ലെസ്റ്റർ സിറ്റിയെ തകർത്ത് യുണൈറ്റഡ് വീണ്ടും വിജയവഴിയിൽ; ചെൽസിയെ വീഴ്ത്തി ആർസനൽ, ടോട്ടനം ഫുൾഹാമിനോട് തോറ്റു

Mail This Article
ലണ്ടൻ∙ 21 മത്സരങ്ങൾ നീണ്ട ഗോൾവരൾച്ച അവസാനിപ്പിച്ച് ഡാനിഷ് സ്ട്രൈക്കർ റാസ്മൂസ് ഹോയ്‌ലണ്ട് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇടംനേടിയ മത്സരത്തിൽ, ലെസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. കരുത്തൻമാരുടെ പോരാട്ടത്തിൽ ആർസനൽ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചപ്പോൾ, ടോട്ടനം ഹോട്സ്പറിനെ ഫുൾഹാം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കും തോൽപ്പിച്ചു.
ലെസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി റാസ്മൂസ് ഹോയ്‌ലണ്ട് 28–ാം മിനിറ്റിൽ തുടങ്ങിവച്ച ഗോൾവേട്ട, അലെജാന്ദ്രോ ഗർനാച്ചോ (67–ാം മിനിറ്റ്), ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് (90–ാം മിനിറ്റ്) എന്നിവരാണ് പൂർത്തിയാക്കിയത്. 29 മത്സരങ്ങളിൽനിന്ന് സീസണിലെ 10–ാം ജയം കുറിച്ച യുണൈറ്റഡ്, 37 പോയിന്റുമായി 13–ാം സ്ഥാനത്താണ്. സീസണിലെ 20–ാം തോൽവി വഴങ്ങി ലെസ്റ്റർ സിറ്റി, 17 പോയിന്റുമായി 19–ാം സ്ഥാനത്തായി.
ലീഗിലെ കരുത്തൻമാരുടെ പോരാട്ടത്തിൽ, മൈക്കൽ മെറീനോ 20–ാം മിനിറ്റിൽ നേടിയ ഗോളിലാണ് ആർസനൽ ചെൽസിയെ വീഴ്ത്തിയത്. ഇരു ടീമുകളിലെയും ഒന്നാം നമ്പർ സ്ട്രൈക്കർമാർ മത്സരത്തിനുണ്ടായിരുന്നില്ല. കയ് ഹാവർട്സ് പരുക്കേറ്റ് പുറത്തായതാണ് ആർസനലിനു തിരിച്ചടിയായത്. ചെൽസി നിരയിൽ നിക്കോളാസ് ജാക്സനും കളിച്ചില്ല.
വിജയത്തോടെ 29 കളികളിൽനിന്ന് 58 പോയിന്റുമായി രണ്ടാം സ്ഥാനം ഊട്ടിയുറപ്പിച്ച ആർസനൽ, ഒന്നാമതുള്ള ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം 12 ആയി കുറച്ചു.സീസണിലെ എട്ടാം തോൽവി വഴങ്ങിയ ചെൽസി 49 പോയിന്റുമായി നാലാമതുണ്ട്.