മുനമ്പം കമ്മിഷനിൽ സർക്കാരിന് തിരിച്ചടി; നിയമനം റദ്ദാക്കി ഹൈക്കോടതി

Mail This Article
കൊച്ചി ∙ മുനമ്പം ഭൂമി വിഷയത്തിൽ സർക്കാരിനു വൻ തിരിച്ചടി. മുനമ്പം ഭൂമി പ്രശ്നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഭൂമി വഖഫ് വകയാണെന്നു വഖഫ് ബോർഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വഖഫ് വിഷയത്തിൽ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. ഇതോടെ മുനമ്പം ഭൂമി പ്രശ്നം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രൻ നായർ കമ്മിഷൻ അസാധുവായി.
മൂന്നു കാര്യങ്ങളാണ് ഹൈക്കോടതി പരിശോധിച്ചത്. മുനമ്പം വിഷയത്തിൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നതായിരുന്നു ആദ്യത്തേത്. ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇത്തരത്തിൽ കമ്മിഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടോ എന്നതായിരുന്നു മറ്റൊന്ന്. സർക്കാരിന് ഇതിന് അധികാരമുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. മുനമ്പം ഭൂമി പ്രശ്നത്തിൽ കമ്മിഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമുണ്ടോ എന്നതായിരുന്നു കോടതിക്കു മുൻപിലുണ്ടായിരുന്ന മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ ചോദ്യം.
മുനമ്പത്തേത് വഖഫ് വകയാണെന്ന് വഖഫ് ബോർഡ് കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഷയം വഖഫ് ട്രിബ്യൂണലിനു മുൻപാകെയാണുള്ളത്. ട്രിബ്യൂണലിനു മുമ്പാകെയുള്ള വിഷയത്തിൽ മറ്റൊരു അന്വേഷണം നടത്താൻ കഴിയില്ല. ഈ ഭൂമി സംബന്ധിച്ച് വഖഫ് ബോർഡും കോടതികളും പുറപ്പെടുവിച്ചിട്ടുള്ള വിധികളൊന്നും പരിഗണിക്കാതെയാണ് സർക്കാർ കമ്മിഷനെ നിയോഗിച്ചത്. മനസിരുത്തിയല്ല സർക്കാർ ഈ നിയമനം നടത്തിയിരിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ യാന്ത്രികമായാണ് നടപടിയെടുത്തത്. ജുഡീഷ്യൽ, അർധ ജുഡീഷ്യൽ അധികാരങ്ങൾ കമ്മീഷന് ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും നിയമന ഉത്തരവിൽ അക്കാര്യങ്ങളില്ല തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
കോടതി ഉത്തരവിൽ താൻ വ്യക്തിപരമായി പ്രതികരിക്കേണ്ടതില്ലെന്നും പ്രതികരിക്കേണ്ടത് സര്‍ക്കാരാണെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പ്രതികരിച്ചു. കമ്മിഷനെ നിയമിച്ചത് സർക്കാരാണ് എന്നതിനാൽ അപ്പീൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
വിധിയിൽ ആശങ്കയും നിരാശയും പ്രകടിപ്പിച്ച സമരസമിതി സർക്കാരിനുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമകൾക്ക് തിരികെ നൽകണമെന്നും മുനമ്പം ഭൂസമരമസമിതി ആവശ്യപ്പെട്ടു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് വിശ്വസിച്ചിരിക്കുന്ന സമയത്താണ് 47ാം ദിവസം ജൂഡീഷ്യൽ കമ്മീഷനെ നിയമിക്കുന്നത്. റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ച് കിട്ടുമെന്നും കരുതി. തുടക്കത്തിൽ തന്നെ തങ്ങൾ ആശങ്ക ഉന്നയിച്ചിരുന്നു എന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അദ്ദേഹം തന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പൂർണമായും തങ്ങൾ സഹകരിക്കുകയായിരുന്നു എന്നും സമരസമിതി വ്യക്തമാക്കി.