മണപ്പുറം ഫിനാൻസിന്റെ പാർട്ണറായി ഇനി ബെയ്ൻ ക്യാപിറ്റലും; 18% ഓഹരി ആദ്യം ഏറ്റെടുക്കും, നിക്ഷേപം 4,385 കോടി

Mail This Article
തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിൽ (Manappuram Finance) നിക്ഷേപ പങ്കാളിയാകാൻ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital).
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പ്രിഫറൻഷ്യൽ ഓഹരി ഇടപാടിലൂടെ മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ 4,385 കോടി രൂപ നിക്ഷേപിച്ച് ബെയ്ൻ സ്വന്തമാക്കും. ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ മണപ്പുറം ഫിനാൻസ് സ്ഥിരീകരിച്ചു. പുതിയ ഓഹരികൾ സൃഷ്ടിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ യോഗ്യരായ നിക്ഷേപകർക്ക് നൽകുന്ന രീതിയാണ് പ്രിഫറൻഷ്യൽ ഓഹരി വിൽപന.

ഇതിനു പുറമെ, ഓഹരി വാറന്റ് ഇനത്തിലും കൈമാറും. നിശ്ചിത സമയത്തിനകം നിശ്ചിത വിലയിൽ ഓഹരി വാങ്ങാനുള്ള ധാരണയാണിത്. ആദ്യഘട്ടത്തിൽ ഓഹരിക്ക് 236 രൂപ വിലപ്രകാരം 9.29 കോടി ഓഹരികളാണ് ബെയ്ൻ നേടുക. മണപ്പുറം ഫിനാൻസിന്റെ കഴിഞ്ഞ 6 മാസത്തെ ശരാശരി ഓഹരിവിലയേക്കാൾ 30% പ്രീമിയത്തിലാണ് (അധികവില) ഏറ്റെടുക്കൽ. ഉപകമ്പനിയായ ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XXV വഴിയായിരിക്കും ഇടപാട്. പുറമെ മറ്റൊരു ഉപകമ്പനിയായ ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XXIV വഴി തത്തുല്യ ഓഹരി വാറന്റും നൽകും.
പിന്നീട് ചട്ടപ്രകാരം നിർബന്ധമായ ഓപ്പൺ-ഓഫറിലൂടെ മണപ്പുറം ഫിനാൻസിന്റെ 26% ഓഹരികൾ കൂടി പൊതു നിക്ഷേപകരിൽ നിന്ന് ഓപ്പൺ-ഓഫർ വഴി ബെയ്ൻ ക്യാപിറ്റൽ ഏറ്റെടുക്കും. ഇതോടെ, 40 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തവുമായി മണപ്പുറം ഫിനാൻസിന്റെ പാർട്ണർ ആയി ബെയ്ൻ മാറും. മണപ്പുറം ഫിനാൻസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഡയറക്ടറെ നിയമിക്കാനുള്ള അവകാശവും ലഭിക്കും. മണപ്പുറം ഫിനാൻസിന്റെ തത്തുല്യ നിയന്ത്രണാവകാശവും സ്വന്തമാകും. ഇടപാടിനുശേഷം മണപ്പുറം ഫിനാൻസിന്റെ പ്രൊമോട്ടറും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്ത അനുപാതം 28.9 ശതമാനമായി മാറും. നിലവിൽ ഇതു 35.25 ശതമാനമാണ്.

നേരത്തെ, മണപ്പുറം ഫിനാൻസിന്റെ നിയന്ത്രണ ഓഹരികൾ ബെയ്ൻ സ്വന്തമാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, വി.പി. നന്ദകുമാറും കുടുംബവും നിലവിലെ ഓഹരികൾ തന്നെ കൈവശംവച്ച് ബെയ്നിനൊപ്പം പ്രൊമോട്ടർ സ്ഥാനത്തുതന്നെ തുടരുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിലൂടെ വ്യക്തമായി. നൂതന പദ്ധതികളിലൂടെ സുസ്ഥിര വളർച്ച ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ബെയ്ൻ ക്യാപിറ്റലുമായുള്ള സഹകരണമെന്ന് വി.പി. നന്ദകുമാർ വ്യക്തമാക്കി.
അതേസമയം, ഇന്നലെ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇയിൽ 1.67% ഉയർന്ന് 217.49 രൂപയിലാണ് വ്യാപാരാന്ത്യത്തിൽ ഓഹരിവില. 2024 ജൂലൈ 19ന് കുറിച്ച 230.40 രൂപയാണ് ഓഹരിയുടെ 52-ആഴ്ചത്തെ ഉയരം. 18,409 കോടി രൂപയാണ് മണപ്പുറം ഫിനാൻസിന്റെ വിപണിമൂല്യം. മണപ്പുറം ഫിനാൻസിന്റെ ഉപകമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസ് (Asirvad Micro Finance) പ്രാരംഭ ഓഹരി വിൽപന (IPO) നീക്കം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചനകൾ.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business