പ്രതിരോധ കുത്തിവയ്പ്പുകളെ കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Mail This Article
സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്‍ തോതിലുള്ള പ്രചാരണങ്ങള്‍ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ക്കെതിരെ നടക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കാനുളള ഏറ്റവും എളുപ്പമുള്ളതും കാര്യക്ഷമമായതുമായ വഴിയാണ് പ്രതിരോധ കുത്തിവയ്‌പ്പ്.
പാകമാകാത്ത പ്രതിരോധ സംവിധാനങ്ങളുമായാണ് കുട്ടികള്‍ ജനിക്കുന്നത്. കുറേ വര്‍ഷങ്ങളെടുക്കും ഇവരുടെ പ്രതിരോധ സംവിധാനം കരുത്താര്‍ജ്ജിക്കാന്‍. ഇക്കാലയളവില്‍ പലവിധത്തിലുള്ള അണുക്കള്‍ ഇവരുടെ ശരീരത്തില്‍ പ്രവേശിച്ച് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഈ ഭീഷണികളില്‍ നിന്നെല്ലാം കുഞ്ഞുങ്ങളെ സംരക്ഷിച്ച് നിര്‍ത്താന്‍ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ സഹായിക്കും.
നിര്‍ജീവമായതോ ദുര്‍ബലപ്പെടുത്തിയതോ ആയ രോഗാണുക്കളെ ശരീരത്തിനുള്ളില്‍ എത്തിച്ച് അവയെ കണ്ടെത്താന്‍ പ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുക എന്നതാണ് വാക്‌സീനുകളുടെ ജോലി. ഈ അണുവുമായി ശരീരം പഴകി കഴിഞ്ഞാല്‍ പിന്നീട് എപ്പോഴെങ്കിലും ശരിക്കുള്ള രോഗാണു ശരീരത്തിലെത്തി കഴിഞ്ഞാല്‍ അതിനെ നേരിടാനുള്ള പരിശീലനം വാക്‌സീന്‍ ശരീരത്തിന് നല്‍കും. കുഞ്ഞുങ്ങളെ ശരിക്കും രോഗബാധിതരാക്കാതെ തന്നെ ഈ ശേഷി അവര്‍ക്ക് നേടികൊടുക്കുന്നതാണ് പ്രതിരോധ കുത്തിവയ്‌പ്പുകളെന്ന് ഗുഡ്‌ഗാവോണ്‍ മദര്‍ഹുഡ് ഹോസ്‌പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്‌റ്റ് ഡോ. ഷെല്ലി ഗുപ്‌ത ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദീര്‍ഘകാല സംരക്ഷണം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആന്റിബോഡികള്‍ ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടാന്‍ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ കാരണമാകുമെന്നും ഡോ. ഷെല്ലി ചൂണ്ടിക്കാട്ടി.
ഇനി പറയുന്നവയാണ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ ഗുണങ്ങള്‍
∙രോഗങ്ങളില്‍ നിന്ന് സംരക്ഷണം
പോളിയോ, ഹെപ്പറ്റൈറ്റിസ്, വില്ലന്‍ ചുമ, അഞ്ചാം പനി എന്നിങ്ങനെ ഗുരുതരമായ പല രോഗങ്ങളും വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ സഹായിക്കും. വാക്‌സീന്‍ എടുക്കാതിരുന്നാല്‍ മരണം ഉള്‍പ്പെടെയുള്ള രോഗസങ്കീര്‍ണ്ണതകള്‍ക്ക് ഇവ കാരണമായേക്കാം.

∙സമൂഹത്തിനും സംരക്ഷണം
പ്രതിരോധ കുത്തിവയ്‌പ്പുകള്‍ എടുത്തവരാണ് നിങ്ങളുടെ ചുറ്റുമെങ്കില്‍ ഈ രോഗാണുക്കള്‍ നിങ്ങളുടെ സമൂഹത്തില്‍ പരക്കുന്നതിന്റെയും സാധ്യത കുറയും. അതിനാല്‍ വ്യക്തിയിലൂടെ സമൂഹത്തിന്റെ രക്ഷ കൂടിയാണ് വാക്‌സീനുകള്‍ ഉറപ്പാക്കുന്നത്.
രോഗം വന്നാലും അപകടസാധ്യത കുറയും
അണുബാധകളെ ഫലപ്രദമായി നേരിടാനും രോഗം വന്നാലും അവയുടെ സങ്കീര്‍ണ്ണത കുറയ്‌ക്കാനും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത കുട്ടികള്‍ക്ക് സാധിക്കും. അവരുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും വികസനത്തിനും ഇത് സഹായകമാണ്.
ഇക്കാരണങ്ങളാല്‍ കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വാക്‌സിനേഷന്‍ ക്രമം പിന്തുടരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ സമയങ്ങളില്‍ അവ നല്‍കേണ്ടത് ശരിയായ സംരക്ഷണം കുട്ടിക്ക് ഉറപ്പാക്കും. ഏതെങ്കിലും കാരണത്താല്‍ സമയത്തിന് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാന്‍ കഴിയാത്തവര്‍ ഡോക്ടറെ ഉടനടി കണ്ട് ക്യാച്ച് അപ്പ് വാക്‌സിനേഷനുകള്‍ക്ക് ഏര്‍പ്പാട് ചെയ്യേണ്ടതാണ്. പല ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങള്‍ക്കും അനുമതികള്‍ക്കും ശേഷം മാത്രം വിപണിയിലെത്തുന്ന വാക്‌സീനുകള്‍ പൊതുവേ സുരക്ഷിതമാണ്. എന്നിരുന്നാലും തീവ്രമല്ലാത്തതും താത്‌ക്കാലികവുമായ ചില പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ ഉണ്ടായെന്ന് വരാം. കുത്തിവയ്‌പ്പ് എടുത്ത സ്ഥലത്ത് വേദന, നീര്‍ക്കെട്ട്, ചെറിയ തോതിലുള്ള പനി, താത്‌ക്കാലികമായ മൂഡ് മാറ്റങ്ങള്‍, ദേഷ്യം എന്നിവയെല്ലാം പ്രതിരോധ കുത്തിവയ്‌പ്പിന്റെ ഫലമായി കുട്ടികളില്‍ ഉണ്ടാകാവുന്നതാണ്.