ഫ്രാൻസിനെ ക്രൊയേഷ്യ വീഴ്ത്തി, പോർച്ചുഗലിനും തോൽവി; ഇറ്റലിക്കെതിരെ പിന്നിൽനിന്ന് തിരിച്ചടിച്ച് ജർമനിക്ക് ജയം, ‘സമനില തെറ്റാതെ’ സ്പെയിൻ

Mail This Article
റോം∙ യുവേഫ ചാംപ്യൻസ് ലീഗിന്റെ ആദ്യ പാദ ക്വാർട്ട പോരാട്ടങ്ങളിൽ ഫ്രാൻസിനും പോർച്ചുഗലിനും ഇറ്റലിക്കും തോൽവി. ഫ്രാൻസിനെ ക്രൊയേഷ്യയും (2–0), പോർച്ചുഗലിനെ ഡെൻമാർക്കും (1–0), ഇറ്റലിയെ ജർമനിയും (2–1) തോൽപ്പിച്ചു. സൂപ്പർതാരം ക്രിസ്റ്ര്യൻ എറിക്സൻ പെനൽറ്റി പാഴാക്കിയ മത്സരത്തിലാണ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഡെൻമാർക്ക് വീഴ്ത്തിയത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്ന സ്പെയിൻ, ഇൻജറി ടൈമിലെ ഗോളിൽ സമനിലയുമായി രക്ഷപ്പെട്ടു.
ക്രൊയേഷ്യയുടെ തട്ടകത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യപാദത്തിൽ, ആദ്യ പകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് ഫ്രാൻസിന് തിരിച്ചടിയായി. 26–ാം മിനിറ്റിൽ ആന്റെ ബുഡിമിറും ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഇവാൻ പെരിസിച്ചുമാണ് ക്രൊയേഷ്യയ്‌ക്കായി ലക്ഷ്യം കണ്ടത്. സൂപ്പർതാരം കിലിയൻ എംബപ്പെ ആറു മാസത്തെ ഇടവേളയ്‌ക്കു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ മത്സരത്തിലാണ് ടീം 2–0ന്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത്. രണ്ടാം പാദ ക്വാർട്ടർ ഞായറാഴ്ച നടക്കും.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ കളത്തിലിറങ്ങിയ മത്സരത്തിലാണ് ഡെൻമാർക്കിനെതിരെ അവരുടെ തട്ടകത്തിൽ പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി വഴങ്ങിയത്. 78–ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാസ്മൂസ് ഹോയ്‌ലണ്ടാണ് ഡെൻമാർക്കിനായി ലക്ഷ്യം കണ്ടത്. കഴിഞ്ഞ ദിവസം 21 മത്സരങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം യുണൈറ്റഡ് ജഴ്സിയിൽ ലെസ്റ്റർ സിറ്റിക്കെതിരെയും ഹോയ്‌ലണ്ട് ഗോൾ നേടിയിരുന്നു. പകരക്കാരനായി ഇറങ്ങിയ ഒസ്‌ലെന്റെ അസിസ്റ്റിലാണ്, പകരക്കാരനായ ഹോയ്‌ലണ്ട് ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഡെൻമാർക്കിന് ലഭിച്ച പെനൽറ്റി ക്രിസ്റ്റ്യൻ എറിക്സൻ നഷ്ടമാക്കിയിരുന്നു.
കരുത്തൻമാരുടെ പോരാട്ടത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ചാണ് ജർമനി ഇറ്റലിയെ വീഴ്ത്തിയത്. ഒൻപതാം മിനിറ്റിൽ സാന്ദ്രോ ടൊണാലി നേടിയ ഗോളിൽ ആദ്യ പകുതിയിൽ ഇറ്റലി മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ്, 39 വർഷത്തിനിടെ ആദ്യമായി ഇറ്റലിയെ അവരുടെ തട്ടകത്തിൽ ജർമനി വീഴ്ത്തിയത്. പകരക്കാരൻ താരം ടിം ക്ലെൻഡെൻസ്റ്റ് (49–ാം മിനിറ്റ്), ലിയോൺ ഗോറെറ്റ്സ്ക (76) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ഇരു ഗോളുകൾക്കും വഴിയൊരുക്കി ജോഷ്വ കിമ്മിച്ചും തിളങ്ങി.
എതിരാളികളുടെ തട്ടകത്തിൽ നിശ്ചിത സമയം പൂർത്തിയാകുമ്പോൾ 2–1ന് പിന്നിലായിരുന്ന മത്സരത്തിലാണ്, ഇൻജറി ടൈമിൽ മൈക്കൽ മെറിനോ നേടിയ ഗോളിൽ നെതർലൻഡ്സിനെ സ്പെയിൻ സമനിലയിൽ തളച്ചത്. ഒൻപതാം മിനിറ്റിൽ നിക്കോ വില്യംസ് നേടിയ ഗോളിൽ ലീഡു നേടിയ ശേഷമാണ് ഇരുപകുതികളിലുമായി ഓരോ ഗോൾ വഴങ്ങി സ്പെയിൻ പിന്നിലായത്. 28–ാം മിനിറ്റിൽ കോഡി ഗാക്പോയുടെ ഗോളിൽ സമനില പിടിച്ച നെതർലൻഡ്സ്, 46–ാം മിനിറ്റിൽ ടിയാനി റെയിൻഡേഴ്സ് നേടിയ ഗോളിലാണ് ലീഡെടുത്തത്. 81–ാം മിനിറ്റിൽ ഡച്ച് താരം ജോറൽ ഹാറ്റോ ചുവപ്പുകാർഡ് കണ്ട് പുറത്തായതാണ് അവർക്ക് തിരിച്ചടിയായത്.
തോൽവി ഒഴിവാക്കിയതോടെ, വിവിധ ടൂർണമെന്റുകളിലായി സ്പെയിൻ തോൽവിയറിയാതെ പിന്നിടുന്ന തുടർച്ചയായ 17–ാം മത്സരം കൂടിയായി ഇത്. കഴിഞ്ഞ വർഷം മാർച്ചിൽ സൗഹൃദ മത്സരത്തിൽ കൊളംബിയയോടാണ് (1–0) സ്പെയിൻ ഏറ്റവും ഒടുവിൽ തോറ്റത്.