ഇമറാത്തി ശിശുദിനാഘോഷം; കുട്ടികൾ രാജ്യത്തിന്റെ കേന്ദ്രബിന്ദു: പ്രസിഡന്റ്

Mail This Article
അബുദാബി ∙ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ക്ഷേമം ഉറപ്പാക്കാനും യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തിന്റെ ഭാവി യാത്രയിലെ കേന്ദ്രബിന്ദുവാണ് കുട്ടികളെന്നും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും വികസനം ഉറപ്പാക്കി ഭാവി യുവാക്കളെ ശാക്തീകരിക്കുകയും ചെയ്യുന്നതിനാണ് മുൻഗണനയെന്നും ഇമറാത്തിശിശുദിനാഘോഷത്തോടനുബന്ധിച്ച് അദ്ദേഹം വ്യക്തമാക്കി. ബാലാവകാശ നിയമം അംഗീകരിച്ച ദിവസമാണ് യുഎഇയിൽ ഇമറാത്തി ശിശുദിനം ആചരിക്കുന്നത്. 2016 മാർച്ച് 15നാണ് യുഎഇയിൽ ബാലാവകാശ നിയമം നിലവിൽവന്നത്.
കുട്ടികളുടെ അവകാശം സംക്ഷിക്കുന്നതിനും ദുരുപയോഗങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുന്നതിനുമാണ് ബാലാവകാശ നിയമം ഊന്നൽ നൽകുന്നത്. 2012ൽ ഷാർജയിൽ പിതാവും പങ്കാളിയും ചേർന്ന് 8 വയസ്സുകാരി വദീമയെ ക്രൂരമായി മർദിച്ച സംഭവമാണ് ബാലാവകാശ നിയമത്തിലേക്ക് നയിച്ചത്. ബാലാവകാശ സംരക്ഷണ നിയമം (വദീമ ലോ) 36ാം വകുപ്പ് അനുസരിച്ച് മാതാപിതാക്കൾ കുട്ടിയെ ദേഹോപദ്രവം ഏൽപിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.
കുറ്റം തെളിഞ്ഞാൽ 50,000 മുതൽ 3 ലക്ഷം ദിർഹം വരെ പിഴയോ തടവോ അനുഭവിക്കേണ്ടിവരും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചാണ് ശിക്ഷയുടെ തോത് നിശ്ചയിക്കുക. ക്രൂരമായി മർദനത്തിനിരയായ കുട്ടിയെ രക്ഷിതാക്കളിൽനിന്ന് താൽക്കാലികമായി അകറ്റി നിർത്തുകയോ ശിശുസംരക്ഷണ ഭവനത്തിലേക്ക് മാറ്റുകയോ ചെയ്യാനും നിയമമുണ്ട്. അതുപോലെ കുട്ടികൾക്കു വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ ഉണ്ടാകുന്ന അപകടങ്ങളിലേക്ക് നയിക്കുന്ന രക്ഷകർത്താക്കളും വദീമ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടും.