള്ള നാറ്റ് സിവറിനു തന്നെ 9 വിക്കറ്റുകളുമുണ്ട്. വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള ഹെയ്‌ലിയുടെ പേരിൽ 304 റൺസുമുണ്ട്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (സീസണിൽ 236 റൺസ്), അമേലിയ കെർ (16 വിക്കറ്റുകൾ)..പിന്നെയുമുണ്ട് മുംബൈ നിരയിൽ സൂപ്പർ താരങ്ങൾ.
വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായ ഓസ്ട്രേലിയൻ താരം മെഗ് ലാനിങ്ങിന്റെ നേതൃത്വത്തിലുള്ള ഡൽഹിക്കു കൂടുതൽ കരുത്ത് ബോളിങ്ങിലാണ്. ഓസീസ് സ്പിന്നർ ജെസ് ജൊനാസനും ഇന്ത്യൻ പേസർ ശിഖ പാണ്ഡെയുമാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ– 11 വീതം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മുംബൈയെ 9 വിക്കറ്റിനു തകർത്തപ്പോൾ 4 വീതം വിക്കറ്റുകളാണ് ഇരുവരും നേടിയത്.
പവർപ്ലേയിൽ ഷെഫാലി വർമ (300 റൺസ്) നൽകുന്ന വെടിക്കെട്ട് തുടക്കത്തിൽ കൂടിയാണ് ഡൽഹിയുടെ പ്രതീക്ഷ. സീസണിൽ ഏറ്റവും കൂടുതൽ സിക്സർ (16) നേടിയ താരമാണ് ഷെഫാലി. ഷെഫാലി അടിച്ചു തകർക്കുകയും ക്യാപ്റ്റനും സഹഓപ്പണറുമായ മെഗ് ലാനിങ് (263 റൺസ്) മികച്ച പിന്തുണ നൽകുകയും ചെയ്താൽ ഡൽഹിയുടെ തുടക്കം കസറും.
∙ മിന്നു Vs സജന
വനിതാ പ്രിമിയർ ലീഗ് ഫൈനൽ മലയാളി താരങ്ങളുടെ നേർക്കുനേർ പോരാട്ടം കൂടിയാണ്. ഡൽഹി ടീമിൽ മിന്നു മണിയും മുംബൈ നിരയിൽ സജന സജീവനും. വയനാട്ടുകാരായ ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. മിന്നു സീസണിൽ 6 വിക്കറ്റുകൾ നേടിയിട്ടുണ്ട്. സജന 51 റൺസും ഒരു വിക്കറ്റും നേടി.