ആദായ നികുതി ഇളവോടെ ഓഹരി അധിഷ്ഠിത പോര്‍ട്ട്‌ഫോളിയോ തയാറാക്കാം

Mail This Article
ന്യൂ റെജിമിന്റെ ആകര്‍ഷണീയത അനുദിനം മങ്ങിവരവേ ആദായ നികുതി ഇളവോടെ ഓഹരി വിപണിയില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കും 2024-25 സാമ്പത്തിക വര്‍ഷം.
റിസ്‌ക് എടുക്കാന്‍ തയാറുള്ളവര്‍ക്ക് നികുതി ഇളവോടെ നാണ്യപ്പെരുപ്പത്തെ അതിജീവിക്കുന്ന ഒരു പോര്‍ട്ട്‌ഫോളിയോ രൂപീകരിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. അതിനുപറ്റുന്ന ഏതാനും നിക്ഷേപമാര്‍ഗങ്ങളെ കൂടുതല്‍ അടുത്തറിയാം

1. യുലിപ് അഥവാ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ യുലിപ് പോളിസികള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളാണ്. അടയ്ക്കുന്ന പ്രീമിയത്തിന് ഇന്‍ഷുറന്‍സ് സംരക്ഷണവും ലഭിക്കും ലാഭവും ലഭിക്കും. റിസ്‌ക് കവറിന്റെയും ഇന്‍വസ്റ്റ്മെന്ററിന്റെയും ഫലങ്ങള്‍ ഒരുമിച്ച് ചേര്‍ത്തിരിക്കുന്നു.
പോളിസി ഉടമകളുടെ നിക്ഷേപ ലക്ഷ്യം, റിസ്‌ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലയളവ് തുടങ്ങിയവയെ ആധാരമാക്കി യുലിപ് പോളിസികള്‍ വിവിധ ഫണ്ടുകള്‍ ലഭ്യമാക്കുന്നുണ്ട്. ഓരോ ഫണ്ടിനും വിവിധ തരത്തിലുള്ള റിസ്‌ക് അഥവ നഷ്ടസാധ്യതയാണ് ഉള്ളത്. ഓരോ ഫണ്ടില്‍ നിന്നും ലഭിക്കുന്ന ലാഭനിരക്കിലും വ്യത്യാസം ഉണ്ടായിരിക്കും. മികച്ച നേട്ടത്തിന് യുലിപ് പോളിസികളിലെ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാം.
പോളിസി ഉടമകള്‍ അടയ്ക്കുന്ന പ്രീമിയം തുകയിലെ യൂണിറ്റുതുക കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണ് ഇക്വിറ്റി ഫണ്ട്. ഉയര്‍ന്ന റിസ്‌ക് ഉള്ള ഫണ്ട് കാറ്റഗറിയാണ് ഇത്. യുലിപ് ഇന്‍ഷുറന്‍സ് പോളിസികളിലെ നിക്ഷേപം വിവിധ തരത്തിലുള്ള റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപത്തില്‍ നിന്ന് ലാഭം ഗാരന്റി നല്‍കുന്നില്ല. ഓഹരി വിപണി, സമ്പദ് വ്യവസ്ഥ എന്നിവയിലെ ഗതിവിഗതികള്‍ക്ക് അനുസരിച്ച് നിക്ഷേപത്തില്‍ നിന്നുള്ള ലാഭ, നഷ്ട നിരക്കിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അഞ്ച് വര്‍ഷമാണ് ലോക്ക് ഇന്‍ പീരിഡ്.
പ്രീമിയം അടവില്‍ പ്രതിവര്‍ഷം 1.5 ലക്ഷം രൂപവരെ 80 സി വകുപ്പ് പ്രകാരം ആദായ നികുതി ഇളവുണ്ട്. വാര്‍ഷിക പ്രീമിയം അടവ് 2.5ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ പോളിസി കാലവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന മച്യൂരിറ്റി തുകയ്ക്ക് 10(10 ഡി ) പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. പ്രീമിയം അടവ് അതില്‍ കൂടിയാല്‍ നികുതി ബാധ്യത വരും.
2. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം(ഇഎല്‍എസ്എസ്)

ആദായ നികുതി ഇളവ് ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഇത്. ഇതില്‍ നിക്ഷേപിച്ചാല്‍ മൂന്നു വര്‍ഷം കഴിഞ്ഞേ പണം പിന്‍വലിക്കാന്‍ കഴിയൂ. മൂന്നുവര്‍ഷത്തേക്ക് നിക്ഷേപകരുടെ പണം സ്വതന്ത്രമായി വിനിയോഗിക്കാന്‍ ഫണ്ട് മനേജര്‍ക്ക് ലഭിക്കുന്നത് കൊണ്ട് താരതമ്യേന മികച്ച് നേട്ടം ഇതില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. തുക ഒരുമിച്ചോ പ്രതിമാസ തവണകളായോ ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാം.
എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളുടെ കഴിഞ്ഞ കാല ലാഭ നിരക്ക് ഭാവിയിലും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല എന്നും നേട്ട സാധ്യത ഓഹരി വിപണിയുടെ ഗതിവിഗതികള്‍ക്കനുസരിച്ചായിരിക്കും എന്നതും മറക്കരുത്. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപവരെയുള്ള ഇതിലെ നിക്ഷേപത്തിന് 80 സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. മൂന്നവര്‍ഷം കഴിഞ്ഞ് വിറ്റാല്‍ 1.25 ലക്ഷം രൂപവരെയുള്ള ലാഭത്തിന് ആദായ നികുതിയില്ല. എന്നാല്‍ അതില്‍ കൂടുതല്‍ വരുന്ന ലാഭത്തിന് ആദായ നികുതി നല്‍കണം.
3. എന്‍പിഎസ്

പദ്ധതിയില്‍ ചേര്‍ന്നാല്‍ 60 വയസ് വരെയാണ് നിക്ഷേപ കാലവധി. പ്രതിവര്‍ഷമോ പ്രതിമാസമോ പണം നിക്ഷേപിക്കാം. പ്രതിവര്‍ഷം ചുരുങ്ങിയത് 1000 രൂപയെങ്കിലും നിക്ഷേപിച്ചിരിക്കണം. പരമാവധി എത്ര രൂപവരെയും നിക്ഷേപിക്കാം. നിക്ഷേപ ലക്ഷ്യം, റിസ്‌ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലയളവ് തുടങ്ങിയവയെ ആധാരമാക്കി എന്‍.പി.എസ് വിവിധ ഫണ്ടുകള്‍ ലഭ്യമാക്കുന്നുണ്ട്.
ഓരോ ഫണ്ടിനും വിവിധ തരത്തിലുള്ള റിസ്‌ക് അഥവാ നഷ്ടസാധ്യതയാണ് ഉള്ളത്. ഓരോ ഫണ്ടില്‍ നിന്നും ലഭിക്കുന്ന ലാഭനിരക്കിലും വ്യത്യാസം ഉണ്ടായിരിക്കും. മികച്ച നേട്ടത്തിന് എന്‍പിഎസിലെ ഇക്വിറ്റി ഫണ്ടുകളിലാണ് നിക്ഷേപിക്കേണ്ടത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൊത്തം ഫണ്ട് തുകയുടെ 60 ശതമാനം പണമായി കൈപ്പറ്റാം. ബാക്കി 40 ശതമാനം തുക നല്‍കി പെന്‍ഷന്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങണം. ഇതില്‍ നിന്ന് പ്രതിമാസ പെന്‍ഷന്‍ ലഭിക്കും.
രണ്ട് ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ആദായ നകുതി ഇളവ് ഉണ്ട്. ഇതില്‍ 1.5 ലക്ഷം രൂപവരെ വകുപ്പ് 80 സി പ്രകാരമാണ്. 50,000 രൂപവരെയുള്ള അധിക അടവിന് വകുപ്പ് 80 സിസിഡി (1 ബി) പ്രകാരം അധിക ആദായ നികുതി ഇളവും ലഭിക്കും.
(പഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും ഓന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ jayakumarkk8@gmail.com)