ആഡംബരത്തിന് ഒട്ടും കുറവില്ല, കൂടെ പെർഫോമൻസും; ബുക്ക് ചെയ്യാം പുതിയ ടിഗ്വാൻ ആർ ലൈൻ

Mail This Article
പ്രീമിയം എസ്‍യുവി ടിഗ്വാൻ ആർ ലൈനിന്റെ ബുക്കിങ് ആരംഭിച്ച് ഫോക്സ്‌വാഗൻ ഇന്ത്യ. പെർഫോമൻസ് പ്രീമിയം എസ്‍യുവി ഫോക്സ്‌വാഗൻ ഡീലർഷിപ്പിലൂടെയോ അല്ലെങ്കിൽ ഫോക്സ്‌വാഗൻ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയോ മുതൽ ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിക്കുന്നത്. ഏപ്രിൽ 14 മുതൽ വാഹനം വിതരണം ചെയ്യും. ഇതു കൂടാതെ ഗോൾഫ് ജിടിഐ എംകെ 8.5 ന്റെ ബുക്കിങ്ങും ഫോക്സ്‌വാഗൻ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം വിപണിയിലെത്തുന്ന പെർഫോമൻസ് ഹാച്ച്ബാക്ക് ഓൺലൈനിലൂടെ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.

എംക്യുബി പ്ലാറ്റ്‌ഫോമില്‍ എത്തുന്ന ടിഗ്വാന് 4539എംഎം നീളവും 1656 എംഎം ഉയരവും 1859 എംഎം വീതിയുമാണുള്ളത്. പൂര്‍ണമായും ഇരക്കുമതി ചെയ്യുന്ന വാഹനത്തിൽ 2.0 ലീറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. 204 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും ഫോര്‍ മോഷന്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവുമുണ്ട്. 100 കിലോമീറ്റർ സഞ്ചരിക്കാൻ 7.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ വാഹനത്തിന്റെ പരമാവനധി വേഗം 229 കിലോമീറ്ററാണ്.

സ്പോർട്ടിയറായ രൂപമാണ് ഈ പെർഫോമൻസ് എസ്‍യുവിക്ക്. ഐക്യു ലൈറ്റ് മെട്രിക്‌സ് ഹെഡ്‌ലാംപ്, എല്‍ഇഡി സ്ട്രിപ് നല്‍കിയിട്ടുണ്ട്. പിന്നില്‍ മൂന്നു വ്യത്യസ്ത എല്‍ഇഡി ക്ലസ്റ്ററുകൾ നൽകിയിരിക്കുന്നു. സ്പോർട്ടി 20 ഇഞ്ച് ട്യുവല്‍ ടോണ്‍ അലോയ് വീലുകളാണ്. ഉള്ളിൽ 15.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും. മുന്നിൽ വെന്റിലേറ്റഡ് സീറ്റുകളാണ് കൂടാതെ സീറ്റുകളില്‍ മസാജിങ് സൗകര്യവുമുണ്ട്.
മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്, പനോരമിക് സണ്‍റൂഫ്, ഒഎൽഇഡി സ്‌ക്രീനുള്ള റോട്ടറി കണ്‍ട്രോളര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളുള്ള എഡിഎസ്, പാര്‍ക്ക് അസിസ്റ്റ് പ്രൊ, റിമോട്ട് പാര്‍ക്കിങ് സൗകര്യം എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ പുതിയ ട്വിഗാനിലുണ്ട്. പെര്‍സിമോണ്‍ റെഡ് മെറ്റാലിക്, നൈറ്റ്‌ഷെയ്ഡ് ബ്ലൂ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, ഒറിക്‌സ് വൈറ്റ് മദര്‍ ഓഫ് പേള്‍ ഇഫക്റ്റ്, സിപ്രെസിനോ ഗ്രീന്‍ മെറ്റാലിക്, ഓയിസ്റ്റര്‍ സില്‍വര്‍ മെറ്റാലിക് എന്നിവയാണ് ഈ നിറങ്ങള്‍.