വാൽതാട്ടി, അസ്നോദ്കർ, പ്രദീപ് സാങ്‍വാൻ, മൻപ്രീത് ഗോണി... ഇതാ ചില ‘വൺ സീസൺ വണ്ടേഴ്സ്’; വന്നു, കളിച്ചു, കീഴടങ്ങി!

Mail This Article
മാമ്പൂക്കളെല്ലാം മാമ്പഴമാകാറില്ല. പൂത്തുലഞ്ഞ ശേഷം കൊഴിഞ്ഞുപോകുന്നവയുടെ എണ്ണം ചെറുതല്ലാത്തതു കാരണം മാമ്പൂ കണ്ടു മദിക്കാതിരിക്കുന്നതാണു ബുദ്ധിപരം. ആരവത്തോടെ പൂക്കുകയും ആരുമറിയാതെ കൊഴിയുകയും ചെയ്ത ഒരുപിടി താരങ്ങൾ ഐപിഎലിലുണ്ട്. ഒറ്റ സീസണിൽ എല്ലാവരെയും രസിപ്പിച്ച അദ്ഭുത പ്രകടനങ്ങൾക്കു ശേഷം അവർ വന്നതിലും വേഗത്തിൽ അപ്രത്യക്ഷരായി. എങ്കിലും ക്രിക്കറ്റ് പ്രേമികൾക്കു മറക്കാൻ പറ്റുമോ അവരെ?!
∙ സ്വപ്നിൽ അസ്നോദ്കർ
5 അടി 5 ഇഞ്ച് ഉയരമേയുള്ളൂവെങ്കിലും ഐപിഎലിൽ ആദ്യ സീസണിൽ അസ്നോദ്കറിനുണ്ടായിരുന്ന തലപ്പൊക്കം വലുതായിരുന്നു. ഈ ഗോവൻ പയ്യനെ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണറായി നിയോഗിച്ച ക്യാപ്റ്റൻ ഷെയ്ൻ വോണിന്റെ തീരുമാനം തെറ്റിയില്ല.
രാജസ്ഥാന്റെ കിരീടവഴിയിലെ മിക്ക കളികളിലും അസ്നോദ്കറിന്റെ പ്രകടനം നിർണായകമായി. 9 കളികളിൽ 311 റൺസ് നേടി. അടുത്ത 3 വർഷം 11 മത്സരങ്ങളിൽകൂടി അസ്നോദ്കർ കളിച്ചെങ്കിലും കഷ്ടിച്ചു 100 റൺസേ നേടാനായുള്ളൂ.
∙ പോൾ വാൽതാട്ടി
ഐപിഎലിൽ നാലാം സീസണിലെ ഏറ്റവും വലിയ അദ്ഭുതമായിരുന്നു പഞ്ചാബ് ഓപ്പണർ പോൾ വാൽതാട്ടി. 14 കളികളിൽ 463 റൺസുമായി സീസണിലെ മികച്ച വ്യക്തിഗത താരമായി. 35 റൺസ് ശരാശരിയോടെയായിരുന്നു റൺവേട്ട. ഇതിൽ ചെന്നൈയ്ക്കെതിരെ 63 പന്തിൽ നേടിയ 120 റൺസെന്ന മാജിക് ഇന്നിങ്സ് മറക്കാൻ പറ്റാത്തത്.
പക്ഷേ, തൊട്ടടുത്ത സീസണിൽ അവിശ്വസനീയമായി വാൽതാട്ടി തകർന്നടിഞ്ഞു. 6 കളികളിൽ നിന്നു 30 റൺസുമായി ബെഞ്ചിലേക്കു മാറി. പിന്നീടൊരു കളിയിൽ മാത്രമേ വാൽതാട്ടിക്ക് പഞ്ചാബ് അവസരം നൽകിയുള്ളൂ. അതിൽ 6 റൺസെടുത്ത് പുറത്തായി.
∙ പ്രദീപ് സാങ്‍വാൻ
ഐപിഎൽ ആദ്യ സീസണിൽ ഡൽഹിക്കു വേണ്ടിയായിരുന്നു പതിനേഴുകാരൻ സാങ്‍വാന്റെ അരങ്ങേറ്റം. 13 കളികളിൽ 15 വിക്കറ്റുകളുമായി അതിവേഗം ശ്രദ്ധയിലേക്കുയർന്നു. മുൻ പാക്കിസ്ഥാൻ ബോളർ വസീം അക്രത്തെ ആരാധിച്ചിരുന്ന സാങ്‍വാനിൽ ലോകമറിയുന്ന പേസറുടെ ഉദയം പ്രവചിക്കപ്പെട്ടു.
എന്നാൽ, തൊട്ടടുത്ത സീസണിൽ സാങ്‍വാന്റെ പ്രകടനം താഴേക്കായി. പിന്നീടുള്ള 3 വർഷങ്ങളിൽ 3 ഐപിഎൽ മത്സരങ്ങളിലേ കളിക്കാനായുള്ളൂ. ഉത്തേജകം ഉപയോഗിച്ചെന്ന ആരോപണത്തെത്തുടർന്ന് 18 മാസം വിലക്കു നേരിട്ടതോടെ സാങ്‍വാന്റെ കരിയർ അവസാനിച്ചു.
∙ ശ്രീനാഥ് അരവിന്ദ്
ജവഗൽ ശ്രീനാഥിനു ശേഷം വീണ്ടുമൊരു ശ്രീനാഥിന്റെ പിറവിക്കു ക്രിക്കറ്റ് ലോകം കയ്യടിച്ചത് ഐപിഎൽ നാലാം സീസണിലാണ്. കർണാടകക്കാരനായ ശ്രീനാഥ് അരവിന്ദ് ബെംഗളരു റോയൽ ചാലഞ്ചേഴ്സിനു വേണ്ടി ആ സീസണിൽ 13 കളികളിൽ വീഴ്ത്തിയത് 21 വിക്കറ്റ്! ആർസിബിയുടെ ആ വർഷത്തെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി ശ്രീനാഥ് മാറി.
എന്നാൽ, അടുത്ത സീസണിൽ ഒരു കളിയിലേ ശ്രീനാഥിന് അവസരം ലഭിച്ചുള്ളൂ. 3 ഓവർ എറിഞ്ഞപ്പോൾ വിക്കറ്റ് ലഭിച്ചില്ലെന്നു മാത്രമല്ല, 48 റൺസും വഴങ്ങി.
∙ മൻപ്രീത് ഗോണി
ചെന്നൈയുടെ ആദ്യ സീസണിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ. മൻപ്രീത് ഗോണിയുടെ കരിയറിന്റെ തുടക്കം അങ്ങനെയായിരുന്നു. ധോണിയുടെ കണ്ടെത്തലായി അവതരിപ്പിക്കപ്പെട്ട പഞ്ചാബുകാരൻ ഗോണി 16 കളിയിൽ 17 വിക്കറ്റ് വീഴ്ത്തി.
എന്നാൽ, പരുക്കുകൾ വിടാതെ തുടർന്നപ്പോൾ കരിയർ അതിവേഗം താഴേക്കായി. പതിയെ കളികളിൽനിന്നു മാറ്റിനിർത്തപ്പെട്ട ഗോണി 2014ൽ ടീമിൽനിന്നു പുറത്തായി.
∙ സൗരഭ് തിവാരി
നീട്ടിവളർത്തിയ മുടിയും സമാന കളിശൈലിയുമായി ധോണിയുടെ പിൻഗാമിയായി അവതരിച്ചയാളാണു സൗരഭ് തിവാരി. 2010 സീസണിൽ മുംബൈയ്ക്കു വേണ്ടി തിവാരി തിളങ്ങി. 16 കളികളിൽ 419 റൺസ് അടിച്ചുകൂട്ടി.
ഈ ബലത്തിൽ വൻ തുകയ്ക്ക് ആർസിബി തിവാരിയെ അടുത്ത സീസണിൽ സ്വന്തമാക്കിയെങ്കിലും ഫോം കണ്ടെത്താൻ വിഷമിച്ചു. പിന്നീടുള്ള സീസണുകളിൽ 200 റൺസ് പോലും നേടാനായില്ല. പതിയെ ടീമിൽ നിന്നു പുറത്തായി.