ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷമുള്ള ശുചീകരണം: കോർപറേഷൻ നീക്കിയത് 345 ടൺ മാലിന്യം

Mail This Article
തിരുവനന്തപുരം ∙ ഭക്ത ലക്ഷം പൊങ്കാല അർപ്പിച്ച ശേഷം നഗര നിരത്തുകളിൽ നിന്ന് കോർപറേഷൻ നീക്കിയത് 345 ടൺ മാലിന്യം. ഇതിൽ 4 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം. അടുപ്പൊരുക്കാനായി ഭക്തർ ഉപയോഗിച്ച 3 ലക്ഷത്തോളം ചുടുകട്ടകളും കോർപറേഷൻ ശേഖരിച്ചിട്ടുണ്ട്. പൊങ്കാല നിവേദ്യത്തിനു ശേഷമുള്ള ശുചീകരണം ഇന്നലെ പുലർച്ചെ മൂന്നോടെയാണ് പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം 135 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഭക്തർ പൊങ്കാല അടുപ്പുകൾ നിരത്തിയെന്നാണ് കണക്ക്. ഹെൽത്ത് സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ച് വൈകിട്ട് മുന്നിനു ശുചീകരണം ആരംഭിച്ചു. നിവേദ്യം ഒരുക്കാനായി കൊണ്ടു വന്ന വിറക് ആണ് മാലിന്യത്തിൽ കൂടുതലുണ്ടായിരുന്നത്. ഇതിനൊപ്പം ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്ത പ്ലാസ്റ്റിക് പ്ലേറ്റുകളും പേപ്പർ കപ്പുകളും പ്ലാസ്റ്റിക് കുപ്പികളും ഉണ്ടായിരുന്നു. ഈ മാലിന്യം നഗരത്തിലെ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്ലാസ്റ്റിക് വേർതിരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ചുടുകട്ടകൾ ശേഖരിക്കാനും ഇക്കുറി ദിവസ വേതനത്തിന് തൊഴിലാളികളെ നിയോഗിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 160 ലോഡ് ചുടുകട്ടകൾ ശേഖരിച്ചു. ഇവ പുത്തരിക്കണ്ടം മൈതാനത്ത് കൂട്ടിയിട്ടിരിക്കുകയാണ്. അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട 23 പേർക്ക് വീടു നിർമിക്കാൻ ചുടുകട്ടകൾ സ്ഥലത്ത് എത്തിച്ചു കൊടുക്കാനാണ് പദ്ധതി. മിച്ചം വരുന്നവ ലൈഫ്– പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട മറ്റു ഗുണഭോക്താക്കൾക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.