പണിമുടക്കിനും ഇൻഷുറൻസ്? കേരളത്തിലെ ബിസിനസുകൾ ഒഴിവാക്കരുത് ഈ പരിരക്ഷ

Mail This Article
പല തരം ഇൻഷുറൻസുകളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ പണിമുടക്കിന് ഇൻഷുറൻസ് ഉണ്ടെന്ന് അറിയാമോ?
"സ്ട്രൈക്ക് ഇൻഷുറൻസ്" എന്നറിയപ്പെടുന്ന ഇതിൽ പണിമുടക്കുകൾ അല്ലെങ്കിൽ തൊഴിൽ തടസങ്ങൾ മൂലം ബിസിനസുകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ നികത്തുന്ന ഇൻഷുറൻസ് പോളിസികൾ, വരുമാന നഷ്ടത്തിൽ നിന്ന് സംരക്ഷണം നൽകുന്ന ഇൻഷുറൻസുകൾ എന്നിവ ആണ് ഉൾക്കൊള്ളുന്നത്.
അതായത് പണിമുടക്കുകൾ മൂലമോ തൊഴിൽ പ്രശ്നങ്ങൾ മൂലമോ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് സാധാരണയായി സ്ട്രൈക്ക് ഇൻഷുറൻസ് പോളിസികൾ പരിരക്ഷ നൽകുന്നു. വരുമാന നഷ്ടം, സ്വത്തുക്കൾക്കുണ്ടാകുന്ന നാശനഷ്ടം, പണിമുടക്ക് മൂലമുണ്ടായ അധിക ചെലവുകൾ എന്നിവയെല്ലാം ഇത് കവർ ചെയ്യും.

ബിസിനസുകൾക്ക് നല്ലത്
∙തൊഴിൽ തടസങ്ങളുടെ സാമ്പത്തിക ആഘാതത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ബിസിനസുകൾക്ക് സ്ട്രൈക്ക് ഇൻഷുറൻസ് പോളിസികൾ വാങ്ങാം.
∙നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും കവറേജ് പരിധികളും ഒഴിവാക്കലുകളും പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കും.
∙പണിമുടക്ക് ഉണ്ടായാൽ, ഇൻഷ്വർ ചെയ്ത ബിസിനസിന് ഇൻഷുറൻസ് കമ്പനിയിൽ ഒരു ക്ലെയിം ഫയൽ ചെയ്യാൻ കഴിയും. കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ പോളിസി നഷ്ടപരിഹാരം നൽകും.
അറിയാം, പാരാമെട്രിക് ഇൻഷുറൻസ്
പ്രകൃതി ദുരന്തമോ, വെള്ളപ്പൊക്കമോ, തീപിടുത്തമോ ഉണ്ടായാൽ ഈ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകും.. ഇൻഷുർ ചെയ്യുന്ന നിർദിഷ്ട മാനദണ്ഡത്തിനു അനുസരിച്ചു നൽകുന്ന നഷ്ടപരിഹാരം ആയതിനാൽ ഇതിൽ പെട്ടെന്ന് തന്നെ ഇൻഷുറൻസ് തുക ലഭിക്കും. എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായി എന്ന് അളന്ന് തിട്ടപ്പെടുത്താതെ തന്നെ ഇൻഷുർ ചെയ്തിരിക്കുന്ന ആ 'പാരാമീറ്ററിന് ' അനുസരിച്ച് ഉടൻ തുക നൽകും.
ലേബർ ഇൻഷുറൻസ്
ജോലിസ്ഥലവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക സഹായം നൽകുന്നതാണ് ലേബർ ഇൻഷുറൻസ്.
ജീവനക്കാരുടെ പണിമുടക്ക് കാരണം ഫാക്ടറി അടച്ചുപൂട്ടിയാലോ, നിർമ്മാണ തൊഴിലാളികളുടെ പണിമുടക്ക് കാരണം നിർമ്മാണ പദ്ധതി വൈകിയാലോ, ജീവനക്കാർ പണിമുടക്കുന്നതിനാൽ ബിസിനസിന് വരുമാനനഷ്ടം സംഭവിച്ചാലോ 'സ്ട്രൈക്ക് ഇൻഷുറൻസ്' നഷ്ടപരിഹാരം നൽകുന്നതിനാൽ കേരളത്തിൽ ബിസിനസ് നടത്തുന്ന കമ്പനികൾക്കും തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഈ ഇൻഷുറൻസ് എടുക്കുന്നതിനെക്കുറിച്ചു ഗൗരവമായി ആലോചിക്കാം.