എന്റമ്മോ! ഇത് വല്ലാത്തൊരു നഗരം തന്നെ!

Mail This Article
മാപ്പുകൾക്കു പോലും വഴി തെറ്റും. ഭൂമിയിലെ ഭ്രാന്തമായ നഗരം, വിചിത്രമായ നഗരം ഇങ്ങനെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കും ചൈനയിലെ ഈ മോഡേൺ സിറ്റിയെ. ഇവിടെ എത്തിയാൽ എത്തിയവൻ വട്ടം കറങ്ങും. ചൈനയിലെ ചോങ്പിങ് നഗരമാണ് ഇത്തരത്തിൽ വിശേഷണങ്ങൾ ഏറ്റുവാങ്ങുന്നത്. വലിയ നഗരം മാത്രമല്ല കുത്തനെയുള്ള നഗരം കൂടിയാണ് ചോങ്പിങ്. നഗരം കാണാനെത്തിയ ഒരു വ്ളോഗറിന്റെ വിഡിയോയാണ് ട്രെൻഡിങ്ങായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്ക് 90 ദശലക്ഷത്തിലധികം കാഴ്ചക്കാരായി.

അമ്പരപ്പിക്കുന്ന പല കാഴ്ചകളും നമുക്കീ വിഡിയോയിൽ കാണാൻ പറ്റും. കുത്തനെയുള്ള കുന്നുകളിലും ആഴത്തിലുള്ള താഴ്വരകളിലുമായാണ് ഈ നഗരം. ഇവിടെ സഞ്ചരിക്കുന്നത് നഗരത്തിലൂടെ നടക്കുന്നതു പോലെയല്ല മറിച്ച് ഒരു പസിലിൽ പോലെയാണെന്നാണ് വ്ളോഗർ പറയുന്നത്. ‘ഇവിടെ കെട്ടിടങ്ങൾക്ക് മുകളിൽ പെട്രോൾ പമ്പുകൾ, ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളിലൂടെ ട്രെയിനുകൾ ഓടുന്നു, ആകാശത്ത് ബസ്സുകൾ, കാറുകൾക്ക് വേണ്ടി എലിവേറ്ററുകൾ, നദിയിൽ പൊങ്ങിക്കിടക്കുന്ന ഭീമാകാരമായ റസ്റ്ററന്റുകൾ, കൂടാതെ ലോകത്തിലെ ഏറ്റവും ആഴമേറിയ സബ്‌വേയും ഉണ്ട് ’ .
സബ്‌വേ118 അടി തഴ്ചയിലേക്കാണ് പോകുന്നത്. അതായത് ഏകദേശം 39 നില കെട്ടിടത്തിന്റെ ഉയരം. വിചിത്രമെന്തെന്നു വച്ചാൽ 15 മിനിറ്റ് ഒക്കെ സഞ്ചരിച്ചാൽ മാത്രമേ സബ്‌വേയുടെ ഗ്രൗണ്ട് ഫ്ലോറിൽ എത്തുകയുള്ളൂ. 5 ഡി നഗരമെന്നാണ് ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്. ഡ്രൈവ് ചെയ്ത് വഴി തെറ്റിയാൽ മണിക്കൂറുകൾ സഞ്ചരിച്ചാലെ ശരിയായ വഴിയിലെത്തുള്ളൂ. രണ്ടാം ലോക മഹായുദ്ധ കാലത്ത് പ്രധാന പങ്കുവഹിച്ച ഇടമാണ് ചോങ്പിങ്. ഭൂഗർഭ ഷെൽട്ടറുകളായ സ്ഥലങ്ങളൊക്കെ യുദ്ധത്തിനു ശേഷം റോഡുകളായും കെട്ടിടങ്ങളായും പുനർനിർമിച്ചു. അതൊരു സിറ്റിയല്ല, വിഡിയോ ഗെയിമാണ്, ഇത് അവരുടെതായുള്ള മറ്റൊരു ലോകമാണ് എന്നു തുടങ്ങി രസരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.