ഷമിയുടെ ആവശ്യം അംഗീകരിച്ചു; പന്തിൽ തുപ്പൽ, വിയർപ്പ് തേക്കുന്നതിലെ വിലക്ക് നീക്കി: തുപ്പൽ തേക്കുന്ന ചിത്രം സ്റ്റാറ്റസ് ഇട്ട് ഷമിയുടെ ആഘോഷം

Mail This Article
ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റിലെ നിയമങ്ങൾ പൊളിച്ചെഴുതുന്ന ശീലം മാറ്റാതെ ഐപിഎൽ.ബോളിങ്ങിനിടെ പന്ത് മിനുക്കാൻ തുപ്പലും വിയർപ്പും ഉപയോഗിക്കുന്നതിനുള്ള വിലക്ക് (സലൈവ ബാൻ) ഐപിഎലിൽനിന്നു പിൻവലിച്ചു. കഴിഞ്ഞ കോവിഡ് കാലത്തു നിലവിൽ വരുകയും പിന്നീട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രാബല്യത്തിലാക്കുകയും ചെയ്ത വിലക്കാണ് ഐപിഎലിൽനിന്നു മാത്രമായി നീക്കുന്നത്.
ഇന്നലെ മുംബൈയിൽ ചേർന്ന ക്യാപ്റ്റൻമാരുടെ യോഗത്തിലാണ് തീരുമാനം. ഐപിഎലിൽ നിലവിലുള്ള ഇംപാക്ട് പ്ലെയർ നിയമം 2027 വരെ തുടരും. മഞ്ഞു വീഴ്ചയുള്ള മത്സരങ്ങളിൽ രണ്ടാം ന്യൂബോൾ അനുവദിക്കുമെന്നതാണ് മറ്റൊരു തീരുമാനം. പന്തിൽ റിവേഴ്സ് സ്വിങ് ലഭിക്കുന്നതിനായി സലൈവ ബാൻ നീക്കണമെന്ന് ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫിക്കിടെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു.
മുൻ ന്യൂസീലൻഡ് താരം ടിം സൗത്തി ഉൾപ്പെടെയുള്ളവർ ഷമിയെ അനുകൂലിച്ചു. ബോളർമാർക്ക് സഹായകരമായ തീരുമാനത്തെ ക്യാപ്റ്റൻമാരിൽ കൂടുതൽ പേരും അനുകൂലിച്ചു. ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ ഐപിഎൽ ടീമുകൾ നിലപാട് എടുത്തെങ്കിലും ഒട്ടേറെ ആഭ്യന്തര താരങ്ങൾക്ക് ഐപിഎലിൽ അവസരം ലഭിക്കാൻ ഇതു കാരണമാകുന്നുവെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.
∙ വൈഡിനും ഡിആർഎസ്
ഐപിഎൽ മത്സരങ്ങളിൽ ഓഫ് സ്റ്റംപിന് പുറത്തുള്ള വൈഡ്, ബാറ്ററുടെ തലയ്ക്കു മുകളിലൂടെയുള്ള വൈഡ് എന്നിവയിൽ അംപയറുടെ തീരുമാനം ഇനി ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലൂടെ (ഡിആർഎസ്) ടീമുകൾക്കു പുനഃപരിശോധിക്കാം. ലെഗ് സൈഡ് വൈഡുകളിൽ ഡിആർഎസ് ഉപയോഗിക്കാൻ നിലവിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഐപിഎലിൽ രാത്രി നടക്കുന്ന മത്സരങ്ങളിൽ സെക്കൻഡ് ന്യൂബോൾ ഉപയോഗിക്കാനും ഇനി അവസരമുണ്ടാകും.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന്റെ 11–ാം ഓവർ മുതലാണ് പുതിയ ബോൾ ഉപയോഗിക്കാനാകുക. രാത്രിയിലെ മഞ്ഞു വീഴ്ചമൂലം ബോളർമാർക്ക് നിയന്ത്രണം (ഗ്രിപ്പ്) നഷ്ടമാകുന്നുവെന്നും ബാറ്റിങ് ടീമിന് ഇതിലൂടെ മേൽക്കൈ ലഭിക്കുന്നുവെന്നുമുള്ള പരാതി മറികടക്കാനാണിത്.