പങ്കാളി വഞ്ചിക്കുന്നുണ്ടോ എന്നറിയാൻ ‘ഡിവേഴ്സ് ഡസ്റ്റ്’: ശ്രദ്ധനേടി പെൺകുട്ടികളുടെ ഗ്ലിറ്റർ വിദ്യ

Mail This Article
പ്രണയബന്ധത്തിന് ഒന്നിലധികം നിർവചനങ്ങളാണ് ഇന്നത്തെ കാലത്തുള്ളത്. സാഹചര്യത്തിനും താത്പര്യത്തിനുമൊത്ത് ഏറ്റവും അനുയോജ്യമായ രീതിയിൽ ഏതുതരത്തിലുള്ള ബന്ധം തിരഞ്ഞെടുക്കണമെന്ന് പോലും തീരുമാനിക്കാവുന്ന അവസ്ഥ ഇന്നുണ്ട്. ഇങ്ങനെ സൗകര്യങ്ങൾ ഏറെ നൽകുന്നുണ്ടെങ്കിലും ബന്ധങ്ങളിലെ വിശ്വാസ്യത നിരന്തരം പരീക്ഷിക്കപ്പെടുന്ന ലോകം കൂടിയാണ് ഇന്നത്തേത്. താൻ പൂർണമായി വിശ്വാസം അർപ്പിച്ച് ജീവിതം പങ്കിടാൻ തിരഞ്ഞെടുത്തിരിക്കുന്ന പുരുഷൻ തിരിച്ച് അതേ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പുതുതലമുറയിലെ പെൺകുട്ടികൾ ഒരു പുതിയ മാർഗം കണ്ടുപിടിച്ചു കഴിഞ്ഞു. 'ഡിവേഴ്സ് ഡസ്റ്റ്' എന്നാണ് ഇതിന് നൽകിയിരിക്കുന്ന വിളിപ്പേര്.
ശരീരത്തിൽ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ ഒഴിവാക്കാൻ പ്രയാസമായ ഗ്ലിറ്ററാണ് പങ്കാളിയുടെ കപടത കണ്ടുപിടിക്കാൻ പെൺകുട്ടികളെ സഹായിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ പുരുഷന്മാരുടെ കള്ളത്തരം കയ്യോടെ പിടികൂടാൻ ഒരു പരിചയവും ഇല്ലാത്ത ഒരു പെൺകുട്ടി മറ്റൊരു പെൺകുട്ടിയെ സഹായിക്കുന്ന വിദ്യയാണിത്. പുതിയതായി പരിചയപ്പെടുന്ന ഒരു വ്യക്തിയുമായി അടുത്തിടപഴകുന്നതിനു മുൻപ് പെൺകുട്ടികൾ ശരീരത്തിൽ ഗ്ലിറ്ററുകൾ വിതറും. ഒപ്പമുള്ള വ്യക്തിയുടെ ശരീരത്തിൽ ആകെ അങ്ങനെ ഗ്ലിറ്ററുകൾ സ്ഥാനം പിടിക്കുകയും ചെയ്യും. ഇത്തരത്തിൽ ശരീരത്തിൽ പറ്റിപ്പിടിച്ച ഗ്ലിറ്ററുകളുമായി പങ്കാളി വീട്ടിലെത്തിയാൽ കള്ളത്തരം കയ്യോടെ പിടികൂടാൻ മറ്റൊരു തെളിവിന്റെ ആവശ്യവുമില്ല. വിശ്വാസവഞ്ചന കാണിക്കുന്ന പങ്കാളിയെ അങ്ങനെ ഒഴിവാക്കാനുമാകും.
'ആർ വി ഡേറ്റിങ് ദ് സെയിം ഗൈ' പോലെയുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്കുള്ള ഒരു ബദൽ മാർഗമായാണ് ഈ ട്രെൻഡ് ഉയർന്നു വന്നിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിൽ വിശ്വാസവഞ്ചന കാണിച്ച പുരുഷന്മാരെ കുറിച്ച് സ്ത്രീകൾ പരസ്പരം മുന്നറിയിപ്പ് കൊടുക്കുന്നതാണ് പതിവ്. എന്നാൽ ഭൂരിഭാഗം സ്ത്രീകളും ഈ ഗ്രൂപ്പുകളിൽ അംഗമല്ല എന്നത് കണക്കിലെടുത്താണ് കാര്യങ്ങൾ സ്വന്തം നിലയിൽ കൈകാര്യം ചെയ്യാൻ പെൺകുട്ടികൾ തന്നെ ഒരു വഴി കണ്ടെത്തിയത്. മറ്റെന്തൊരു തെളിവുണ്ടാക്കിയാലും അത് നിഷ്പ്രയാസം നശിപ്പിക്കാൻ സാധിക്കും. എന്നാൽ ഒരിക്കൽ പറ്റി പിടിച്ചാൽ ഏതൊരു പ്രതലത്തിലും ദിവസങ്ങളോ ആഴ്ചകളോ അതേ നിലയിൽ തുടരുന്ന ഗ്ലിറ്ററുകളെ പൂർണമായും നീക്കം ചെയ്യുന്നത് സാധ്യമല്ല.
പലപ്പോഴും ഒരു വ്യക്തിയുമായി ആദ്യ ഡേറ്റിങ്ങിന് പോകുന്ന സമയത്താണ് പെൺകുട്ടികൾ ഈ ഗ്ലിറ്റർ വിദ്യ പ്രയോഗിക്കുന്നത്. ഏറെ വിശ്വാസം അർപ്പിച്ചിരുന്ന പങ്കാളി തന്നെ വഞ്ചിക്കുകയാണെന്ന് ഗ്ലിറ്ററുകൾ കണ്ടെത്തിയതിലൂടെ മനസ്സിലാക്കിയ പെൺകുട്ടികൾ ധാരാളമുണ്ട്. കുറച്ചുകാലങ്ങളായി തന്റെ വീട്ടിൽ പല ഇടങ്ങളിലും ഗ്ലിറ്ററുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട മറ്റൊരു വനിതയാവട്ടെ ഈ ട്രൻഡിനെ കുറിച്ച് അറിഞ്ഞപ്പോൾ മാത്രമാണ് ഭർത്താവിന്റെ ചതിയുടെ ഏറ്റവും വലിയ തെളിവായിരുന്നു അവയെന്ന് തിരിച്ചറിഞ്ഞത്.
വഞ്ചിക്കുന്ന പങ്കാളിയെ കണ്ടെത്തുകയും കാട്ടി കൊടുക്കുകയും ചെയ്യുക എന്നതിലുപരി ഹൃദയ ബന്ധങ്ങളിൽ വിശ്വാസ്യതയ്ക്ക് സ്ത്രീകൾ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഈ ഡിവേഴ്സ് ഡസ്റ്റ് സൂത്രം. ഡിവേഴ്സ് ഡസ്റ്റ് ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും പങ്കാളിയുടെ യഥാർഥ സ്വഭാവം തുറന്നു കാട്ടാൻ സ്ത്രീകൾ സമർഥമായ വഴികൾ കണ്ടെത്തുന്നത് ഇതാദ്യമല്ല. തങ്ങളോടൊപ്പം സമയം ചെലവിടുന്ന പുരുഷന്മാർക്ക് മറ്റു ജീവിതപങ്കാളികളുണ്ടെങ്കിൽ അവർക്ക് കൃത്യമായ സൂചനകൾ നൽകുന്നതിനായി കൺപീലികളോ കൃത്രിമ നഖങ്ങളോ കമ്മലുകളോ മോതിരങ്ങളോ ഒക്കെ കണ്ടെത്താൻ കഴിയുന്നിടത്ത് രഹസ്യമായി ഒളിപ്പിച്ചു വയ്ക്കുന്നതായിരുന്നു ഒരു തന്ത്രം. അതേപോലെ ലിപ്സ്റ്റിക് സ്റ്റെയിനുകൾ പതിപ്പിക്കുന്നതിലൂടെയും വിട്ടുമാറാത്ത മണമുള്ള പെർഫ്യൂമുകൾ ഉപയോഗിക്കുന്നതിലൂടെയും ഇത്തരം വഞ്ചനകൾ വെളിയിൽ കൊണ്ടുവരാൻ സ്ത്രീകൾ മുൻപും ശ്രമിച്ചിട്ടുണ്ട്.