ഇൻജറി ടൈമിൽ കൊളംബിയയുടെ പ്രതിരോധം തകർത്ത് വിനീസ്യൂസിന്റെ ബുള്ളറ്റ് ഷോട്ട്; ‘സമനില തെറ്റിച്ച’ വിജയവുമായി ബ്രസീൽ– വിഡിയോ

Mail This Article
റിയോ ഡി ജനീറോ∙ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയയെ തകർത്ത് ബ്രസീലിന്റെ വിജയക്കുതിപ്പ്. ആവേശകരമായ മത്സരത്തിൽ 2–1നാണ് ബ്രസീലിന്റെ വിജയം. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ഇൻജറി ടൈമിന്റെ 9–ാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയർ നേടിയ തകർപ്പൻ ലോങ് റേഞ്ചർ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. മറ്റു മത്സരങ്ങളിൽ പെറു ബൊളീവിയയെയും (3–1), പാരഗ്വായ് ചിലെയെയും (1–0) തോൽപ്പിച്ചു.
വിജയത്തോടെ 13 കളികളിൽനിന്ന് ആറു വിജയവും മൂന്നു സമനിലയും സഹിതം 21 പോയിന്റുമായി ബ്രസീൽ രണ്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ നാലാം തോൽവി വഴങ്ങിയ കൊളംബിയ 19 പോയിന്റുമായി ആറാം സ്ഥാനത്താണ്. അഞ്ചാം ജയം കുറിച്ച പാരഗ്വായ് 20 പോയിന്റുമായി നാലാമതും രണ്ടാമത്തെ മാത്രം ജയം നേടിയ പെറു 10 പോയിന്റുമായി ഒൻപതാം സ്ഥാനത്തുമാണ്.
കൊളംബിയയ്‌ക്കെതിരായ മത്സരത്തിന്റെ ആറാം മിനിറ്റിൽത്തന്നെ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബാർസിലോന താരം റാഫീഞ്ഞയാണ് ബ്രസീലിന് ലീഡ് സമ്മാനിച്ചത്. വിനീസ്യൂസ് ജൂനിയറിനെ കൊളംബിയ താരം മുനോസ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റഫറി പെനൽറ്റി അനുവദിച്ചത്.
41–ാം മിനിറ്റിൽ ലൂയിസ് ഡയസ് നേടിയ ഗോളിൽ കൊളംബിയ ഒപ്പമെത്തി. വലതുവിങ്ങിലൂടെ മുന്നേറിയെത്തിയ മുനോസിന്റെ തകർപ്പൻ ക്രോസ് ഇടതുവിങ്ങിൽനിന്ന ലൂയിസ് ഡയസിലേക്ക്. താരത്തിന്റെ നിലംപറ്റെയുള്ള ഷോട്ട് ബ്രസീൽ ഗോൾകീപ്പർ അലിസനെ മറികടന്ന് വലയിൽ കയറി.
വിജയഗോളിനുള്ള ഇരു ടീമുകളെയും അധ്വാനം വിഫലമായതോടെ 90 മിനിറ്റും പൂർത്തിയാകുമ്പോൾ 1–1 എന്ന നിലയിലായിരുന്ന സ്കോർ. എന്നാൽ ഇൻജറി ടൈമിൽ സൂപ്പർതാരം വിനീസ്യൂസ് ജൂനിയർ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു. ഇടതുവിങ്ങിലൂടെ മുന്നേറിയെത്തിയ വിനീസ്യൂസ് ജൂനിയർ ബോക്സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് കൊളംബിയ താരത്തിന്റെ തലയിൽ തട്ടി വലയിലേക്ക്. സ്കോർ 2–1.