72–ാം മിനിറ്റ് വരെ 2–0ന് പിന്നിൽ, പിന്നാലെ 4 ഗോൾ തിരിച്ചടിച്ച് വിജയം; അത്ലറ്റിക്കോ മഡ്രിഡിനെതിരെ ബാർസയുടെ രാജകീയ തിരിച്ചുവരവ്– വിഡിയോ

Mail This Article
മഡ്രിഡ്∙ സ്വന്തം തട്ടകത്തിൽ ബാർസിലോന പോലൊരു ടീമിനെതിരെ 72 മിനിറ്റുവരെ 2–0ന് ലീഡ് ചെയ്യുക. ശേഷിക്കുന്ന 18 മിനിറ്റുകൂടി പിടിച്ചുനിന്നാൽ ഐതിഹാസികമായൊരു വിജയം സ്വന്തമെന്ന നിലയിൽനിന്ന്, നാലു ഗോളുകൾ വാങ്ങിക്കൂട്ടി തോൽവിയിലേക്ക് പതിക്കുക... സ്വപ്നസമാനമായൊരു വിജയത്തിലേക്കു കുതിക്കുകയായിരുന്ന അത്‍ലറ്റിക്കോ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തി, സ്പാനിഷ് ലാലിഗയിൽ ബാർസ വീണ്ടും ഒന്നാമത്. ആവേശകരമായ മത്സരത്തിൽ 4–2നാണ് ബാർസയുടെ വിജയം.
72–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്‌കി ആദ്യ ഗോൾ നേടും വരെ 2–0ന് പിന്നിലായിരുന്ന ബാർസ, തോൽവിയുടെ വക്കിൽനിന്നാണ് തകർപ്പൻ വിജയത്തിലേക്ക് പന്തടിച്ചുകയറ്റിയത്. ബാർസയ്‌ക്കായി ഫെറാൻ ടോറസ് ഇരട്ടഗോൾ നേടി. 78, 90'+8 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഗോളുകൾ. ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ യുവ വിസ്മയം ലമീൻ യമാലും ബാർസയ്‍ക്കായി ലക്ഷ്യം കണ്ടു. അത്‍ലറ്റിക്കോയുടെ ഗോളുകൾ യൂലിയൻ അൽവാരസ് (45), അലക്സാണ്ടർ സോർലോത് (70) എന്നിവർ നേടി.
വിജയത്തോടെ 27 കളികളിൽനിന്ന് 19 വിജയവും മൂന്നു സമനിലയും സഹിതം 60 പോയിന്റുമായാണ് ബാർസ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഒരു മത്സരം കൂടുതൽ കളച്ച റയൽ മഡ്രിഡിനും 60 പോയിന്റുണ്ടെങ്കിലും, ഗോൾശരാശരുടെ മികവിലാണ് ബാർസ ഒന്നാമത് എത്തിയത്. സീസണിലെ നാലാം തോൽവി വഴങ്ങിയ അത്‌ലറ്റിക്കോ മഡ്രിഡ് 56 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
മറ്റു മത്സരങ്ങളിൽ റയൽ ബെറ്റിസ് ലെഗാനസിനെയും (3–2), അത്‌ലറ്റിക് ക്ലബ് സെവിയ്യയെയും (1–0), ഗെറ്റഫെ ഒസാസുനയെയും (2–1) തോൽപ്പിച്ചു. റയോ വയ്യേക്കാനോ – റയൽ സോസിദാദ് മത്സരം 2–2 സമനിലയിൽ അവസാനിച്ചു.