നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
.jpg?w=1120&h=583)
Mail This Article
നിക്ഷേപം വ്യത്യസ്ത ആസ്തികളിൽ ആണെങ്കിലേ റിസ്ക് മറികടന്ന് മികച്ച നേട്ടം ഉറപ്പാക്കാനാകൂ എന്ന് എല്ലാവർക്കും അറിയാം. അസെറ്റ് അലോക്കേഷൻ അഥവാ വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് പരമാവധി കുറയ്ക്കാന്‍ സാധിക്കും എന്നതിൽ തർക്കമില്ല. പക്ഷേ, അതിന് ഈ ആസ്തികൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണ്.
ഓഹരി, കടപ്പത്രം, സ്വർണം, വെള്ളി, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയൊക്കെയാണ് സാധാരണക്കാർക്കു മുന്നിലുള്ള പ്രധാന ആസ്തികൾ. ഇവ ഓരോന്നും ഓരോ സാമ്പത്തിക സാഹചര്യങ്ങളിലും വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. ഓഹരികൾ ഇടിയുമ്പോൾ സ്വർണവില ഉയരാം.

ഇങ്ങനെ ഒരു നിക്ഷേപം ഇടിയുമ്പോൾ മറ്റുള്ളവ നേട്ടമുണ്ടാക്കുമെന്നതിനാലാണ് വൈവിധ്യവൽക്കരിച്ച പോർട്ട്ഫോളിയോ നഷ്ടസാധ്യത കുറയ്ക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ ഓരോ ആസ്തികളുടെയും കയറ്റിറക്കങ്ങളെ സ്വാധീനിക്കും. സ്വർണവിലയിലെ ഇപ്പോഴുള്ള കയറ്റം ഒരു ഉദാഹരണമാണ്.
വ്യത്യസ്തങ്ങളായ ആസ്തികളെടുത്താൽ, ഓഹരി നിക്ഷേപമാണ് ഏറ്റവും വലിയ നേട്ടം നൽകിയിട്ടുള്ളത് എന്നു കാണാം. അതേസമയം, കടപ്പത്രങ്ങളിൽ നേട്ടം കുറവാണെങ്കിലും കൂടുതൽ സ്ഥിരതയുള്ള റിട്ടേൺ നൽകുന്നു. ആഗോള പ്രതിസന്ധി ഉണ്ടാകുമ്പോൾ സ്വർണം ആകർഷകമാവും.
അതിനാൽ എല്ലാത്തരം ആസ്തികളിലും നിക്ഷേപമുള്ളയാൾക്ക് ഏതു സാഹചര്യത്തിലും ന്യായമായ നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ടാകാം. ഒരു ലളിതമായ ഉദാഹരണമെടുക്കാം: നിങ്ങൾ രണ്ടുതരം ചെടികൾ വളർത്തുന്നു എന്നു കരുതുക. ഒന്നു വെയിലുള്ള കാലാവസ്ഥയിൽ തഴച്ചുവളരുന്നതാണ്. മറ്റേതാകട്ടെ, മഴയുണ്ടെങ്കിലേ വളരൂ.
നിങ്ങൾക്കു വെയിലിൽ വളരുന്ന ഒരു ചെടി മാത്രമേ ഉള്ളൂവെങ്കിൽ മഴക്കാലത്ത് എന്തായിരിക്കും സ്ഥിതി. ചുരുക്കത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ വരുമാനം ഉറപ്പാക്കണമെങ്കിൽ നിങ്ങളുടെ നിക്ഷേപങ്ങളും ശരിയായി വൈവിധ്യവൽക്കരിക്കണം. എന്നാല്‍, ഈ നിക്ഷേപ വൈവിധ്യവൽക്കരണം ഫലപ്രദമാകണമെങ്കിൽ സാഹചര്യങ്ങൾക്കനുസരിച്ച് നിക്ഷേപം പുനഃക്രമീകരിക്കേണ്ടതുണ്ട്. പോർട്ട്ഫോളിയോ കൃത്യമായി വിലയിരുത്തി, സാമ്പത്തിക ലക്ഷ്യങ്ങൾകൂടി പരിഗണിച്ചുവേണം അതു ചെയ്യാൻ. അതായത്, വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് നിക്ഷേപരീതിയിലും മാറ്റങ്ങൾ വരുത്തണം.

ഇത്തരത്തിൽ പോർട്ട്ഫോളിയോ ക്രമീകരിക്കാൻ സാധാരണക്കാരായ നിക്ഷേപകർക്കു കഴിയണമെന്നില്ല. അവിടെയാണ് മ്യൂച്വൽഫണ്ടുകളുടെ പ്രാധാന്യം. നിക്ഷേപം മ്യൂച്വൽഫണ്ടിലൂടെയാണെങ്കിൽ നിങ്ങൾക്കുവേണ്ടി ഫണ്ട് മാനേജർമാർ പോർട്ട്ഫോളിയോ പുനഃക്രമീകരിച്ചോളും. വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് സ്കീമാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.
ഐസിഐസിഐ പ്രുഡൻഷ്യൽ അസെറ്റ് അലോക്കേറ്റർ ഫണ്ട് (FOF) അത്തരത്തിലൊന്നാണ്. ഐസിഐസിയുടെതന്നെ വിവിധ ഫണ്ടുകളിലാണു നിക്ഷേപം. 2025 ജനുവരി 31ലെ കണക്കനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ 11.90% നേട്ടമാണ് ഈ ഫണ്ടു നൽകിയത്. മൂന്നു വർഷത്തിനിടെ 12.92%ഉം അഞ്ചു വർഷക്കാലയളവിൽ 13.87%ഉം ആണ് നൽകിയ നേട്ടം
ലേഖകൻ മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ്.
മാർച്ച് ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്