‘തല’മുറമാറ്റം; ലയണൽ മെസ്സിയില്ലാതെയും വൻവിജയങ്ങൾ നേടി അർജന്റീനയുടെ യുവനിര

Mail This Article
ബ്യൂനസ് ഐറിസ് ∙ ലയണൽ മെസ്സിയില്ലാതെയും വൻവിജയങ്ങൾ നേടാമെന്ന് ആവർത്തിച്ചുറപ്പിച്ച് അർജന്റീന ഫുട്ബോൾ ടീം. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ 4–1നു തോൽവിയിൽ മുക്കിക്കളഞ്ഞ കളിയിൽ അർജന്റീന ടീമിൽ മെസ്സിയുണ്ടായിരുന്നില്ല. അതിനു ദിവസങ്ങൾക്കു മുൻപ് യുറഗ്വായ്ക്കെതിരെ 1–0 വിജയം നേടിയ മത്സരത്തിലും മെസ്സി കളിച്ചിരുന്നില്ല.
ബ്രസീലിനെതിരെ സമനില നേടിയാൽ പോലും 2026 ലോകകപ്പിനു യോഗ്യത ഉറപ്പിക്കാമെന്ന മട്ടിലിറങ്ങിയ അർജന്റീനയാണ് കാനറികളെ അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം തോൽവികളിലൊന്നിലേക്കു തള്ളിവിട്ടത്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി അരങ്ങേറാനിരിക്കുന്ന അടുത്ത ലോകകപ്പിൽ മെസ്സി കളിച്ചില്ലെങ്കിലും ട്രോഫി നിലനിർത്താനുള്ള സംഘബലം തങ്ങൾക്കുണ്ടെന്ന ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യൻമാരായ അർജന്റീന.
നിസ്സാര പരുക്കു മാത്രമേ മെസ്സിക്കുള്ളൂ. എങ്കിലും ടീമിൽ ഉൾപ്പെടുത്തേണ്ടെന്നു ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. മെസ്സിയുടെ ക്ലബ്ബായ യുഎസിലെ ഇന്റർ മയാമിയും സമീപകാലത്തായി പല മത്സരങ്ങളിലും മെസ്സിക്കു ഭാഗിക വിശ്രമം അനുവദിക്കാറുണ്ട്.
മുപ്പത്തിയേഴുകാരൻ മെസ്സിക്ക് ഓവർലോഡ് നൽകി പരുക്കു വിളിച്ചുവരുത്തേണ്ട എന്ന നിലപാടിലാണിത്. 2022ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച മെസ്സി അടുത്ത ലോകകപ്പോടെ വിരമിക്കുമെന്നാണു ലോകം പ്രതീക്ഷിക്കുന്നത്.
‘എന്താണു സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നറിയാം, ഇഷ്ടം പോലെ സമയമുണ്ടല്ലോ.’– ബ്രസീലിനെതിരായ മത്സരത്തിനു ശേഷം അർജന്റീന കോച്ച് ലയണൽ സ്കലോനിയുടെ വാക്കുകൾ. എൻസോ ഫെർണാണ്ടസ്, യൂലിയൻ അൽവാരസ് എന്നിവരായിരുന്നു മെസ്സിയുടെ അഭാവത്തിൽ സ്റ്റാർട്ടിങ് ലൈനപ്പിലെ സ്ട്രൈക്കർമാർ.
മധ്യനിരയിൽ അറ്റാക്കിങ് ഊർജം പകർന്ന് റോഡ്രിഗോ ഡി പോൾ, അലക്സിസ് മക്കലിസ്റ്റർ, തിയാഗോ അൽമാഡ എന്നിവർ. അൽവാരസ്, എൻസോ, മക്കലിസ്റ്റർ, അൽമാഡയ്ക്കു പകരമിറങ്ങിയ ജൂലിയാനോ സിമിയോണി എന്നിവർ കളിയിൽ ഗോൾ നേടുകയും ചെയ്തു.