ADVERTISEMENT

ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസവുമായി സ്വർണവിലയിൽ ഇന്നു മികച്ച കുറവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 8,270 രൂപയായി. പവന് 320 രൂപ താഴ്ന്ന് വില 66,160 രൂപയും. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയുമാണ് റെക്കോർഡ്. കഴിഞ്ഞ 3 ദിവസത്തിനിടെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടിയശേഷമാണ് ഇന്നു കുറഞ്ഞത്.

Image: Shutterstock/Africa Studio
Image: Shutterstock/Africa Studio

കഴിഞ്ഞ ദിവസങ്ങളിലെ രാജ്യന്തരവിലയിലെ റെക്കോർഡ് മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് നടത്തിയതും അതുമൂലം വില കുറഞ്ഞതും കേരളത്തിലും വില താഴാൻ സഹായിച്ചു. രാജ്യാന്തര സ്വർണവില ഔൺസിന് 3,058 ഡോളർ എന്ന സർവകാല റെക്കോർഡിൽ നിന്ന് 3,030 ഡോളറിലേക്കാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപ കാഴ്ചവയ്ക്കുന്ന മികച്ച തിരിച്ചുവരവും സ്വർണവിലയെ താഴേക്കു നയിച്ചു. ഇന്നു ഡോളറിനെതിരെ 14 പൈസ മെച്ചപ്പെട്ട് 86.23ലാണ് രൂപ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും മികച്ച മൂല്യം. തുടർച്ചയായ എട്ടാംദിവസമാണ് രൂപ നേട്ടത്തിൽ തുടരുന്നതും.

രൂപ ശക്തമാകുകയും ഡോളർ താഴുകയും ചെയ്യുമ്പോൾ സ്വർണം ഇറക്കുമതിച്ചെലവ് കുറയും. ഇത്, ആഭ്യന്തര സ്വർണവില കുറയാൻ സഹായിക്കും. അതേസമയം, രാജ്യാന്തരവില വൻ ചാഞ്ചാട്ടത്തിനു വരുംദിവസങ്ങളിൽ സാക്ഷിയായേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ലാഭമെടുപ്പ് തുടർന്നാൽ വില 2,945 ഡോളറിലേക്കുവരെ ഇടിയാം. ഇതു കേരളത്തിലും സ്വർണവില വൻതോതിൽ കുറയാൻ സഹായിക്കും.

Indian rupee notes of different denominations of the Republic of India and a gold bar of 999 fineness
Indian rupee notes of different denominations of the Republic of India and a gold bar of 999 fineness

എന്നാൽ, യുഎസ് തുടക്കമിട്ട ആഗോള വ്യാപാരയുദ്ധം കനക്കുകയും യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമാകുകയും ചെയ്താൽ അതു നേട്ടമാവുക സ്വർണത്തിനാണ്. ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാറുകൾ സംബന്ധിച്ച അനിശ്ചിതത്വവും സ്വർണവിലയ്ക്ക് കുതിപ്പാകും. വില കുറഞ്ഞതു മുതലെടുത്ത് വാങ്ങൽ താൽപര്യം കൂടിയാലും സ്വർണം മുന്നേറും. അങ്ങനെയെങ്കിൽ രാജ്യാന്തരവില 3,100 ഡോളറിലേക്ക് അടുക്കുകയും കേരളത്തിൽ വില പുതിയ ഉയരം തൊടുകയും ചെയ്യാമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

18 കാരറ്റും വെള്ളിയും

സംസ്ഥാനത്ത് വെള്ളിവില ഗ്രാമിനു രണ്ടുരൂപ കുറഞ്ഞ് 110 രൂപയായി. വെള്ളിയാഭരണങ്ങൾ, വെള്ളി കൊണ്ടുള്ള പാത്രങ്ങൾ, പൂജാസാമഗ്രികൾ, വിഗ്രഹങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിനു വെള്ളി ഉപയോഗിക്കുന്നവർക്കും ഈ വിലക്കുറവ് തൽകാലം ആശ്വാസമാണ്. 18 കാരറ്റ് സ്വർണത്തിനും ഇന്നു വില കുറഞ്ഞു. ചില കടകളിൽ 30 രൂപ കുറഞ്ഞ് 6,825 രൂപയായപ്പോൾ, ചില കടകളിൽ 40 രൂപ കുറഞ്ഞ് 6,785 രൂപയിലാണ് വ്യാപാരം.

ഉപഭോക്താക്കൾ എന്തു ശ്രദ്ധിക്കണം?

സ്വർണം വൻതോതിൽ‌ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഇതു കൂടുതൽ നേട്ടമാവുക. ഒട്ടുമിക്ക ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം ലഭ്യമാക്കുന്നുണ്ട്.

Image : Shutterstock/FOTOGRIN
Image : Shutterstock/FOTOGRIN

വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ നിശ്ചിത ശതമാനം തുക മുൻകൂർ നൽകി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏറ്റവും കുറഞ്ഞവിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് ഗുണം. ബുക്ക് ചെയ്തശേഷം വില വൻതോതിൽ കുറയുന്നദിവസം ഷോറൂമിലെത്തി സ്വർണം വാങ്ങിയാൽ മതിയാകും. സ്വർണത്തിന് 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയുണ്ടെന്നതും ഓർക്കണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold price falls marginally today, offering temporary relief to buyers, silver also declines

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com