മൂല്യം അറിയാതെ രണ്ടെണ്ണം വിറ്റത് 25000 രൂപയ്ക്ക്; നിസ്സാര വിലയ്ക്ക് വാങ്ങിക്കൂട്ടി ടൂറിസ്റ്റുകൾ; പോകാം ലാൻഡ് റോവറുകളുടെ നാട്ടിലേക്ക്

Mail This Article
എല്ലാ പാതകളും ഒന്നിക്കുന്ന ഇടം. മാനെബൻജ്യാങ് എന്ന നേപ്പാളി വാക്കിന്റെ അർഥം ഇതാണ്. എന്നാൽ പൈൻ മരങ്ങളും കോടമഞ്ഞും ചെങ്കുത്തായ മലമ്പാതകളുമുള്ള ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ മാനെബൻജ്യാങ് എന്ന ചെറുപട്ടണത്തിലെ ജനങ്ങളെ ഏഴു പതിറ്റാണ്ടിലേറെയായി ഒന്നിപ്പിക്കുന്നത് ഒരു വാഹനമാണ്- ഇംഗ്ലണ്ടിലെ റോവർ കമ്പനി 1940 അവസാനത്തിലും 50കളിലും പുറത്തിറക്കിയ ലാൻഡ് റോവർ സീരീസ് 1 വാഹനങ്ങൾ. ദുർഘടമായ കിഴക്കൻ ഹിമാലയൻ ഗ്രാമങ്ങളിലെ ജീവിതം ഈ വിന്റേജ് വാഹനവുമായി ഇഴചേർന്നിരിക്കുന്നു. 42 വിന്റേജ് ലാൻഡ് റോവറുകളാണ് മാനെബൻജ്യാങ്ങിൽ നിന്നു ആളുകളെയും ചരക്കുകളും കയറ്റി വിദൂരഗ്രാമങ്ങളിലേക്ക് ഇന്നും സർവീസ് നടത്തുന്നത്. ഇത്രയധികം വിന്റേജ് ലാൻഡ് റോവറുകൾ ടാക്സികളായി സർവീസ് നടത്തുന്ന മറ്റൊരിടം ലോകത്ത് തന്നെ ഉണ്ടാവാൻ സാധ്യതയില്ല. കടൽ കടന്നെത്തിയ വാഹനങ്ങളെ ഏഴു പതിറ്റാണ്ടായി കാത്തുപോരുന്ന മാനെബൻജ്യാങ്ങിനെ ആദരിക്കാൻ ലാൻഡ് റോവർ കമ്പനി തന്നെ ഇവിടെയെത്തിയിരുന്നു. ലാൻഡ് ഓഫ് ലാൻഡ് റോവേഴ്സ് എന്നാണ് കേവലം ആറായിരം പേർ മാത്രം താമസിക്കുന്ന മാനെബൻജ്യാങ് ഇപ്പോൾ അറിയപ്പെടുന്നത്.