പൂക്കൾ മുതൽ ജെറ്റ് വിമാനം വരെ; എക്സ്റേ ഫൊട്ടോഗ്രഫിയുമായി നിക്ക്

Mail This Article
എക്സ്റേ എല്ലാവർക്കും പരിചിതമായ ഒന്നാണ്. പലപ്പോഴും മനുഷ്യന്റെ ശരീര ഭാഗങ്ങളുടെ എക്സ്റേയാകും നമ്മിൽ പലരും കണ്ടിട്ടുണ്ടാകുക. എന്നാൽ, മൊബൈൽ ഫോണുകളും പാവക്കുട്ടികളും മുതൽ ബുൾഡോസറുകളും ജംബോ ജെറ്റുകളും വരെ, ചെറുതും വലുതുമായ വസ്തുക്കളുടെ എക്സ്റേ എടുക്കുന്ന ഒരാളാണ്ട്. നിക്ക് വീസി. ആരോഗ്യരംഗത്തല്ല, കലാരംഗത്താണ് നിക്ക് പ്രവർത്തിക്കുന്നത് എന്നറിയുമ്പോഴാണ് കൗതുകം കൂടുന്നത്. കലയും എക്സ്റേയും തമ്മിലെന്തു ബന്ധം എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് നിക്ക് വീസിയുടെ എക്സ്റേ ഫൊട്ടോഗ്രഫി...!


എക്സ്റേ ഇമേജിങ് ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ബ്രിട്ടിഷ് കലാകാരനാണ് നിക്ക് വീസി. ലളിതമെന്ന് തോന്നുന്ന ‘എക്സ്റേകൾ’ എടുത്ത് അവ യോജിപ്പിച്ച്, സാധാരണ വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന ആഴത്തിലുള്ള കഥകൾ പുറത്തു കൊണ്ടുവരുന്ന ശൈലിയാണ് നിക്കിന്റേത്. ‘എക്സ് റേ മാൻ’ എന്നറിയപ്പെടുന്ന നിക്ക് തന്റെ ആവിഷ്കാരത്തിനുള്ള മാധ്യമമായി വൈദ്യുതകാന്തിക വികിരണങ്ങളാണ് കലാസൃഷ്ടികളിൽ ഉപയോഗിക്കുന്നത്. എൻജിനീയറിങ്, ശാസ്ത്രം, ഫൊട്ടോഗ്രഫി എന്നിവ സംയോജിപ്പിച്ച് ആകർഷകവും നിഗൂഢവുമായ ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കുന്നു എന്നതാണ് നിക്കിന്റെ പ്രത്യേകത.
തന്റെ എക്സ്റേ സ്റ്റുഡിയോയില്‍ വച്ച് വസ്തുക്കളുടെയും ജീവജാലങ്ങളുടെയും വ്യക്തിഗത ചിത്രങ്ങൾ എടുത്താണ് നിക്ക് ജോലി ആരംഭിക്കുന്നത്. തുടർന്ന്, ഫിസിക്കൽ എക്സ്റേകൾ ഡിജിറ്റലായി അപ്‌ലോഡ് ചെയ്ത് ലെയർ ചെയ്യുകയും, സാധാരണ വസ്തുക്കളിലുള്ള ആഴമേറിയ അർഥങ്ങൾ പുറത്തു കൊണ്ടുവരികയും ചെയ്യുന്നു. നിക്ക് ഇതുവരെ നാലായിരത്തിലധികം വസ്തുക്കളുടെ എക്സ്റേ എടുത്തിട്ടുണ്ട്. അതിൽ പൂക്കൾ, സ്റ്റീൽ എലിവേറ്റർ കോഗുകൾ, അലാറം ക്ലോക്കുകൾ, ട്രാക്ടറുകൾ, ശരീരഭാഗങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.


നിക്കിന്റെ കലാസൃഷ്ടികള്‍ പലപ്പോഴും ഒറ്റ എക്സ്റേകളല്ല, ഫോട്ടോഷോപ്പിൽ കൂട്ടിച്ചേർത്തെടുത്ത മനോഹരമായ നിരവധി എക്സ്റേകളുടെ കൊളാഷുകളാണ്. ലോകമെമ്പാടുമുള്ള പരസ്യ ക്യാമ്പെയ്‌നുകൾക്കും ആർട്ട് ഗാലറികൾക്കും വേണ്ടി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ഇരുപതിലധികം പ്രശസ്തമായ പുരസ്കാരങ്ങളാണ് ഈ കലാസൃഷ്ടികള്‍ അദ്ദേഹത്തിനു നേടിക്കൊടുത്തത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ അഡിഡാസ്, എച്ച് ആൻഡ് എം, ടൈം, ഹാർപ്പേഴ്‌സ് ബസാർ, വൈസ് തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിക്കുകയും സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുളള പ്രശസ്തമായ 'ഫോട്ടോഗ്രാഫിസ്ക' പോലുള്ള ഗാലറികളിൽ അദ്ദേഹത്തി്റെ കലാ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.