ADVERTISEMENT

മുംബൈ∙ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് ചൊല്ല് വനിതാ പ്രിമിയർ ലീഗ് ഫൈനൽ പോരാട്ടങ്ങളുടെ കാര്യത്തിൽ ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചും പിഴച്ചു. വനിതാ പ്രിമിയർ ലീഗിന്റെ തുടക്കം മുതൽ തുടർച്ചയായ മൂന്നാം സീസണിലും ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനത്തിന്റെ പകിട്ടോടെ ഫൈനലിൽ കടന്ന ഡൽഹിക്ക്, ഒരിക്കൽക്കൂടി ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനു മുന്നിൽ കാലിടറി. വനിതാ പ്രിമിയർ ലീഗ് ഫൈനലുകളിൽ ഡൽഹിക്ക് ഹാട്രിക് തോൽവിയുടെ വേദന സമ്മാനിച്ച്, മുംബൈ ഇന്ത്യൻസിന് രണ്ടാം കിരീടം. ആവേശകരമായ കലാശപ്പോരാട്ടത്തിൽ 8 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. ലീഗിന്റെ പ്രഥമ സീസണിലും ഡൽഹിയെ തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് ചാംപ്യൻമാരായത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറിന് 83 റൺസ് എന്ന നിലയിൽ തകർന്ന ഡൽഹി ക്യാപിറ്റൽസിനെ, ഏഴാം വിക്കറ്റിൽ 29 പന്തിൽ 40 റൺസ് അടിച്ചുകൂട്ടിയ മരിസെയ്ൻ കാപ്പ് – നികി പ്രസാദ് സഖ്യം രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. ഒടുവിൽ ഒറ്റ വിക്കറ്റ് ബാക്കിനിൽക്കെ രണ്ടു പന്തിലും സിക്സടിച്ചാൽ ജയിക്കാമെന്ന നിലയിലേക്ക് വരെ എത്തിയെങ്കിലും ഡൽഹി മത്സരം കൈവിട്ടു.

∙ ജയിക്കാവുന്ന മത്സരം കൈവിട്ട് ഡൽഹി

ഓപ്പണർമാരും മധ്യനിരയും നിരാശപ്പെടുത്തിയതോടെ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ‍ഡൽഹിക്ക്, 26 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 40 റൺസെടുത്ത മരിസെയ്ൻ കാപ്പാണ് തോൽവിഭാരം കുറച്ചത്. ജമീമ റോഡ്രിഗസ് 21 പന്തിൽ നാലു ഫോറുകളോടെ 30 റൺസെടുത്ത് പുറത്തായി. നികി പ്രസീദ് 23 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 25 റൺസുമായി പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ മെഗ് ലാന്നിങ് (ഒൻപതു പന്തിൽ 13), ജെസ് ജൊനാസൻ (15 പന്തിൽ 13), നികി പ്രസാദ് (15 പന്തിൽ 13) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവർ. ഓപ്പണർ ഷഫാലി വർമ (ഒൻപതു പന്തിൽ നാല്), അന്നബെൽ സുതർലൻഡ് (അഞ്ച് പന്തിൽ രണ്ട്), സാറാ ബ്രൈസ് (അഞ്ച് പന്തിൽ അഞ്ച്), ശിഖ പാണ്ഡെ (0), മിന്നു മണി (രണ്ടു പന്തിൽ നാല്) എന്നിവർ നിരാശപ്പെടുത്തി. എൻ.ചരണി മൂന്നു റൺസുമായി പുറത്താകാതെ നിന്നു.

മുംബൈ ഇന്ത്യൻസിനായി നതാലി സീവർ ബ്രന്റ് നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അമേലിയ കേർ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഷബ്നിം ഇസ്മയിൽ നാല് ഓവറിൽ 15 റൺസ് വഴങ്ങിയും സൈക ഇസഹാഖ് നാല് ഓവറിൽ 33 റൺസ് വഴങ്ങിയും ഹെയ്‌ലി മാത്യൂസ് നാല് ഓളറിൽ 37 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ മുംബൈയ്ക്ക് ക്യാപ്റ്റനുണ്ട്!

സഹതാരങ്ങൾ കൂട്ടത്തോടെ നിരാശപ്പെടുത്തിയപ്പോഴും വിട്ടുകൊടുക്കാൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയാറായിരുന്നില്ല. പഞ്ചാബി വീര്യവുമായി മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ഹർമൻപ്രീത് കത്തിക്കയറിയപ്പോൾ, വനിതാ പ്രിമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ ഉയർന്നത് 150 റൺസ് വിജയലക്ഷ്യം. ഹർമൻപ്രീതിനും ടൂർണമെന്റിലെ ടോപ് സ്കോറർ കൂടിയായ നതാലി സീവർ ബ്രന്റ് ഒഴികെ മറ്റാർക്കും ശ്രദ്ധേയമായ പ്രകടനം സാധ്യമാകാതെ പോയ ഇന്നിങ്സിൽ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 149 റൺസെടുത്തത്.

അർധസെഞ്ചറിയുമായി പടനയിച്ച ഹർമൻപ്രീതാണ് മുംബൈയു‍ടെ ടോപ് സ്കോറർ. ഹർമൻപ്രീത് 44 പന്തിൽ 66 റൺസെടുത്ത് പുറത്തായി. ഒൻപതു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഹർമൻപ്രീതിന്റെ ഇന്നിങ്സ്. നതാലി സീവർ ബ്രന്റ് 28 പന്തിൽ നാലു ഫോറുകളോടെ 30 റൺസെടുത്ത് പുറത്തായി. വെറും 14 റൺസിനിടെ ഓപ്പണർമാർ രണ്ടു പേരുടെയും വിക്കറ്റ് നഷ്ടമാക്കി തകർച്ച മുന്നിൽക്കണ്ട മുംബൈയെ, മൂന്നാം വിക്കറ്റിൽ സെഞ്ചറിയുടെ വക്കോളമെത്തിയ കൂട്ടുകെട്ടുമായാണ് ഹർമൻപ്രീത് – നതാലി സഖ്യം കരകയറ്റിയത്. ഇരുവരും ചേർന്ന് 62 പന്തിൽ അടിച്ചുകൂട്ടിയത് 89 റൺസ്. ഈ കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്.

അവസാന ഓവറുകളിൽ ബൗണ്ടറികളുമായി തകർത്തടിച്ച ജി.കമാലിനി (ഏഴു പന്തിൽ ഒരു സിക്സ് സഹിതം 10), സംസ്കൃതി ഗുപ്ത (അഞ്ച് പന്തിൽ ഒരു ഫോർ സഹിതം പുറത്താകാതെ എട്ടു റൺസ്), അമൻജ്യോത് കൗർ (ഏഴു പന്തിൽ ഫോർ സഹിതം 14 റൺസ്) എന്നിവരാണ് മുംബൈ സ്കോർ 149ൽ എത്തിച്ചത്. മുംബൈ നിരയിൽ ഓപ്പണർമാരായ യാസ്തിക ഭാട്യ (14 പന്തിൽ ഒരു ഫോർ സഹിതം എട്ട്), ഹെയ്‌ലി മാത്യൂസ് (10 പന്തിൽ മൂന്ന്), അമേലിയ കേർ (മൂന്നു പന്തിൽ രണ്ട്), മലയാളി താരം സജന സജീവൻ (0) എന്നിവർ നിരാശപ്പെടുത്തി.

ഡൽഹി ക്യാപിറ്റൽസിനായി നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മരിസെയ്ൻ കാപ്പ്, മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ജെസ് ജൊനാസൻ, നാല് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത എൻ.ചരണി എന്നിവർ തിളങ്ങി. അന്നാബെൽ സുതർലൻഡ് നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

English Summary:

Delhi Capitals vs Mumbai Indians, Womens Premier League 2025 Final - Live Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com