മനസ്സില്ലാമനസ്സോടെ വീണ്ടും ആരാച്ചാരുടെ വേഷമണിഞ്ഞു; 'ജീവനെടുത്തത് സ്വന്തം മകന്റെ...'

Mail This Article
പൊട്ടിപൊളിഞ്ഞു വീഴാറായ കാലിതൊഴുത്തിനടുത്തു ഒറ്റവരും ഉടയവരുമായി കൂടെയുള്ള ആ നാൽകാലികൾക്കു പുല്ലു കൊടുക്കുകയായിരുന്നു തിമ്മയ്യ. "യാരദ്രു ഇദ്രായെ "(ഇവിടെ ആരും ഇല്ലേ) എന്ന വിളികേട്ട് മെല്ലെ നടന്നു വീടിന്റെ മുൻഭാഗത്തേക്ക് വന്നു. മുഷിഞ്ഞ ഒരു വലിയ തോർത്തുമുണ്ട് ആയിരുന്നു വേഷം, വയസ്സ് അറുപത്തിയഞ്ചു കഴിഞ്ഞു. ഓലയും ഓടും കൊണ്ടു മേഞ്ഞ ഒരു പഴയ വീട്. കമ്പുകളും വള്ളിചെടികളും കൊണ്ട് കെട്ടിവച്ച വേലിക്കരികിൽ രണ്ടു പൊലീസുകാർ നിൽക്കുന്നു. അവരെ കണ്ടപ്പോൾ ഭവ്യതയോടെ തൊഴുതു തിമ്മയ്യ ചോദിച്ചു "എന്താ ഏമാനെ?" അടുത്ത മാസം മൂന്നിന് ഹിന്താലഗ ജയിലിൽ എത്തണം. ഇതാണ് കൽപന. ഒരു പൊലീസുകാരൻ പറഞ്ഞു. പിന്നെ കൈയിൽ ഉണ്ടായിരുന്ന കടലാസും മുന്നൂറു രൂപയും തിമ്മയ്യയുടെ കൈയിൽ ഏൽപിച്ചു മറ്റൊരു കടലാസ്സിൽ ചുണ്ടൊപ്പും വാങ്ങി തിരിച്ചു നടന്നു. നടന്നു പോകുന്നതിനിടയിൽ ഒരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "കിട്ടിയ കാശിനു ചാരായവും കഴിച്ചു കിടന്നുറങ്ങാതെ സമയത്തിന് അങ്ങെത്തണം. പിന്നെ ഒരു പരിഹാസചിരിയോടെ അവർ നടന്നകന്നു. പോലീസുകാർ ഏൽപിച്ച യാത്രക്കൂലിയായ മുന്നൂറ് രൂപയും പിന്നെ ഉത്തരവിന്റെ പകർപ്പും കൈയിലെടുത്തു തിമ്മയ്യ വീടിന്റെ ഉമ്മറത്തു വിദൂരതയിലേക്ക് കണ്ണും നട്ട് കുറേ നേരം ഇരുന്നു.
ആരുടെ ജീവിതത്തിന്റെ അവസാന താളുകളാണ് തന്റെ കൈകളിലൂടെ എഴുതപ്പെടാൻ പോകുന്നത്? അഞ്ച് വർഷം മുൻപ് അവസാനമായി ജയിലിൽ നിന്നിറങ്ങുമ്പോൾ സൂപ്രണ്ടിനോട് പറഞ്ഞതാണ്. എന്നെ ഇനി വിളിക്കരുത് സർ, വയസ്സും ക്ഷീണവും കൂടി വരുന്നു. രങ്കമ്മ പോയതിനു ശേഷം ഞാൻ തനിച്ചാണ്. ഇത്രയും ദൂരം വരാനും ബുദ്ധിമുട്ടാണ്. ഇത്രയും കാലം ജോലിയോടുള്ള ഒരു ആത്മാർഥത കൊണ്ടാണ് ഞാൻ വന്നത്. ചെയ്യുന്നത് ജോലിയാണെങ്കിലും ഈ പാപഭാരങ്ങൾ ഞാൻ തന്നെയല്ലേ ചുമക്കേണ്ടത്. എത്രയെത്ര ജീവനുകളാണ് തന്റെ ഈ കൈകൾ കൊണ്ട് ഞാൻ നിശ്ചലമാക്കിയത്. വർഷങ്ങൾക്ക് മുൻപ് വീടുവിട്ടിറങ്ങിയ മകനെയോർത്തു കരഞ്ഞു രംഗമ്മയും തന്നെ തനിച്ചാക്കി യാത്രയായി. ഇന്ന് ഏകനായ് ഈ വീട്ടിൽ ജീവിതം തള്ളി നീക്കുന്നു. വല്ലതും കഴിച്ചാൽ കഴിച്ചു ഇല്ലെങ്കിൽ ഇല്ല. കർണാടകയിലെ ഈ ഉൾഗ്രാമത്തിലെ ആരാച്ചാർ കുടുംബത്തിലെ അവസാന കണ്ണി. മനസ്സിലെ ചിന്തകൾ നെരിപ്പോട് പോലെ എരിയുമ്പോൾ മുരടിച്ച ആ കവിൾത്തടത്തിൽ വളർന്നു നിൽക്കുന്ന താടിരോമങ്ങളിൽ കണ്ണുനീർ തുള്ളികൾ പടർന്നു കൊണ്ടിരുന്നു.
ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. തിമ്മയ്യ പോകാൻ തയാറെടുത്തു. മുറിയുടെ മൂലയിലുള്ള പഴയ തകരപ്പെട്ടിയിൽ വച്ച വൃത്തിയുള്ള മുറികൈയ്യൻ ജുബ്ബയും ദോത്തിയും എടുത്തു ഒരു തുണിസഞ്ചിയിൽ മടക്കി വച്ചു. അടുത്ത ദിവസം അതിരാവിലെ തന്നെ കാര്യങ്ങൾ ഒക്കെ കഴിച്ചു വസ്ത്രങ്ങൾ വച്ച തുണിസഞ്ചിയുമായി ബസ് സ്റ്റോപ്പിലേക്ക് നടന്നു. കുറച്ചു ദൂരം നടക്കാനുണ്ട്, കുറച്ചു നേരത്തെ ചെന്നാലേ ആദ്യത്തെ ബസിന് പോകാൻ പറ്റുകയുള്ളു. രാത്രിയുടെ ഇരുൾ പകലിന്റെ വെളിച്ചത്തിനു മടിച്ചു മടിച്ചു കൊണ്ട് വഴി മാറുന്നതേ ഉണ്ടായിരുന്നുള്ളൂ. പരിചിതമായ ആ ചെമ്മൺ പാതയിലൂടെ തിമ്മയ്യ ബസ്സിനടുത്തേക്ക് നടന്നു. വഴിവക്കിലുള്ള വീട്ടുകാർ ഉറക്കമെഴുന്നേറ്റ് തുടങ്ങിയിട്ടില്ല. പരിചയക്കാർ ആരെയും വഴിയിൽ കണ്ടില്ല. ബസ്സ്റ്റോപ്പിലെത്തിയപ്പോൾ ബസ് അവിടെ നിർത്തിയിരിക്കുന്നത് കണ്ടു. കണ്ടക്ടറോട് ചോദിച്ചു ഉടനെ പുറപ്പെടുമോ? അയാൾ മറുപടി പറഞ്ഞു ഇല്ല, അഞ്ചു മിനുട്ട് കൂടിയുണ്ട്. വേണമെങ്കിൽ ഒരു ചായ കഴിച്ചുകൊള്ളൂ. തുണി സഞ്ചി കക്ഷത്തു വച്ചു തിമ്മയ്യ ചായ കുടിക്കാനിരുന്നു. ആൾക്കാർ വളരെ കുറവായിരുന്നു. ചായ കഴിഞ്ഞു തിമ്മയ്യ ബസിന്റെ പിറകിലെ ഒരു മൂലക്കുള്ള സീറ്റിൽ ഇരുന്ന് മയങ്ങാൻ ശ്രമിച്ചു. മനസ്സിനെ അലോസരപ്പെടുത്തുന്ന കുറെ ചിന്തകളാൽ മഥിക്കപ്പെട്ട തിമ്മയ്യ തണുത്ത കാറ്റേറ്റ് പുറം കാഴ്ചകൾ കണ്ടു യാത്ര തുടർന്നു. പിന്നെ യാത്രയുടെ ഏതോ നിമിഷത്തിൽ അറിയാതെ മയക്കത്തിലേക്കു വഴുതി വീണു.
കുറെ നേരത്തിനു ശേഷം ആരോ തട്ടിയുണർത്തിയ പോലെ തിമ്മയ്യക്ക് തോന്നി. കണ്ണുതുറന്നു നോക്കിയപ്പോൾ പുകയില കറ കൊണ്ടു കറുത്ത പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് കണ്ടക്ടർ പറഞ്ഞു ഹിന്താലഗ എത്തി. കാർണോർക്ക് ഇവിടെ അല്ലേ ഇറങ്ങേണ്ടത്? മറുപടിയായി ചെറുതായി തലകുലുക്കി തന്റെ തുണി സഞ്ചിയുമായി തിമ്മയ്യ ബസ്സിൽ നിന്നിറങ്ങി. ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചു ദൂരമുണ്ട് ജയിലിലേക്ക്. പണ്ട് ഒരുപാട് നടന്നുപോയ വഴിയാണ്. ആൾപാർപ്പില്ലാതെ കാട്ടുമരങ്ങളും ചെടികളും വളർന്നു കിടക്കുന്ന ഒരു വിജനമായ പാത. ഇപ്പോൾ നഗരവത്കരണത്തിന്റെ പ്രതീകമായ കോൺക്രീറ്റ് കെട്ടിടങ്ങളാൽ നിറഞ്ഞു കിടക്കുന്നു. പക്ഷേ ഇപ്പോൾ വയ്യാ, പ്രായമായതിന്റെ ക്ഷീണം പിന്നെ അസഹ്യമായ ചൂടും. തിമ്മയ്യ ഒരു റിക്ഷയിൽ ജയിലിലേക്ക് പുറപ്പെട്ടു. ജയിലിൽ എത്തുമ്പോഴേക്കും 12 മണി കഴിഞ്ഞിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന് കൈയ്യിലെ ഉത്തരവ് കാണിച്ചു കൊടുത്തു. അയാൾ തിമ്മയ്യയോട് അവിടെയിരിക്കാൻ പറഞ്ഞിട്ട് അകത്തു പോയി. കവാടത്തിൽ കാത്തിരുന്ന തിമ്മയ്യയുടെ മനസ്സിൽ അഞ്ചു വർഷം മുൻപ് ഇനിയൊരിക്കലും ഇവിടെ വരാനിടയാക്കരുത് എന്ന് പ്രാർഥിച്ചു ഇറങ്ങി പോയ രംഗം തെളിഞ്ഞു വന്നു. പക്ഷേ കാലത്തിന്റെ നിയോഗത്തിൽ വീണ്ടും എത്തിച്ചേർന്നു. അപ്പോഴേക്കും അകത്തു പോയ പാറാവുകാരൻ തിരിച്ചു വന്നു തിമ്മയ്യയെയും കൂട്ടി സൂപ്രണ്ടിന്റെ മുറിയിൽ എത്തി.
സൂപ്രണ്ട് തിമ്മയ്യയോട് കുറച്ചു നേരത്തെ കുശലപ്രശ്നങ്ങൾക്ക് ശേഷം പറഞ്ഞു. "നാളെ രാവിലെ അഞ്ചു മണിക്കാണ്. ചിട്ടകളും നടപടികളും തിമ്മയ്യക്ക് അറിയാമല്ലോ, അത് ഞാൻ പറഞ്ഞു തരണ്ടല്ലോ. എല്ലാം ആ മുറിയിൽ എത്തിച്ചിട്ടുണ്ട്. എന്തെങ്കിലും ആവശ്യം വരുകയാണെങ്കിൽ പറഞ്ഞാൽ മതി" എന്നിട്ട് അവിടെയുണ്ടായിരുന്ന പൊലീസുകാരനോട് പറഞ്ഞു "ആ താക്കോൽ കൂട്ടത്തിൽ നിന്നും വരാന്തയുടെ അറ്റത്തുള്ള മുറിയുടെ താക്കോൽ എടുത്തു അതു തുറന്നു കൊടുക്കൂ, എന്നിട്ട് ഉച്ചഭക്ഷണവും എത്തിക്കുക." തിമ്മയ്യ സൂപ്രണ്ടിനെ വന്ദിച്ചു പൊലീസുകാരന്റെ കൂടെ മുറിയിലേക്ക് പോയി. തിമ്മയ്യ മുറിയിൽ ഒന്ന് കണ്ണോടിച്ചു, മേശപ്പുറത്തു ഒരു കുപ്പിയിൽ വെള്ളം നിറച്ചു വച്ചിട്ടുണ്ട്. നിലത്തു ഒരു മൂലയിൽ ഒരു പുതിയ കയർ വച്ചിട്ടുണ്ട്. തിമ്മയ്യ അത് പരിശോധിച്ചു തഞ്ചാവൂരിൽ നിന്ന് കൊണ്ടുവന്ന പ്രത്യേക തരം കയറാണ്. പിന്നെ എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട് അയാൾ മുറിയിലെ കിടക്കയിൽ കിടന്നു. യാത്രക്ഷീണവും മുറിയിലേക്ക് വരുന്ന ഇളം കാറ്റും തിമ്മയ്യയെ മയക്കത്തിലേക്ക് തള്ളിവീഴ്ത്തി. നിലവിളികളും അപേക്ഷകളും തിമ്മയ്യയെ മയക്കത്തിൽ കൂട്ടുനിന്നു. തന്റെ അറുപത്തി അഞ്ചാം വയസ്സിൽ, ആദ്യമായി താൻ ചെയ്യുന്ന ജോലിയെക്കുറിച്ചു തിമ്മയ്യ അസ്വസ്ഥനായി. ഇതുവരെ തോന്നാത്ത ഒരു ഭയവും പരിഭ്രാന്തിയും ആ മുഖത്ത് നിഴലിച്ചു. എങ്കിലും തിമ്മയ്യ പതറാതെ അടുത്ത പ്രഭാതത്തിനായി കാത്തിരുന്നു.
രാവിലെ നാലുമണിക്ക് മുൻപ് തന്നെ തിമ്മയ്യ തന്റെ ജോലിക്കായി എല്ലാം സജ്ജീകരിച്ചു തയാറായി നിന്നു. അഞ്ചുമണിയോടടുത്തു രണ്ടുപേർ ചേർന്ന് ഒരു യുവാവിനെ കൊലമരത്തിനടുത്തു കൊണ്ടുവന്നു. മുഖം കഴുത്തുവരെ കറുത്ത തുണികൊണ്ട് മൂടിയിട്ടുണ്ട്, കൈകൾ പിറകിൽ ബന്ധിച്ചിരുന്നു. സൂപ്രണ്ടിന്റെ നിർദേശം ലഭിച്ചയുടൻ തിമ്മയ്യ തയാറാക്കി വെച്ച കയർ ആ യുവാവിന്റെ കഴുത്തിൽ അണിയിച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ ആദ്യമായി കൊലക്കയർ അണിയിക്കുമ്പോഴും ഉലയാത്ത മനസ്സും വിറക്കാത്ത കൈകളും ഇന്ന് ആദ്യമായി വിറക്കുന്നു. ആ കൈകളോടെ തിമ്മയ്യ കൊലമരത്തിന്റെ ലിവർ പിടിച്ചു വലിച്ചു. ഞരുങ്ങുന്ന ശബ്ദത്തോടെ പലകകൾ അകന്നു, യുവാവ് കുഴിയിലേക്ക് താണു. കുറച്ചു സമയത്തിന് ശേഷം നിശ്ചലമായ ആ ശരീരം പുറത്തെടുത്തു നിലത്തു കിടത്തി. കൊലക്കയർ എടുത്തു മാറ്റി പോകാനായി തിമ്മയ്യ തുനിഞ്ഞു. ഇത്രയും കാലത്തെ ജോലിക്കിടയിൽ ഇതുവരെ ഒരു മുഖവും നോക്കാതിരുന്ന തിമ്മയ്യ ഏതോ ഉൾവിളി പോലെ തന്റെ അവസാനത്തെ ഇരയെ ഒന്ന് നോക്കി. ഞെട്ടി തകർന്നുപോയ ആ വൃദ്ധൻ പതിനാലു വർഷം മുൻപ് "ആരാച്ചാരുടെ മകൻ" എന്ന സഹപാഠികളുടെ കളിയാക്കലുകളിൽ സഹികെട്ട് വീടു വിട്ടിറങ്ങിയ തന്റെ മകന്റെ ജീവനറ്റ ദേഹത്തിനടുത്തു തളർന്നു വീണു.