ഞാൻ ഉച്ചയ്ക്ക് എന്തു കഴിച്ചെന്നോ എന്റെ ഇഷ്ട ഭക്ഷണമോ അല്ല, ക്രിക്കറ്റാണ് ചർച്ച ചെയ്യേണ്ടത്: തുറന്നടിച്ച് കോലി

Mail This Article
ബെംഗളൂരു∙ സ്പോർട്സ് ചാനലുകളിലെ ക്രിക്കറ്റ് സംബന്ധമായ പരിപാടികളിൽ ചർച്ച ചെയ്യേണ്ടത് കളിയെക്കുറിച്ചാണെന്നും, തന്റെ ഇഷ്ടഭക്ഷണമോ ഇന്നലെ ഉച്ചയ്ക്ക് എന്താണ് കഴിച്ചതെന്നോ അല്ലെന്നും വിരാട് കോലി. ക്രിക്കറ്റ് മത്സരത്തിനിടെ അത്തരം ചർച്ചകൾ നടത്തുന്നതിൽ പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കോലി, ഒരു കായികതാരം കടന്നുപോകുന്ന അവസ്ഥയും അയാളുടെ പ്രകടനവുമാണ് ചർച്ചയാകേണ്ടതെന്ന് വ്യക്തമാക്കി. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്പോർട്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു കോലി.
‘‘മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളിലെ ചർച്ചകളിൽ കളിയേക്കുറിച്ചാണ് സംസാരിക്കേണ്ടതും വിലയിരുത്തേണ്ടതും. അല്ലാതെ ഞാൻ ഇന്നലെ ഉച്ചയ്ക്ക് എന്താണ് കഴിച്ചതെന്നോ ഡൽഹിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോലെ ബട്ടൂര കിട്ടുന്ന സ്ഥലത്തെക്കുറിച്ചല്ല. ഇത്തരം ചർച്ചകൾ എങ്ങനെയാണ് ക്രിക്കറ്റ് മത്സരങ്ങൾക്കിടെ നടത്തുക? ഒരു താരം കടന്നുപോകുന്ന അവസ്ഥയും അയാളുടെ പ്രകടനവുമല്ലേ ചർച്ചയാകേണ്ടത്’ – കോലി ചോദിച്ചു.
ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വ്യക്തി ജീവിതവും തികച്ചും വ്യക്തിപരമായ കാര്യങ്ങളും ചർച്ച ചെയ്യുന്നതിനു പകരം, ആ താരത്തിന്റെ പ്രകടനങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്ന് കോലി ചൂണ്ടിക്കാട്ടി.
‘‘ഇന്ത്യയെ കായിക രംഗത്തെ മുൻനിര രാജ്യമാക്കി മാറ്റുന്നതിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. നമ്മുടെ പരിശ്രമവും അതിനാണ്. അക്കാര്യത്തിൽ നമുക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിനായുള്ള അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇപ്പോൾ നാം ശ്രദ്ധിക്കുന്നത്.’ – കോലി പറഞ്ഞു.
‘‘ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുടെയും കൂട്ടത്തരവാദിത്തമാകണം ഈ സ്വപ്നത്തിലേക്കുള്ള യാത്ര. നമുക്ക് ലഭ്യമായ സൗകര്യങ്ങളോ പണം നിക്ഷേപിക്കുന്ന ആളുകളോ മാത്രം ചിന്തിച്ചിട്ട് കാര്യമില്ല. ഈ മത്സരവുമായി ഏതു വിധത്തിലാണെങ്കിലും ചേർന്നുനിൽക്കുന്നവർക്കെല്ലാം ഉത്തരവാദിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിദ്യാഭ്യാസവും ഉറപ്പുവരുത്തണം’ – കോലി പറഞ്ഞു.