ഇനി ഏറെ നേരം ക്യൂവിൽ നിൽക്കേണ്ട; ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം വിമാനത്താവളവും

Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഡിജി യാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു രാജ്യാന്തര വിമാനത്താവളങ്ങളെ കൂടി ഉൾപ്പെടുത്തിയതായി അദാനി എയർപോർട്സ് ഹോൾഡിങ്സ് ലിമിറ്റഡ് (എഎഎച്ച്എൽ) അറിയിച്ചു. സമ്പർക്കരഹിതവും വേഗമേറിയതുമായ യാത്രാനുഭവം ഒരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് എഎഎച്ച്എൽ ഡയറക്ടർ ജീത് അദാനി പറഞ്ഞു. യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞു പേപ്പർ രേഖകൾ ഒഴിവാക്കി വിമാനയാത്ര സാധ്യമാക്കുന്ന സംവിധാനമാണിത്. ബയോമെട്രിക് ഡേറ്റ വഴി യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പിക്കുന്നതിലൂടെ അധിക സുരക്ഷ ഉറപ്പാക്കും. വിമാനത്താവളത്തിലെ നടപടിക്രമങ്ങളിലുള്ള കാലതാമസം ഡിജി യാത്ര കുറയ്ക്കും. 2 മാസമായി വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച സംവിധാനമാണ് ഇപ്പോൾ സ്ഥിരപ്പെടുത്തുന്നത്.
ഡിജി യാത്ര
വിമാനത്താവളങ്ങളിൽ യാത്രക്കാർക്കു കടലാസ് രേഖകൾ ഇല്ലാതെ പ്രവേശനം നൽകുന്നതിനായി വ്യോമയാന വകുപ്പ് നടപ്പാക്കുന്ന സംവിധാനമാണിത്. ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനം മുഖേനയാണു യാത്രക്കാരുടെ മുഖം തിരിച്ചറിയുന്നത്. ഡിപ്പാർച്ചർ എൻട്രി പോയിന്റ് ചെക്ക്, സെക്യൂരിറ്റി ചെക്ക്, എയർക്രാഫ്റ്റ് ബോർഡിങ് എന്നിവയുൾപ്പെടെയുള്ള പരിശോധനകൾക്ക് യാത്രക്കാരുടെ വിവരങ്ങൾ ഇതുവഴി പ്രോസസ് ചെയ്യും. യാത്രക്കാർ ബോർഡിങ് നടപടികൾക്കായി തിരിച്ചറിയൽ കാർഡും ബോർഡിങ് പാസും കൈവശം വയ്ക്കേണ്ടതില്ലെന്നതാണു പ്രത്യേകത. ഇതിൽ റജിസ്റ്റർ ചെയ്യാനായി ഡിജി യാത്ര ആപ് ആദ്യം ഡൗൺലോഡ് ചെയ്യണം. ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ഇത് ലഭ്യമാണ്.
ഐഡി ക്രിയേഷൻ
ആപ്പിൽ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ഐഡന്റിറ്റിയുടെ വിശദാംശങ്ങൾ (വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, ആധാർ മുതലായവ), സെൽഫി എന്നിവ അപ്‌ലോഡ് ചെയ്യണം. ഇവ സമർപ്പിക്കുമ്പോൾ ഡിജി യാത്ര ഐഡി ക്രിയേറ്റാകും. തുടർന്നു ബോർഡിങ് പാസ് ഡിജി യാത്രാ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ആദ്യ യാത്രയിൽ, ഐഡി സാധൂകരിക്കുന്നതിന് യാത്രക്കാർ വിമാനത്താവളത്തിലെ റജിസ്ട്രേഷൻ കിയോസ്‌കിൽ പോകണം. പരിശോധനയ്ക്കു ശേഷം, കേന്ദ്ര സിസ്‌റ്റത്തിലെ ഡിജി യാത്ര പ്രൊഫൈലിലേക്ക് ഇവ ചേർക്കും.
ഡിജി യാത്രാ ഐഡി എങ്ങനെ ഉപയോഗിക്കാം ?
ഡിജി യാത്ര ഐഡിയുള്ള യാത്രക്കാർ ബോർഡിങ്ങിനായി വിമാനത്താവളത്തിലെ ഇ-ഗേറ്റിലൂടെയാണ് പ്രവേശിക്കേണ്ടത്. ബോർഡിങ് പാസോ മൊബൈൽ ബോർഡിങ് പാസോ ഇവിടെ സ്കാൻ ചെയ്യും. തുടർന്ന് ഫെയ്സ് റെക്കഗ്‌നിഷൻ സിസ്‌റ്റം ഉള്ള ഇ-ഗേറ്റ് ക്യാമറയിൽ മുഖം കാണിച്ചു തിരിച്ചറിയൽ നടപടി പൂർത്തിയാക്കണം. ടിക്കറ്റും ഡിജി യാത്രാ ഐഡിയും വിജയകരമായി പരിശോധിച്ച് കഴിഞ്ഞാൽ ഇ–ഗേറ്റ് തുറക്കും. ടെർമിനലിൽ പ്രവേശിച്ച ശേഷം ചെക്ക്-ഇൻ ഡെസ്‌ക്കിൽ ലഗേജ് വയ്ക്കാം. തുടർന്ന് ഡിജിയാത്ര ഗേറ്റിലേക്കു പോകണം. ഇവിടെയുള്ള ഫെയ്സ് റെക്കഗ്‌നിഷൻ സിസ്‌റ്റം ഉള്ള ക്യാമറയിൽ വീണ്ടും പരിശോധന പൂർത്തിയാക്കിയാൽ സുരക്ഷാ പരിശോധനയ്ക്കായി അകത്തേക്കു കടത്തി വിടും.
ഗുണങ്ങൾ
ഒന്നിലധികം സ്ഥലങ്ങളിൽ ബോർഡിങ് പാസോ ഐഡിയോ കാണിക്കേണ്ടതില്ല. മാനുഷിക ഇടപെടൽ കുറവായതിനാൽ ഏറെ നേരം ക്യൂവിൽ കാത്തു നിൽക്കേണ്ട.