ടൂറിസ്റ്റുകള്‍ക്ക് വഴി കാട്ടാന്‍ ഇഷ്ടമാണോ? മാസം നല്ലൊരു തുക സമ്പാദിക്കാം, ആദ്യ ഘട്ടം മൂന്നാറിൽ

Mail This Article
സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ടൂറിസം മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടോ? എങ്കിലിനി മടിച്ചുനില്‍ക്കേണ്ട, അഡ്വഞ്ചര്‍ പാര്‍ക്കുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വിവിധ ജോലികള്‍ ചെയ്യാന്‍ ആളുകളെ പ്രാപ്തരാക്കാന്‍ നൈപുണ്യ പരിശീലന പരിപാടികൾ ആരംഭിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കെഐഐടിഎസ്) കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും (കെഎടിപിഎസ്) സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയുടെ ആദ്യഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്തു.
ഏഴു ദിവസം മുതല്‍ എട്ടു ദിവസം വരെ സമയം കൊണ്ട് പൂര്‍ത്തിയാക്കുന്ന മൂന്നു സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ 'ഏണ്‍ വൈല്‍ യു ലേണ്‍' പദ്ധതിയ്ക്ക് കീഴില്‍ വരുന്ന പരിശീലന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. പുറമേ നിന്നുള്ളവര്‍ നിശ്ചിത ഫീസ് ഒടുക്കണം. എട്ടാം ക്ലാസ് പാസ്സായ, 18 വയസ് തികഞ്ഞവർക്കും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവർക്കും നല്ല ശാരീരിക ക്ഷമതയുള്ളവർക്കും കോഴ്സില്‍ പങ്കെടുക്കാം.

അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് (7 ദിവസം– ഫീസ് 14,000 രൂപ), അഡ്വഞ്ചർ ആക്ടിവിറ്റി സൂപ്പർവൈസർ (8 ദിവസം- ഫീസ് 16,000 രൂപ), നേച്ചർ ഇന്റർപ്രെട്ടർ (8 ദിവസം- ഫീസ് 16,000 രൂപ) തുടങ്ങിയവയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വളർന്നുവരുന്ന സാഹസിക ടൂറിസം വിപണിയിലേക്ക് കടന്നുചെല്ലുന്നതിനും ടൂറിസം മേഖലയില്‍ വരുമാന സ്രോതസ്സ് കണ്ടെത്താനും യുവാക്കളെ സഹായിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ് പരിപാടി.
മൂന്നാര്‍ ഗവണ്മെന്‍റ് കോളേജിലെ പതിനെട്ടു വിദ്യാര്‍ത്ഥികളും, പുറമേ നിന്നുള്ള നാലുപേരുമടക്കം ആകെ 22 പേരാണ് ആദ്യ കോഴ്സില്‍ പങ്കെടുക്കുന്നത്. സാഹസിക ടൂറിസം ആക്റ്റിവിറ്റികള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്, സംസ്ഥാനത്തുടനീളം പരിശീലന പരിപാടി നടത്താനാണ് ആലോചിക്കുന്നത്. അടുത്തതായി വയനാട്ടില്‍ പരിശീലനം ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതിലൂടെ ഈ വര്‍ഷം ഏകദേശം 300 യുവാക്കൾക്ക് പരിശീലനം നൽകാനാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.
ടൂറിസം സെന്‍ററുകളില്‍ പരിശീലകര്‍ കുറവ്
സര്‍ക്കാരിനു കീഴിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അഡ്വഞ്ചര്‍ പാര്‍ക്കുകളിലും പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ കുറവ് നന്നായുണ്ട്. ഇതുമൂലം സുരക്ഷാപ്രശ്നങ്ങള്‍ അടക്കം, പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സംസ്ഥാനം നേരിടുന്നുണ്ട്. പുതിയ പദ്ധതി പ്രകാരം പരിശീലനം കഴിഞ്ഞിറങ്ങുന്ന യുവാക്കള്‍ക്ക് ഇവിടങ്ങളില്‍ ജോലി ചെയ്യാം. അതുവഴി ടൂറിസ്റ്റുകള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും യുവാക്കള്‍ക്ക് ഒരു വരുമാന മാര്‍ഗം കണ്ടെത്താനും കഴിയുമെന്ന് കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം ആര്‍ മനോരമ ഓൺലൈനോടു പറഞ്ഞു.

മൗണ്ടൻ സൈക്ലിങ്, പാരാഗ്ലൈഡിങ്, സർഫിങ് പോലെയുള്ള ഒട്ടേറെ രാജ്യാന്തര ഇവന്റുകൾ കേരളം സംഘടിപ്പിക്കുന്നുണ്ട്. എങ്കിലും ഈ മേഖലയെ നന്നായി അറിയുന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകള്‍ക്ക് ക്ഷാമമുണ്ട്. നിലവിൽ, ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാന വ്യക്തികളാണ്. അതിനാൽ, ഇതുപോലുള്ള പരിശീലന പരിപാടികൾ പ്രാദേശിക യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കും. റാഫ്റ്റിങ്, സർഫിങ് പോലുള്ള ജല സാഹസിക കായിക ഇനങ്ങളിലും പരിശീലനങ്ങൾ ഉണ്ടാകും.




പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്ന ആളുകള്‍ക്ക്, സര്‍ക്കാര്‍, സര്‍ക്കാരിതര സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ മികച്ച വേതനത്തില്‍ ജോലി ചെയ്യാനാകും.
സാഹസിക ടൂറിസം കോഴ്സുകള്‍ക്ക് അക്കാദമി ആരംഭിക്കും
സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകള്‍ക്കായി ഒരു അക്കാദമി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ് പറഞ്ഞു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമി നിലവില്‍ വന്നാല്‍, ഇത്തരം കോഴ്സുകള്‍ മുഴുവനും അക്കാദമിക്ക് കീഴിലായിരിക്കും നടത്തുന്നത്.

സാഹസിക ടൂറിസം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമെന്ന് പറയുന്നത് ക്വാളിഫൈഡ് ആയ ജീവനക്കാരാണ്. മതിയായ യോഗ്യതയുള്ള സ്റ്റാഫ് ഉണ്ടെങ്കില്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാനാവൂ. 2019 ല്‍ ഇന്ത്യയില്‍ ആദ്യമായി കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, സാഹസിക ടൂറിസത്തിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. സര്‍ക്കാര്‍ അംഗീകരിച്ച ഈ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് കേരളത്തിലെ സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ക്ക് റജിസ്ട്രേഷന്‍ നല്‍കുന്നത്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശമായിരുന്നു, യോഗ്യതയുള്ള സ്റ്റാഫ് എന്നത്. ഇത്തരം ഇടങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് പരിശീലനം നല്‍കാനുള്ള സ്ഥാപനങ്ങള്‍ നിലവില്‍ കേരളത്തില്‍ ഇല്ല. അങ്ങനെയാണ് ടൂറിസം വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം, കിറ്റ്‌സുമായി ചേര്‍ന്ന് കോഴ്സുകള്‍ ആരംഭിച്ചത്.

ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന കോഴ്സില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ശാസ്താംപാറ, ആക്കുളം അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ഔട്ട്ഡോര്‍ ട്രെയിനിങ് നല്‍കുന്നത്. തിരുവനന്തപുരത്തുള്ള കിറ്റ്സിന്‍റെ ഓഫീസില്‍ വച്ച് ക്ലാസുകളും നല്‍കുന്നു.
മറ്റു ജില്ലകളിലും ഉടന്‍ തന്നെ പദ്ധതി ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2329539 / +91 81298 16664