തടി കുറയ്ക്കാൻ ഇനി രാവിലത്തെ ഭക്ഷണം ഇങ്ങനെയാക്കൂ

Mail This Article
വാരിവലിച്ച് ഭക്ഷണം കഴിക്കുന്നവരല്ല ഇന്നത്തെ ആളുകൾ. ശ്രദ്ധിച്ചും വേണ്ടവ തിരഞ്ഞെടുത്തും കഴിക്കുന്നവരാണ്. ഡയറ്റ് നോക്കി ആരോഗയകരമായ രീതിയിൽ കഴിക്കുന്നവരും കുറവല്ല. ഈ ആരോഗ്യകരമായ ഭക്ഷണ രീതിയിൽ ഗ്ലൂട്ടൻ രഹിത ധാന്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പരമ്പരാഗത ഭക്ഷണ രീതി എങ്ങനെ മാറ്റാം? ഗ്ലൂട്ടൻ രഹിതവും ആരോഗ്യകരവും രുചികരവുമായ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്ന ചില വഴികൾ നോക്കാം.
അവൽ
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പ്രഭാത ഭക്ഷണമാണ് പൊഹ. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ കാണുന്ന പരന്ന അരി ഉപയോഗിച്ച് തയാറാക്കുന്ന പ്രഭാത ഭക്ഷണമാണിത്. അവൽ എന്നും പറയാം. ഇത് ഗ്ലൂട്ടൻ രഹിതമാണ്. ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
അവലിൽ കടുക്, കറിവേപ്പില, ഉള്ളി, ഗ്രീൻ പീസ്, നിറത്തിനായി ഒരു നുള്ള് മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം അരിഞ്ഞുവച്ച മല്ലിയില, വറുത്ത കപ്പലണ്ടി, രുചിക്കായി അല്പം നാരങ്ങാനീര് എന്നിവ ഇതിനു മുകളിൽ ഒഴിക്കുക. അവൽ ലഘുവും രുചികരവുമായ ഭക്ഷണമാണ്. പോഷകസമൃദ്ധമായ ഗ്ലൂട്ടൻ രഹിത പ്രഭാതഭക്ഷണമായി ഇതും ഉൾപ്പെടുത്താം.
ഉപ്പുമാവ്
സാധാരണ റവ ഉപയോഗിച്ചാണ് ഉപ്പുമാവ് ഉണ്ടാക്കുന്നത്. അതിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ടാകും. എന്നാൽ ഇതിനു പകരം അരിപ്പൊടിയോ കടലമാവോ ഉപയോഗിച്ച് ഗ്ലൂട്ടൻ രഹിത ഉപ്പുമാവ് തയാറാക്കാം.

കടുക്, കറിവേപ്പില, ഉള്ളി, ഗ്രീൻ പീസ്, വിവിധ പച്ചക്കറികൾ എന്നിവ ചേർത്ത് മാവ് വേവിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇഞ്ചി, പച്ചമുളക്, മഞ്ഞൾ എന്നിവ കുറച്ച് മാത്രം ചേർത്ത്, അരിഞ്ഞുവച്ച മല്ലിയിലയും , തേങ്ങയും ചേർത്ത് മുകളിൽ വിതറുക. പോഷകസമൃദ്ധമായ ഈ വിഭവം കഴിച്ചാൽ വയറും നിറയും.
ഇഡ്‌ഡലി
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അരി കൊണ്ട് ഉണ്ടാക്കുന്ന മൃദുലവും ആവിയിൽ വേവിച്ചെടുക്കുന്നതുമായ ഒരു പ്രഭാത ഭക്ഷണമാണ് ഇഡ്‌ഡലി, ഇത് ഗ്ലൂട്ടൻ രഹിതമാണ്. അരിയും ഉഴുന്നും കൂടി കുതുർത്ത് വച്ച് അരച്ചെടുക്കുന്ന മാവ് കൊണ്ടുണ്ടാക്കുന്ന ഭക്ഷണമാണ് ഇഡ്‌ഡലി.

ഇത് ലഘുവും ദഹിക്കാൻ എളുപ്പവുമാണ്. ഇഡ്‌ലി സാധാരണയായി തേങ്ങാ ചട്ണിയും സാമ്പാറും ചേർത്താണ് കഴിക്കുന്നത്.
ദോശ
പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് ദോശ. അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന മാവ് കൊണ്ടാണ് ദോശ ഉണ്ടാക്കുന്നത്. ഗ്ലൂട്ടൻ രഹിത ഭക്ഷണമാണിത്. ചൂടുള്ള തവയിൽ ഒരു നിശ്ചിത അളവിൽ മാവ് ഒഴിച്ച് പരത്തി ചുട്ടെടുക്കുന്നതാണ് ദോശ.

ദോശകൾ വിവിധ തരം ചട്ണികൾ, സാമ്പാർ എന്നിവ കൂട്ടിയാണ് കഴിക്കുന്നത്. ദോശക്കുള്ളിൽ ഉരുളക്കിഴങ്ങും മറ്റു പച്ചക്കറികളും ചേർത്ത മസാല നിറച്ചും (മസാല ദോശ) കഴിക്കാം. കാലറി കുറഞ്ഞ ഭക്ഷണം കൂടിയാണിത്.
സാബുദാന കിച്ചടി
ഇതൊരു ഗ്ലൂട്ടൻ രഹിത ഭക്ഷണമാണ്. പ്രധാനമായും ഉപവാസ കാലങ്ങളിൽ, പ്രത്യേകിച്ച് മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഭക്ഷണം കണ്ടുവരുന്നത്. ചൗവ്വരി ഉപയോഗിച്ചാണ് ഈ ഭക്ഷണം തയാറാക്കുന്നത്, ഇതിലേക്ക് ഉരുളക്കിഴങ്ങ്, കപ്പലണ്ടി, ജീരകം, മല്ലി, പച്ചമുളക് തുടങ്ങിയവ ചേർത്ത് പാകം ചെയ്യുന്നു.ചൗവ്വരി മൃദുവും ചവയ്ക്കാൻ എളുപ്പമുള്ളതുമാണ്, ഇത് നല്ലൊരു പ്രഭാത ഭക്ഷണമാണ്. സാധാരണയായി പ്രോട്ടീനും രുചിക്കും വേണ്ടി തൈര് ചേർത്താണ് വിളമ്പുന്നത്.
പാൻകേക്ക്
മൂംഗ് ദാൽ ചില്ല ഗ്ലൂട്ടൻ രഹിതവും പെട്ടെന്ന് ദഹിക്കുന്നതുമായ പാൻകേക്കാണ്. കുതിർത്ത് വച്ച മൂംഗ് ദാൽ പരിപ്പ് അരച്ച് മാവാക്കി അതിലേക്ക് ജീരകം, മഞ്ഞൾ, മുളക് എന്നിവ ചേർക്കുന്നു. ശേഷം പാൻകേക്ക് പോലെ ചൂടുള്ള പാനിൽ പാകം ചെയ്യുന്നു. മൂംഗ് ദാൽ ചില്ലയിൽ പ്രോട്ടീൻ ധാരാളമുണ്ട്, പോഷകമൂല്യം വർദ്ധിപ്പിക്കുന്നതിന് വിവിധ തരം ചട്ണികൾ, തൈര് അല്ലെങ്കിൽ പച്ചക്കറി ഫില്ലിംഗ് എന്നിവ ചേർത്ത് വിളമ്പാം. പെട്ടെന്ന് ദഹിക്കുന്ന ലഘുവായ പ്രഭാതഭക്ഷണമാണിത്.
ബീസൻ ചീല
കടലമാവ് പേസ്റ്റ് രൂപത്തിൽ അരച്ച് വെള്ളം, മഞ്ഞൾ പൊടി, മുളക്, ജീരകം, മല്ലി തുടങ്ങിയവ ചേർത്താണ് ഇത് തയാറാക്കുന്നത്. കൂടുതൽ രുചിക്കും പോഷണത്തിനും വേണ്ടി ഉള്ളി, തക്കാളി, ചീര തുടങ്ങിയ പച്ചക്കറികളും ചേർക്കുന്നു.

മാവ് തവയിൽ പരത്തി പുറത്ത് മൊരിഞ്ഞതും അകത്ത് മൃദുവായതുമായ എരിവുള്ള പാൻകേക്കുകളാക്കി പാകം ചെയ്യുന്നു. ഇത് സാധാരണയായി പുതിന ചട്ണിയോ തൈരോ ചേർത്താണ് കഴിക്കുന്നത്.